#ദിനസരികള് 709
ബി ഡി ജെ എസ് അഥവാ
ഗുരുവിരുദ്ധ സേന.
നാരായണ ഗുരുവിന്റെ അധ്യക്ഷതയില്‍ 1903 മെയ് പതിനഞ്ചിനാണ് ശ്രീ
നാരായണ ധര്‍മ്മ പരിപാലന യോഗം അഥവാ എസ് എന്‍ ഡി പി രൂപം കൊള്ളുന്നത്. കേരളത്തിന്റെ
നവോത്ഥാനമുന്നേറ്റങ്ങളില്‍ ഒരു കാലത്ത് സജീവമായ പങ്കു വഹിച്ച ആ പ്രസ്ഥാനത്തിന്റെ
വിജയകരമായ പ്രയാണം കണ്ടാണ് കേരളത്തില്‍ അക്കാലത്ത് വിവിധ സംഘടനകള്‍
രൂപംകൊള്ളുന്നത്. അവയൊക്കെ സമൂഹനവീകരണത്തില്‍ ഉജ്ജ്വലമായ പങ്കു വഹിക്കുകയും
ചെയ്തു.
ശ്രീനാരായണന്റെ കാഴ്ചപ്പാടുകളുണ്ടാക്കിയ
വെളിച്ചത്തിലായിരുന്നു എസ് എന്‍ ഡി പി പ്രവര്‍ത്തിച്ചു തുടങ്ങിയത്. ആരാധിക്കുവാനും
വഴി നടക്കുവാനും അവകാശമില്ലാത്ത ഒരു ജനതയുടെ മുഴുവന്‍ കര്‍മ്മശേഷിയും ജാതീയമായ
കല്പനകളുടെ ഇരുള്‍ വഴികളില്‍ അടിഞ്ഞമര്‍ന്നു കിടന്നിരുന്നു. സവര്‍ണരുടെ
നീതിശാസ്ത്രങ്ങളായിരുന്നു സമുഹത്തിന്റെ നിയമങ്ങള്‍ നിശ്ചയിച്ചിരുന്നത്.
അതൊരിക്കലും അടിച്ചമര്‍ത്തപ്പെട്ടവരെ പരിഗണിച്ചിരുന്നില്ല.എന്നാലോ ഇത്തരത്തിലുള്ള കെടുതികള്‍ തങ്ങളുടെ
വിധിയാണെന്ന് പ്രഖ്യാപിച്ച് സമാശ്വാസം കൊള്ളുകയായിരുന്നു താഴെത്തട്ടിലെ ജനത
ചെയ്തിരുന്നത്. സവര്‍ണ ജാതിക്കാര്‍ അറിഞ്ഞനുവദിച്ചു പോന്ന എന്തെങ്കിലുമുണ്ടെങ്കില്‍
അതനുഭവിക്കുക എന്നതിനപ്പുറം മറ്റെന്തെങ്കിലും ആലോചിക്കാന്‍ പോലും കഴിയാതിരുന്നവരെ
നാരായണ ഗുരു അടിച്ചുണര്‍ത്തി.ഗുരു സൃഷ്ടിച്ച ഓരോ കൈവഴിയും അവരെ കൂടുതല്‍ കൂടുതല്‍ വെളിച്ചത്തിലേക്ക്
ആനയിച്ചു.
