#ദിനസരികള് 717


സച്ചിദാനന്ദന് മനസ്സിലാകാത്തതും ജനാധിപത്യത്തിന് മനസിലാകുന്നതും.
          വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള തീരുമാനമുണ്ടായത് സങ്കുചിതമനസ്സുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരുടെ ശ്രമഫലമായിട്ടാണെന്നും രാഹുലിനെപ്പോലെയുള്ള ഒരു ദേശീയ നേതാവ് ആ ശ്രമങ്ങള്‍ക്ക് കീഴടങ്ങരുതായിരുന്നുവെന്നും വിലയിരുത്തുന്ന കവി സച്ചിദാനന്ദന്‍ എന്നിരുന്നാല്‍ത്തനെയും ജനാധിപത്യത്തിന്റെ സംരക്ഷണം എന്ന ലക്ഷ്യത്തെ മുന്‍നിറുത്തി പ്രതിപക്ഷകക്ഷികളടക്കം അദ്ദേഹത്തെ നിരുപാധികമായി പിന്തുണക്കണമായിരുന്നുവെന്ന് ശഠിക്കുന്നു. സമയം വൈകിയിട്ടില്ലെന്നും ദേശീയ താല്പര്യങ്ങളെ മുന്‍നിറുത്തി ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയെന്നത് ഇനിയും സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ വര്‍ത്തമാനകാല പരിതസ്ഥിതികളെക്കുറിച്ച് ധാരണയുള്ള സച്ചിദാനന്ദനെപ്പോലെയുള്ള ഒരാള്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടു വെയ്ക്കുമ്പോള്‍ കുലങ്കഷമായി പരിശോധിക്കേണ്ടത് ഓരോ ജനാധിപത്യവാദികളുടേയും കടമയാണ്.
          ഒരു പക്ഷേ രാജ്യം നേരിടുന്നത് ജനാധിപത്യക്രമത്തിലെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ ഭയപ്പെടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്.ഹിന്ദുത്വവാദികളുടെ അക്രമാസക്തമായ നടപടികളാല്‍ കലങ്ങിമറിയുന്ന സാമൂഹ്യജീവിതം ഓരോ ദിവസംചെല്ലുന്തോറും കൂടുതല്‍ കൂടുതലായി മതാത്മകമായിക്കൊണ്ടിരിക്കുന്നു.മറ്റെല്ലാ മൂല്യങ്ങളേയും അപ്രസക്തമാക്കിക്കൊണ്ട് ഇതരമത വിശ്വാസികളെ അന്യവത്കരിക്കുകയും അതുകൊണ്ടുതന്നെ അവര്‍ ആക്രമിക്കപ്പെടാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടാണ് നരേന്ദ്രമോഡിയും കൂട്ടരും തന്റെ അഞ്ചുകൊല്ലം പൂര്‍ത്തിയാക്കുന്നത്. ഇനി ഒരഞ്ചുകൊല്ലം കൂടി മോഡി ഭരണത്തില്‍ തുടര്‍ന്നാല്‍ നമ്മുടെ രാജ്യത്തിന് കാവല്‍ നില്ക്കുന്ന ഭരണഘടനയടക്കമുള്ള എല്ലാ അടിസ്ഥാനമൂല്യങ്ങളും എന്നന്നേക്കുമായി അട്ടിമറിക്കപ്പെടുകയും മനുവാദികളായ ഒരു കൂട്ടരുടെ നരനായാട്ടുകള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുകയും ചെയ്യും. ഇത് ഹിന്ദുവിരുദ്ധമനസ്സുകള്‍ ഊതി വീര്‍പ്പിക്കുന്ന വെറും ഭയമല്ല മറിച്ച് രാജ്യത്ത് നിലനില്ക്കുന്ന അവസ്ഥതന്നെയാണ്.
          ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് മതേതര കക്ഷികള്‍ 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ തങ്ങളുടെ അജണ്ട നിശ്ചയിക്കുന്നത്.വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളേയും നയങ്ങളേയും താല്പര്യങ്ങളേയും പിന്‍പറ്റുന്ന അത്തരം പാര്‍ട്ടികള്‍ വിശാലമായ അര്‍ത്ഥത്തില്‍ മതേതരത്വത്തിന്റ വിജയം മുന്നില്‍ കണ്ടുകൊണ്ട് ഒരു പൊതു അജണ്ട നിശ്ചയിക്കുകയും താന്താങ്ങളുടെ സാധ്യതകളെ സമര്‍ത്ഥമായും എന്നാല്‍ ഒന്നൊന്നിനെ ദുര്‍ബലപ്പെടാത്ത രീതിയിലും പ്രയോഗിക്കേണ്ടതുണ്ട്.തീര്‍ച്ചയായും ഈ വിശാലമായ സഖ്യരൂപീകരണത്തിന് മുന്നിട്ടിറങ്ങേണ്ട ബാധ്യത ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ട്.എന്നാല്‍ ആ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു വീഴ്ചക്ക് തയ്യാറാകാതെയും തങ്ങളുടെ അപ്രമാദിത്വംഅംഗീകരിച്ചുകൊണ്ട് മറ്റുള്ളവര്‍ കൂടെ നില്ക്കണമെന്ന് വാശിപിടിച്ചും നശിപ്പിക്കുന്നത് ഇന്ത്യ പ്രതീക്ഷിക്കുന്ന മതേതരമുന്നേറ്റങ്ങളെയാണ്.
