#ദിനസരികള് 565


            അപശൂദ്രാധികരണം ബ്രഹ്മസൂത്രത്തിന്റേയും വ്യാഖ്യാതാവ് എന്ന നിലയില്‍ ആദിശങ്കരന്റേയും ജാത്യാധിഷ്ഠിതമായ മനോനിലയെ വെളിപ്പെടുത്തുന്നു.ഇതു തിരിച്ചറിഞ്ഞ പലരും ശങ്കരനേയും വേദങ്ങളേയും  ന്യായീകരിക്കുന്നതിനുവേണ്ടി അപശൂദ്രാധികരണം പ്രക്ഷിപ്തമാണെന്ന് വാദിച്ചു. ശൃണ്വന്തു വിശ്വോ അമൃതസ്യ പുത്രാ എന്ന് ലോകത്തെ അഭിവാദ്യം ചെയ്ത ഒരു ദര്‍ശനത്തില്‍ ഇത്തരം സ്ഖലിതങ്ങള്‍ വന്നുകൂടുന്നത് അപരാധമായിരിക്കുമല്ലോ. അതുകൊണ്ടാണ് അപശൂദ്രാധികരണം പ്രക്ഷിപ്തമാണെന്ന് വാദിക്കപ്പെട്ടത്. വര്‍ണക്രമത്തിലെ ഉയര്‍ന്നവരെ മാത്രമാണ് അനശ്വരരേ എന്ന് അഭിവാദ്യം ചെയ്തത് എന്നു തിരിച്ചറിയുമ്പോഴാണ് എത്രമാത്രം കാപട്യം പേറുന്ന ഒരു ആശയത്തെയാണ് ഏകത്വദര്‍ശനം എന്ന പേരില്‍ അവതരിപ്പിക്കുന്നതെന്ന് മനസ്സിലാക്കുക.
            ദ്വാപരേ ഭഗവാന്‍ വ്യാസ , കലൌ ശ്രീശങ്കരസ്വയം എന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന ശങ്കരന്‍ അപശുദ്രാധികരണത്തില്‍ വരുന്ന അഞ്ചു സൂത്രങ്ങളും അവക്കെഴുതിയ വ്യാഖ്യാനങ്ങളും താഴെക്കൊടുക്കുന്നു. വൈദികകാലഘട്ടത്തിലെ ജാതീകൃതമായ സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ ഇവ വ്യക്തമാക്കുന്നു.ബ്രഹ്മസൂത്രം ഒന്നാം അധ്യായത്തിലെ ഒമ്പതാം അധികരണമാണ് അപശൂദ്രാധികരണം
1.ശുഗസ്യതദനാദരശ്രവണാത്തദാദ്രവണാത് സൂച്യതേ ഹി
            (  മനുഷ്യന് വിദ്യയില്‍ അധികാരം എന്നാണ് സാമാന്യേന ആദ്യനിശ്ചയം.അതിനെ നീക്കി ദേവാദികള്‍ക്കും അധികാരമുണ്ടെന്ന് കഴിഞ്ഞ അധികരണത്തില്‍ സ്ഥാപിച്ചുവല്ലോ.അതുപോലെത്തന്നെ ദ്വിജന്മാരല്ലാത്ത ശൂദ്രജാതിക്കും ബ്രഹ്മവിദ്യയില്‍ അധികാരമുണ്ടാകാം എന്ന ശങ്കയെ പരിഹരിപ്പാനാണ് ഈ അധികരണം ആരംഭിക്കപ്പെട്ടിരിക്കുന്നത്.
            ശുദ്രനും ബ്രഹ്മവിദ്യയില്‍ അധികാരമുണ്ടെന്ന് പൂര്‍വ്വ പക്ഷം പറയുന്നു.ശൂദ്രനും അറിയേണമെന്ന ആഗ്രഹവും അതിനുള്ള സാമര്‍ത്ഥ്യവുമുണ്ടല്ലോ.അതുകൊണ്ട് അധികാരമുണ്ട്. പണ്ഡിറ്റ് പി ഗോപാലന്‍ നായരുടെ ഭാഷാന്തരം )

2.ക്ഷത്രിയത്വഗതേ ശ്ചോത്തരത്ര ചൈത്ര രഥേന ലിംഗാത്
            (പിന്നീട് ക്ഷത്രിയനായ ചൈത്രരഥനോട് ചേര്‍ത്ത് ജാനശ്രൂതിയെപ്പറ്റി പറഞ്ഞതും അദ്ദേഹത്തിന്റെ ക്ഷത്രിയത്വത്തിന് തെളിവാണ് പനോളി )
3.സംസ്കാരപരാമര്‍ശാത്തദ ഭാവാഭിലാപാച്ച
            ഈ സംഗതി കൊണ്ടും ശൂദ്രന് അധികാരമില്ല.എന്തുകൊണ്ടെന്നാല്‍ വിധ്യയെക്കുറിച്ച് ഉപദേശിക്കുന്ന വേദഭാഗങ്ങളില്‍ ഉപനയനാദി സംസ്കാരങ്ങള്‍ ഉണ്ടായിരിക്കേണം എന്നു പറയപ്പെട്ടിരിക്കുന്നു. (കട)
4.തദഭാവനിര്‍ധാരണേ ച പ്രവൃത്തേ
            (ശൂദ്രനല്ലെന്നു തീരുമാനിക്കപ്പെട്ടതിനു ശേഷമേ ഗൌതമന്‍ സത്യകാമനെ ഉപയനയിച്ചതായി കാണുന്നുള്ളു കട)
5.ശ്രവണാധ്യയനാര്‍ഥ പ്രതിഷേധാത് സ്മൃതേശ്ച
            വേദം പഠിക്കുന്നതിനും അര്‍ത്ഥം മനസ്സിലാക്കുന്നതിനും വേദം കേള്‍ക്കുന്നതിനും സ്മൃതി ശൂദ്രന് വിലക്കു കല്പിച്ചിട്ടുണ്ട് എന്നതുകൊണ്ടും ശൂദ്രന് അര്‍ഹതയില്ല.
            അപശൂദ്രാധികരണം സവര്‍ണതയെ പിന്താങ്ങുന്നതാണ്.ശൂദ്രനെ മനുഷ്യരായി പരിഗണിക്കുന്നില്ലയെന്നാണ് ഈ അധികരണം വ്യക്തമാക്കുന്നത്.ബ്രാഹ്മണ്യം നിര്‍മ്മിച്ചുവെച്ച നിയമങ്ങളെ വിശ്വാസത്തിന്റെ പേരില്‍ ആധികാരികമാക്കി അവതരിപ്പിച്ചെടുക്കുകയാണ് ശങ്കരന്‍ ചെയ്തിട്ടുള്ളത്.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1