#ദിനസരികള്‍ 567
പത്തൊമ്പതാം നൂറ്റാണ്ടിലെ ഭക്ഷണശീലങ്ങളെക്കുറിച്ചാണ് ഒന്നാം അധ്യായം പ്രതിപാദിക്കുന്നത്.1409 ല്‍
കേരളം സന്ദര്ശിച്ച മാഹ്വന് എന്ന ചീനസഞ്ചാരി പ്രധാന ഭക്ഷണങ്ങളായി കണ്ടെത്തിയത് നെല്ലും ചോളവും തെനയും വക്കുനാരു(?)മായിരുന്നു. ദക്ഷിണേന്ത്യയായിരുന്നു നെല്ലിന്റെ പ്രധാന കേന്ദ്രം.
പരശുരാമനാണ് കൃഷിശാസ്ത്രം അഭ്യസിപ്പിക്കുന്നതിനു വേണ്ടി കേരളകല്പമെന്ന സംസ്കൃത കൃഷികാവ്യം രചിച്ചതെന്ന് കരുതപ്പെടുന്നു. അതോടൊപ്പം മഴമംഗലം ശങ്കരന് നമ്പൂതിരിയുടെ കാലദീപമെന്ന് കൃഷികാവ്യവും നിലവിലുണ്ടായിരുന്നു.കൃഷിയെക്കുറിച്ച് സവര്‍ണരെക്കാള്‍ കൂടുതല്‍ അറിവ് അവര്ണര്ക്കുണ്ടായിരുന്നു. കൃഷിയെ ഈശ്വരീയമായ ഒരു കര്മ്മപദ്ധതിയായിട്ടാണ് അവര്‍ കണ്ടത്. കൃഷിയെ സംബന്ധിച്ച് അന്ന് നിലവിലുണ്ടായിരുന്ന അറിവ് തലമുറ തലമുറയായി കൈമാറി വന്ന ഒന്നായിരുന്നതുകൊണ്ട് ആധുനികകാലത്തും അവയില്‍ ഭൂരിഭാഗവും പ്രയോഗക്ഷമമാണ്.
ഇവിടെ നിന്നു ലഭ്യമായ അയിര് ശുദ്ധീകരിച്ച് കൊല്ലന്മാര് നിര്‍മിച്ച കൃഷി ഉപകരണങ്ങളുപയോഗിച്ച് ഏതു സ്ഥലവും കൃഷിക്കു ഇണങ്ങുന്നതായി പരുവപ്പെടുത്തിയെടുത്തു.കാലാവസ്ഥയെക്കുറിച്ചുള്ള അറിവ് കൃഷിയുടെ വിളവിനെ സഹായിക്കുന്ന രീതിയില്‍ ഉപയോഗപ്പെടുത്തി.ആറുതവണ ഉഴുത്, കണ്ടമാക്കി തിരിച്ച് അവര്‍ നെല്ല് കൃഷി ചെയ്തു.എന്നാല്‍ കൃഷി ചില സംബന്ധമായ അന്ധവിശ്വാസങ്ങളും നിലനിന്നിരുന്നു.
കൃഷി നടത്താന്‍ അയോഗ്യന്മാരായി കല്‍പിക്കപ്പെട്ടവരില്‍ ദൈവത്തോടു ഭക്തിയില്ലാത്തവരും , ബ്രാഹ്മണനെ ബഹുമാനിക്കാത്തവരും ഗുരുത്വമില്ലാത്തവരും ആവശ്യമായ പണിയായുധങ്ങളില്ലാത്തവരും മുതലായവരാണ്. വര്ഗ്ഗപരമായി വായിച്ചെടുക്കുകയാണെങ്കില്‍ ഉത്പാദനോപാധികള്‍ കൈവശമുള്ളവനു മാത്രം കൃഷി എന്ന രീതിയാണ് അനുവര്ത്തിക്കുന്നതെന്ന് കാണാം.അതു സൂചിപ്പിക്കുന്നത് സമുഹത്തിലെ ബലവാന്മാര്ക്കും സവര്ണര്ക്കും മാത്രമാണ് അഭംഗുരമായി കൃഷി ചെയ്യുവാന്‍ കഴിഞ്ഞിരുന്നതെന്നാണ്.
കൃഷിയില്‍ ഉപയോഗിക്കേണ്ട മൃഗങ്ങളുടെ ലക്ഷണവും നിര്ണയിക്കപ്പെട്ടിരുന്നു.നീണ്ട കുളമ്പുള്ളവയേയും ചെറിയ വാലുള്ളവയേയും വളഞ്ഞ നട്ടെല്ലുള്ളവയേയും മറ്റും ഉപയോഗിക്കരുതെന്ന് നിര്ദ്ദേശിക്കുന്നുണ്ട്.ഇതെല്ലാം അവയുടെ ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന് കൃത്യമായ പഠനങ്ങളൊന്നുമില്ലയെങ്കിലും ഇതും ദീര്ഘകാലമായി നിലനിന്നുപോരുന്ന അറിവുകളുടെ തുടര്ച്ചയാണ്.
കാര്ഷിക വര്ഷപ്പിറവി മേടം ഒന്നിനാണ്.ജ്യോതിഷിയുടെ സഹായത്തോടെ വിത്തിടാന്‍ നല്ല ദിവസം നിശ്ചയിക്കുകയും നിശ്ചയിച്ച ദിവസം വിവിധ ആഘോഷങ്ങളോടെ നടാന്‍ തയ്യാറാക്കിയ വിത്ത് നടീല്‍ നടുകയും ചെയ്യുന്നു.വിത്ത് നടീലുമായി വിവിധ തരം ആചാരങ്ങളും ഫലം കാണലുമൊക്കെ നടക്കുന്നു.
Comments