#ദിനസരികള് 563


അമിത് ഷായ്ക്ക് മറുപടി പറയാന് കേരളത്തോടൊപ്പം കൈകോര്ത്ത ദളിതു നേതാവ് മായാവതിക്ക് നാം നന്ദി പറയുക. കേരളത്തിന്റെ ചരിത്രത്തെ മറന്നുകൊണ്ട് വര്ത്തമാനകാലത്തിലെ മതതീവ്രവാദികളുടെ നിലപാടുകളെ പിന്പറ്റി വിശ്വാസത്തെമുന്നിറുത്തി , സങ്കുചിത ശക്തികള് ഉണ്ടാക്കിയെടുക്കാന് ശ്രമിക്കുന്ന ജാത്യാധിഷ്ടിതവും ശ്രേണീബദ്ധവുമായ സാമൂഹികക്രമത്തിലെ അക്രമത്തെക്കുറിച്ച് അനുഭവജ്ഞാനമുള്ള ഒരു പരമ്പരയുടെ ഇങ്ങേയറ്റത്തെ കണ്ണി എന്ന നിലയില് ഈ ഐക്യദാര്ഡ്യത്തിന് സവിശേഷമായ പ്രാധാന്യവും പ്രസക്തിയുമുണ്ട്.മതപരമായ ധ്രുവീകരണങ്ങള് നടത്തി രാഷ്ട്രീയമായി മുതലെടുക്കുക എന്ന സ്ഥിരം സംഘപരിവാര് ശൈലി കേരളത്തിന് അപകടകരമാണെന്ന് മായാവതി തിരിച്ചറിഞ്ഞിട്ടുണ്ട് എന്നുതന്നെയാണ് സുപ്രിംകോടതിക്കും അതുവഴി ഭരണഘടനക്കുമെതിരെ അമിത് ഷാ നടത്തിയ ജനാധിപത്യവിരുദ്ധമായ അഭിപ്രായത്തിനെതിരെയുള്ള നിലപാട് സൂചിപ്പിക്കുന്നത്.ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രിംകോടതിയുടെ വിധിയില് എതിരഭിപ്രായമുണ്ടെങ്കില് അവര് റോഡുകളിലിറങ്ങി ആഭാസത്തരം കാണിക്കുകയല്ല , മറിച്ച് സുപ്രിംകോടതിയെത്തന്നെ ശരണംപ്രാപിക്കുകയാണ് വേണ്ടതെന്ന് മായാവതി പറയുന്നത് കേരളത്തിലെ ജനത വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. കൂടാതെ സര്ക്കാറിനെ പിരിച്ചുവിടുമെന്നൊക്കെ ഭയപ്പെടുത്തുന്നത് ഭരണഘടനക്കും ജനാധിപത്യത്തിനുമെതിരെയുള്ള വെല്ലുവിളിയാണെന്നും അവര് കൂട്ടിച്ചേര്ക്കുന്നു.

ഭരണഘടന കത്തിക്കണമെന്ന് താഴെത്തട്ടിലെ അല്പന്മാരും ഭരണഘടനയല്ല തങ്ങള് പറയുന്നതാണ് അനുസരിക്കേണ്ടതെന്ന് മുകള്ത്തട്ടിലെ തമ്പൂരാക്കന്മാരും അരുളിച്ചെയ്യുമ്പോള് സംഘപരിവാരം എന്തുകൊണ്ടാണ് ഭരണഘടനേയയും അതു നല്കുന്ന സ്വാതന്ത്ര്യങ്ങളേയും ഇത്രയധികം ഭയപ്പെടുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനപരമായ ജൈവസ്വഭാവത്തെ , തങ്ങളുടെ പൌരന്മാര്ക്കിടയില് തുല്യനീതി വിതരണം ചെയ്യപ്പെടണമെന്ന അടിസ്ഥാനസങ്കല്പത്തെ മാനിച്ചു പോകാന് സംഘപരിവാറിന് കഴിയാത്തതിനു പിന്നില് സവര്ണജാതികളുടെ അജണ്ട തന്നെയാണ്.ബ്രാഹ്മണനും ചണ്ഡാലനും ഒരേ നിയമം എന്ന കാഴ്ചപ്പാട് സ്വാതന്ത്ര്യലഭിച്ചിട്ട് ഇത്രയും കാലമായിട്ടും അവര്ക്ക് ഇനിയും ദഹിക്കാതെ കിടക്കുകയാണ്.അതുകൊണ്ടാണ് ഭരണഘടനയെ നിരന്തരം ചര്ച്ചകളില് സജീവമായി നിലനിറുത്തിയും അതിന്റെ ആന്തരികമായ ദാര്ഡ്യങ്ങളെ അപലപിച്ചും ജനങ്ങളില് ഭരണഘടനാ വിരുദ്ധത ഉണ്ടാക്കിയെടുക്കാന് ബി ജെപിയും കൂട്ടാളികളും ശ്രമിക്കുന്നത്. അഹൈന്ദവമായതല്ല ഹൈന്ദവമായ ഭരണഘടനയാണ് വേണ്ടതെന്ന പ്രഖ്യാപനമാണ് ഇത്തരത്തിലൂള്ള ഓരോ നീക്കത്തിന്റേയും പിന്നില് പ്രവര്ത്തിക്കുന്നു.



ഇതു തിരിച്ചറിയാന് ശബരിമലയുടെ പേരില് വികാരംകൊള്ളുന്ന അധകൃത ജനതക്കെങ്കിലും കഴിയണം.നിങ്ങള് തീകത്തിച്ച് തിളപ്പിച്ചെടുക്കുന്നത് പണ്ട് നിങ്ങളുടെ പിതാക്കന്മാര് പുളച്ചതെന്നു പറഞ്ഞ് ഓടയിലൊഴുക്കിയതാണെന്ന തിരിച്ചറിവുണ്ടാകണം. എങ്കില് മാത്രമേ മതജാതി വര്ഗ്ഗീയതയുടെ കടന്നുകയറ്റങ്ങള്ക്കു നേരെയുള്ള പ്രതിരോധങ്ങള് ഫലവത്താകൂ. കേവലമൊരു രാഷ്ട്രീയപാര്ട്ടിയുടെയോ അവരുടെ സാമൂഹ്യവീക്ഷണത്തിന്റേയോ മാത്രം പ്രശ്നമല്ല ഇത് , മറിച്ച് നാളെയും ഇവിടെ ജനിക്കാനിരിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങല് വീണ്ടും കുമ്പിളില് കഞ്ഞികുടിക്കാതിരിക്കുന്നതിനു വേണ്ടിയുള്ള ജാഗ്രതയാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1