ഈഴവരും തീയരും അടങ്ങുന്ന താഴ്ന്ന
സമുദായത്തില്‍പ്പെട്ടവരെ ജാതിവാദികളായ സവര്‍ണരില്‍ നിന്ന് മോചിപ്പിച്ചെടുക്കുകയെന്നത്
അത്ര നിസാരമായ ഒന്നായിരുന്നില്ല. ആ വെല്ലുവിളി ഗുരു സ്വയം ഏറ്റെടുത്തുകൊണ്ട് സവര്‍ണരെ
വെല്ലുവിളിച്ച് ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. ആ ക്ഷേത്രങ്ങളിലാകട്ടെ അവര്‍ണരുടെ
ദൈവങ്ങളെയല്ല പ്രതിഷ്ഠിച്ചതെന്നതായിരുന്നു ഏറ്റവും സൂക്ഷ്മമായി വായിച്ചെടുക്കേണ്ട
പ്രധാനപ്പെട്ട സവിശേഷത. വൈദികമായ ആചാരാനുഷ്ഠാനങ്ങളോടെ നടത്തി
വന്നിരുന്ന ബിംബ പ്രതിഷ്ഠാപനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം അപ്പോള്‍
മുങ്ങിയെടുത്ത കല്ലുകളെ സ്ഥാപിച്ചതു വഴി ബ്രാഹ്മണികമായ ആചാരങ്ങളെ വെല്ലുവിളിച്ചു.തങ്ങള്‍
മാത്രമാണ് പ്രതിഷ്ഠകള്‍ക്കുള്ള അവകാശികള്‍ എന്ന വാദത്തെയാണ് ഗുരു
നിരാകരിച്ചത്.അതോടൊപ്പം ദൈവങ്ങളെ ആരുടേയും വരുതികളില്‍ പെടുത്തി
വെയ്ക്കേണ്ടവയല്ലെന്നു കൂടി അദ്ദേഹം സ്ഥാപിച്ചെടുത്തു.
അങ്ങനെ എത്രയെത്ര
അനാചാരങ്ങളെ അന്ധവിശ്വാസങ്ങളെയൊക്കെ മാറ്റിയെടുക്കാന്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കു
കഴിഞ്ഞു. അധകൃതനു പഠിക്കാനുള്ള അവകാശമായി. വഴി നടക്കാനുള്ള സ്വാതന്ത്ര്യമായി.
ബ്രാഹ്മണന്റെ കല്പനകളല്ല മനുഷ്യ പക്ഷത്തു നിന്നുകൊണ്ട് വിതരണം ചെയ്യപ്പെടുന്നതും
തുല്യവുമായ നീതിബോധമായിരിക്കണം നമ്മെ നയിക്കേണ്ടത് എന്ന ധാരണ പൊതുസമൂഹത്തില്‍
രൂഢമൂലമായി.പടിപടിയായി കൂടുതല്‍ സ്വതന്ത്രമായ സമൂഹങ്ങളിലേക്ക് നടന്നു
കയറി.അതൊക്കെയും ഗുരുവിനെപ്പോലും എതിര്‍ത്തു നില്ക്കാന്‍ ധൈര്യം കാണിച്ച
യാഥാസ്ഥിതികരെ വെല്ലു വിളിച്ചു കൊണ്ടായിരുന്നു.
1928 ല്‍ ശ്രീനാരായണ ഗുരു തനിക്കുള്ള മുഴുവന്‍ വസ്തുവഹകളും
എസ് എന്‍ ഡി പിയുടെ പേരില്‍ എഴുതിവെച്ചു.ഏറെ വൈകാതെ സെപ്തംബര്‍ ഇരുപതിന് ഗുരു
അന്തരിച്ചു.അദ്ദേഹത്തിന്റെ ആശയങ്ങളേയും ദര്‍ശനങ്ങളേയും നടപ്പിലാക്കാന്‍ നിയുക്തരായ
ധര്‍മ്മ പരിപാലന യോഗം ഗുരുവില്ലാത്ത ലോകത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഗുരരുവിന്റെ അഭിലാഷം പോലെ എസ് എന്‍ ഡി പി കേരളത്തില്‍ നിര്‍ണായക
സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള സമുദായ സംഘടനയായി വളര്‍ന്നു. ഭൌതിക ശക്തിയില്‍
അവര്‍ വലിയ നേട്ടം കൊയ്തു. രാഷ്ട്രീയമായ ഇടപെടലുകള്‍ക്കുള്ള ശേഷി വര്‍ദ്ധിപ്പിക്കുക
എന്ന ഉദ്ദേശത്തോടെ എസ് എന്‍ ഡി പി ഭാരതീയ ധര്‍മ്മ ജന സേന എന്ന പേരില്‍ 2015
ഡിസംബര്‍ അഞ്ചിന് ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു.