          കോണ്‍‌ഗ്രസിന്റെ പിടിവാശിക്ക് എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ബംഗാളില്‍ സി പി ഐ എമ്മിന്റെ രണ്ടു സിറ്റിംഗ് സീറ്റുകള്‍ക്കു വേണ്ടി വാശിപിടിച്ചതും യു പിയില്‍ എസ്പിയും ബി എസ് പിയുമായി സഖ്യമുണ്ടാക്കാന്‍ കഴിയാതെ പോയതും പരിശോധിക്കുക. ബംഗാളില്‍ രണ്ടു പാര്‍ട്ടികളും പരസ്പരം പോരാടാന്‍ ഉറച്ചു നില്ക്കുന്നു. യു പിയില്‍ പക്ഷേ അഖിലേഷ് യാദവിന്റെ  എസ് പിയും മായാവതിയുടെ ബി എസ് പിയും അജിത് സിംഗിന്റെ ആര്‍ എല്‍ ഡിയുമടക്കമുള്ള കക്ഷികള്‍ സമവായത്തിലേക്ക് എത്തിയെങ്കിലും കോണ്‍ഗ്രസിന് അവിടെ ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ രാഹുലും സോണിയാ ഗാന്ധിയും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കില്ലെന്ന് യു പി യിലെ കോണ്‍ഗ്രസേതര സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്.ഇവയൊക്കെത്തന്നെ സാഹചര്യങ്ങളെ വിശകലനം ചെയ്യുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച സംഭവിക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങളാണ്.
          ഹിന്ദി മേഖലകളിലെ നിയമസഭ ഇലക്ഷനുകളില്‍ മതേതരസഖ്യത്തിന് വലിയ മുന്നേറ്റമുണ്ടായത് കാണാതിരിക്കരുത്. രാജസ്ഥാനിലും ഛത്തീസ് ഗഡിലും മധ്യപ്രദേശിലും കര്‍ണാടകയിലും കോണ്‍ഗ്രസ് ഭരിക്കുന്നു.ഒറീസയും തെലങ്കാനയും ബംഗാളും ആന്ധ്രയും  തമിഴ്നാടും കേരളവും മതേതരകക്ഷികളുടെ കൈകളിലാണ്. യു പി അടക്കമുള്ള ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഒരു തരത്തിലും അവരെ പിന്തുണക്കുന്നതുമല്ല.പല കാരണങ്ങള്‍‌കൊണ്ടും ബി ജെ പിയ്ക്കും അവരുടെ മുന്നണിയ്ക്കും പ്രതികൂലമായ സാഹചര്യങ്ങളാണ് ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആ സാഹചര്യത്തെ ഫലപ്രദമായി ഏകോപിപ്പിച്ചു കൊണ്ടുപോകാന്‍ മുന്നിട്ടിറങ്ങേണ്ട കോണ്‍ഗ്രസ് പടക്കളത്തില്‍ പാളിപ്പോയ നീക്കങ്ങള്‍ കൊണ്ട് ഒറ്റപ്പെട്ടു നില്ക്കുന്നു.
          ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം പരിശോധിക്കപ്പെടേണ്ടത്.
          ആരാണ് ഈ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ ശത്രു എന്ന ചോദ്യമാണ് രാഹുല്‍ നേരിടേണ്ടത്.ബി ജെ പിയ്ക്ക് പ്രാമുഖ്യമുള്ള മേഖലകളില്‍ നിന്നും പരാജയം ഭയന്ന് ഇടതുപക്ഷ കക്ഷികള്‍ക്ക് വേരോട്ടമുള്ള ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലം തിരഞ്ഞെടുക്കുമ്പോള്‍ രാഹുല്‍ എന്തു സന്ദേശമാണ് ലോകത്തിന് നല്കുന്നത് എന്നതാണ്  അടിസ്ഥാനപരമായി ഉന്നയിക്കപ്പെടുന്ന പ്രശ്നം.
          ബി ജെ പിയുടെ മുന്നില്‍ പിടിച്ചു നില്ക്കാന്‍ ശേഷിയില്ലാതെ ഭാവി പ്രധാനമന്ത്രിയെന്നും പ്രതിപക്ഷ നേതാവെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന രാഹുല്‍ ഒളിച്ചോടുമ്പോള്‍ സന്തോഷിക്കുന്നത് സംഘപരിവാരം തന്നെയായിരിക്കും. അവര്‍ അതിനെ സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്യും.ആ അര്‍ത്ഥത്തിലുള്ള ധാരാളം പ്രസ്താവനകള്‍ നരേന്ദ്രമോഡിയും കൂട്ടരും നടത്തുന്നുണ്ടെന്നതുകൂടി ശ്രദ്ധിക്കുക.
