#ദിനസരികള് 568
മലയാളികളെ സംബന്ധിച്ച് അരിയും നെല്ലുമില്ലാത്ത ഒരാഘോഷവുമില്ല എന്നുതന്നെ പറയാം.നെല്ലുകൊണ്ട് നിറപറയും അരികൊണ്ടു നിറ വെയ്ക്കുന്നതും മാവുകൊണ്ട് അണിയല് നടത്തുന്നതുമൊക്കെ പ്രധാനപ്പെട്ടതാണ്.രാജാവിന്റെ അരിയിട്ടു വാഴ്ചയും ജോലിക്കാര്ക്ക് അരിയും കോപ്പും നല്കലും വായ്ക്കരി നല്കി മരിച്ചയാളെ യാത്രയാക്കലുമൊക്കെ ഇങ്ങനെ ഉണ്ടായി വന്നതാണ്. നെല്ലുകളില് അമ്പതിനത്തിന്റേയും അഞ്ഞൂറിനത്തിന്റേയുമൊക്കെ വിത്തുനാമങ്ങള് ശ്രുതിപ്പെട്ടിരുന്നുവെന്ന് ഗ്രന്ഥകാരന് സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിക്കിരാഴിയും ജീരകച്ചെമ്പാവും മുണ്ടകനും ഞവരക്കിഴിയുമൊക്കെയല്ലാതെ മറ്റു പേരുകള് പുസ്തകത്തിലില്ല എന്നതൊരു പോരായ്മ തന്നെയാണ്.
നിറപറയും പുത്തരിയൂണും പോലെയുള്ള കാര്ഷികോത്സവങ്ങള് നിലവിലുണ്ടായിരുന്നെങ്കിലും അതെല്ലാം ജന്മിമാരുടെ ആഘോഷങ്ങളായിരുന്നു. “കാര്ഷിക വര്ഷത്തിന്റെ അവസാന ദിവസമാണ് ഉച്ചേര എന്ന ആഘോഷം.രണ്ടാം വിളവെടുപ്പ് ഇതിനകം നടന്നു കഴിഞ്ഞിരിക്കും.ചൂടുകാലം ആരംഭിക്കുന്നതുകൊണ്ട് ഭൂമിദേവി അടുത്ത മഴക്കാലം വരുന്നതുവരെ വിശ്രമത്തിലാണെന്നാണു പരക്കെയുള്ള വിശ്വാസം.ഇതിന്റെ തുടക്കത്തില് ഭൂമിദേവി പുഷ്പിണിയായെന്നു കരുതി ചില ആഘോഷ പരിപാടികള് മലയാളികള് നടത്തുന്നു.അപ്പോള് നെല്ലറകളെല്ലാം മൂന്നു ദിവസത്തേക്ക് അടച്ചിടും.ഈ ദിവസങ്ങളിലൊന്നും നെല്ലെടുക്കില്ല. വില്ക്കില്ല.കൃഷിയായുധങ്ങളൊന്നും തൊടുക പോലുമില്ല.ഒന്നാം ദിവസം സന്ധ്യക്കു മുമ്പ് നെല്ലറകള് പൂട്ടിയിരിക്കും.മുള്ളും ചൂലും ചാണകവും കതകിലൊട്ടിച്ചുവെച്ച് അതിനു മീതെ ഭസ്മം വിതറുന്നു.അടുത്ത രണ്ടു ദിവസങ്ങള് ഒഴിവു ദിവസങ്ങളാണ്.അന്നു വീടു തൂക്കില്ല.തറ ചാണകം തേച്ചു മെഴുകില്ല.തോട്ടങ്ങള് നനയ്ക്കുകയോ വൃത്തിയാക്കുകയോ ഇല്ല. നാലാം പക്കം നെല്ലറകള് തുറക്കും.അന്ന് ഒരു കുട്ട നിറയെ ഇലകള് നിലത്തില് കൊണ്ടുപോയി കത്തിക്കുന്നു.കുറച്ചു വളവും വിതറും.കൃഷിക്കാരന് അധികാരം ഉറപ്പിച്ചെടുക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ കത്തിക്കലും വിതറലും. ചെര്പ്പുളശ്ശേരിയിലേയും മൈലക്കാട്ടേയും മറ്റും ഉച്ചാര ഉത്സവങ്ങള് പ്രസിദ്ധങ്ങളായിരുന്നു.”പുത്തരിയുത്സവങ്ങളില് ഇലക്കറികള്ക്ക് പ്രാധാന്യമുണ്ടായിരുന്നു. പുത്തരിച്ചുണ്ട, തകര, പയറ്, വഴുതിന (?), കുമ്പളം, താള്, ചീര, മത്തന്, ചേന, മുരിങ്ങ എന്നിങ്ങനെ വിവിധങ്ങളായ ഇലകളായിരുന്നു ഉപയോഗിച്ചിരുന്നത്.തവിടുകൊണ്ടുള്ള അപ്പവും പ്രധാനപ്പെട്ട വിഭവമായിരുന്നു.
കൃഷിയുമായി ബന്ധപ്പെട്ട് കാലങ്ങളായി രൂപപ്പെട്ടുവന്ന പരമ്പരാഗതമായ അറിവുകളോടൊപ്പം അന്ധവിശ്വാസജന്യമായ അനുഷ്ഠാനങ്ങളും നിലവിലുണ്ടായിരുന്നു. ശാസ്ത്രത്തിന്റെ സഹായം ഇന്നത്തെക്കാലത്തെപ്പോലെ ലഭ്യമല്ലാതിരുന്ന അക്കാലത്ത് മഴയ്ക്കുവേണ്ടിയും നല്ല വിളവിനു വേണ്ടിയും വിവിധങ്ങളായ പൂജകളും ബലികളുമൊക്കെ നിലവിലുണ്ടായിരുന്നു. പ്രകൃതിശക്തികളെ നിയന്ത്രിക്കുവാനോ അവയുടെ ഗതിവിഗതികളെ മനസ്സിലാക്കാനോ ദുര്ബലരായ ഒരു ജനതക്ക് അതീതശക്തികളെ വിശ്വാസത്തിലെടുക്കുക എന്നതല്ലാതെ മറ്റു പോംവഴികളില്ലല്ലോ. അതുകൊണ്ടുതന്നെ സാര്വ്വത്രികമായി ഭൂമിപൂജയും ദൈവപ്രീതിക്കായി മറ്റുത്സവങ്ങളും നടന്നുപോന്നു.നിലമുഴാനും വിത്തിറക്കാനും വിളവുകിട്ടാനും കൊയ്തെടുക്കാനുമൊക്കെ ഓരോരോ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലവിലുണ്ടായിരുന്നു.
Comments