എന്നാല്‍ ഗുരുവില്‍ നിന്നും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളില്‍
നിന്നും അവര്‍ ഏറെ അകന്നിരുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ പിന്‍പറ്റുന്ന
ഒന്നും തന്നെ –
എസ് എന്‍ ഡി പി എന്ന പേരല്ലാതെ അവശേഷിക്കുന്നില്ലായിരുന്നു. സങ്കുചിതത്വങ്ങളില്‍
കൂടുതല്‍ സങ്കുചിതത്വത്തിലേക്കാണ് അവര്‍ സഞ്ചരിച്ചത്. എന്തിനു വേണ്ടിയാണോ ഗുരു
പോരാടിയത് ആ പോരാട്ടങ്ങളേയും അതു മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളേയും യോഗം
തൃണവത്ഗണിച്ചു.
എസ് എന്‍ ഡി പിയുടെ നേതൃത്വം , ബി ഡി ജെ എസിനെ ബി ജെ പിയുടെ
കൊടിക്കീഴില്‍ കൊണ്ടു കെട്ടാന്‍ തീരുമാനിച്ചത് ഗുരുനിഷേധത്തിന്റെ പൂര്‍ത്തീകരണമായിരുന്നു.സവര്‍ണ
ജാതീയ സങ്കല്പങ്ങളെ പിന്‍പറ്റുന്ന ബ്രാഹ്മണ പാര്‍ട്ടിയായ ബി ജെ പി യുമായി ചേര്‍ന്ന്
ബി ഡി ജെ എസിന് ഒന്നും ചെയ്യാനില്ല എന്നതായിരുന്നു വാസ്തവം. എന്നാല്‍ ആ
പ്രസ്ഥാനത്തെ നയിക്കുന്നവരുടെ തെറ്റായ കാഴ്ചപ്പാടുകളും പിടിവാശികളും യോഗത്തെ
തെറ്റില്‍ നിന്നും കൂടുതല്‍ തെറ്റിലേക്ക് നയിച്ചു.എവിടെയാണോ ഒരിക്കലും യോഗം
എത്തിച്ചേരാന് പാടില്ലാത്തത് അതേ തൊഴുത്തിലേക്ക് അവര്‍ ചെന്നുകയറി.
നാരായണ ഗുരുവിന്റെ ആശയങ്ങള്‍ക്ക് നേര്‍വിപരീതമായി
സഞ്ചരിക്കുന്ന ഇക്കൂട്ടരെക്കുറിച്ച് ഗുരുഭക്തര്‍ ഇനിയെങ്കിലും
ആലോചിക്കേണ്ടിയിരിക്കുന്നു. നവോത്ഥാന കേരളത്തെ സൃഷ്ടിച്ചെടുക്കാന്‍ തന്റെ
ജീവിതത്തെ സമര്‍പ്പിച്ച ശ്രീനാരായണനോട് നമുക്ക് എന്തെങ്കിലും
ഉത്തരവാദിത്തമുണ്ടെങ്കില്‍ യോഗത്തെ ആധുനിക കാലത്തിനനുസരിച്ച് സമൂഹത്തില്‍
വെളിച്ചും വിതറിക്കൊണ്ട് നയിക്കുകയെന്നതാണ്.അതുകൊണ്ട് ശ്രീനാരായണനേയും അദ്ദേഹം
നേതൃത്വം കൊടുത്ത പ്രസ്ഥാനത്തേയും വീണ്ടെടുക്കുന്നതിന് നാം
മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.
Comments