          ഇന്ത്യയില്‍ മതേതരത്വത്തിനോട് വിട്ടുവീഴ്ചയില്ലാത്ത വിധേയത്വം കാണിക്കുന്ന ഇടതുപക്ഷത്തോട് മത്സരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസിന് രാഷ്ട്രീയ മെയ് വഴക്കമില്ലന്നതിന്റെ ഉദാഹരണമാണ്.അത് എത്രയോ ആളുകള്‍ ചൂണ്ടിക്കാണിച്ചിട്ടും കോണ്‍‌ഗ്രസിന്റെ ബുദ്ധികേന്ദ്രങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്നത് അതിദയനീയം തന്നെയാണ്.അതേ സമയം തന്നെ ബി ജെ പി മുഖ്യ എതിരാളിയായി വരുന്ന ഏതെങ്കിലും മണ്ഡലത്തിലാണ് രാഹുല്‍ മത്സരിക്കുന്നതെങ്കില്‍ ദക്ഷിണേന്ത്യയിലെ സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള തന്ത്രപരമായ നീക്കമാണിതെന്ന കോണ്‍ഗ്രസ് വാദത്തിനെ ഒരല്പമെങ്കിലും വകവെച്ചുകൊടുക്കാമായിരുന്നു.എന്നു മാത്രവുമല്ല രാഹുല്‍ ഗാന്ധിയുടെ നീക്കം ഇടതുപക്ഷത്തെ ശിഥിലമാക്കി കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്ന വാദത്തിനും പ്രസക്തിയുണ്ട്.
          ഇന്ത്യയിലെ മതനിരപേക്ഷ നീക്കങ്ങളുടെ മുനയൊടിച്ചു കൊണ്ട് അതിവിശാലമായ ഒരു പോര്‍ക്കളത്തെ സംഘപരിവറിന് ഏകപക്ഷീയമായി തീറെഴുതിക്കൊണ്ട് പ്രതിപക്ഷകക്ഷികളുടെ അമരക്കാരന്‍ ഒഴിഞ്ഞു പോകുമ്പോള്‍ അസ്തമിക്കുന്നത് ജനാധിപത്യ മനസ്സുകളുടെ പ്രതീക്ഷകളാണ്. അതുകൊണ്ടാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വമുണ്ടാക്കുന്ന അപകടത്തെ ഇടതുപക്ഷം ചൂണ്ടിക്കാണിക്കുന്നത്.
          ഈ സാഹചര്യങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ടു വേണമായിരുന്നു സച്ചിദാനന്ദനെപ്പോലെയുള്ള ഒരാള്‍ ഇടപെടേണ്ടിയിരുന്നത്. നിര്‍ഭാഗ്യമെന്നുപറയട്ടെ അദ്ദേഹം വിഷയത്തെ അതീവഗുരുതരമായ വിധത്തില്‍ ലഘൂകരിച്ചു.അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെന്ന വ്യക്തിയല്ല രാഷ്ട്രവും രാഷ്ട്രീയവുമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് ആലോചിക്കാന്‍ കഴിയാതെ പോയത്. ആ ലഘുകരണം ഇടതുപക്ഷത്തെയടക്കം പ്രതിക്കൂട്ടിലേക്കാനയിച്ചു. വി എസ് അച്ചുതാനന്ദന്‍ ബി ജെ പിയുടെ ഭാഷ സംസാരിക്കുന്നുവെന്ന ആരോപണത്തിലെ കുടിലത നാം കാണാതിരുന്നു കൂട.
          അപ്പോള്‍ അവസാനത്തെ ചോദ്യം ഇതാണ്. കോണ്‍ഗ്രസാണ് മുഖ്യ എതിരാളി എന്നു കരുതുന്നവര്‍ ബി ജെ പിയെ സഹായിക്കുകയാണ് എന്നാണ് വാദമെങ്കില്‍ ഇടതുപക്ഷമാണ് മുഖ്യഎതിരാളി എന്നു പ്രഖ്യാപിക്കുന്ന കോണ്‍ഗ്രസ് ഈ നാടിനോട് ചെയ്യുന്നതെന്താണ് ?         ട്രപ്പീസുകളിക്കാരന്റെ മെയ്‌വഴക്കത്തോടെ ഇടത്തും വലത്തും ചാഞ്ഞു നടക്കുകയല്ല ഇക്കാലത്ത് ബുദ്ധിജീവികള്‍ ചെയ്യേണ്ടത് ,മറിച്ച് മതേതര പക്ഷത്ത് ഉറച്ചു നിന്നുകൊണ്ട് ആ ചേരിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍‌ പിടിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അവസാനത്തെ നാളുകളെ നേരിടുന്ന ഇക്കാലങ്ങളില്‍ പ്രത്യേകിച്ചും.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം