#ദിനസരികള് 549
പറയനും പാണനും ഉള്ളാടനും നായരും തീയനും നമ്പൂതിരിയും തോളോടുതോള് ചേര്ന്നു നില്ക്കുന്ന കാഴ്ച കാണുമ്പോള് കേരളത്തിന്റെ ജാതി ചരിത്രം അറിയുന്ന ഏതൊരാളും ഒരല്പം അഭിമാനത്തോടെ തലയുയര്ത്തിപ്പിടിച്ചുപോകുമെന്ന കാര്യത്തില് സംശയമില്ല. അത്രമാത്രം നികൃഷ്ടവും നിഷ്ഠൂരവുമായിട്ടായിരുന്നു കീഴാളജാതിക്കാരോട് മേലാളന്മാര് ഇടപെട്ടിരുന്നത്.അവര്ക്ക് വഴി നടക്കുവാനോ ക്ഷേത്രത്തില് പ്രവേശിക്കുവാനോ വിദ്യ അഭ്യസിക്കുവാനോ വസ്ത്രം ധരിക്കുവാനോ പൊതുഇടങ്ങള് ഉപയോഗിക്കാനോ കേരളത്തില് സാധ്യമായിരുന്നില്ല. സവര്ണന്റെ പറമ്പിലെ മണ്ണില് കുഴികുത്തി അതില് കഞ്ഞിയൊഴിച്ച് കുടിച്ചിരുന്ന ഒരു വിഭാഗത്തിലെ ജനങ്ങള് ഇന്ന് അതേ സവര്ണനൊപ്പം സവര്ണസങ്കല്പങ്ങളെ സംരക്ഷിക്കാനുള്ള വ്യഗ്രതയില് നാമജപസമരങ്ങളിലേര്‌പ്പെട്ടിരിക്കുന്നതു കാണുമ്പോള് എന്റെ ശിരസ്സ് അഭിമാനത്തിനു പകരം അപമാനം കൊണ്ട് നിലംതൊടുന്നു.
വിശ്വാസത്തിന്റെ പേരിലാണ് എല്ലാം നടന്നതും നടക്കുന്നതുമെന്ന വസ്തുത നമ്മുടെ നാട്ടിലെ ദളിത ജനവിഭാഗം മറന്നുപോകരുത്.ഈശ്വര വിശ്വാസമെന്ന ആയുധത്തെ സമര്ത്ഥമായി വിനിയോഗിച്ചുകൊണ്ടാണ് കീഴാള വര്ഗ്ഗത്തെ നൂറ്റാണ്ടുകളോളം നമ്മുടെ സവര്ണ ബ്രാഹ്മണ സംഘം അടിമകളാക്കി അടിച്ചമര്ത്തി വെച്ചതെന്ന ചരിത്രം മറ്റാരു മറന്നാലും ഇന്നത്തെക്കാലത്ത് ദളിതുവര്ഗ്ഗത്തിന് ഓര്മയിലുണ്ടാകണം. ആര്ത്തവം അശുദ്ധിയാണെന്ന സവര്ണന്റെ വിധി നടപ്പില് വരുത്തുവാന് തെരുവോരങ്ങളില് തൊണ്ടപൊട്ടിക്കുന്ന ദളിതന് ഈ ചരിത്രം പഠിക്കണം. സ്ത്രീകളെ ഒതുക്കിനിറുത്തുവാന് എല്ലാക്കാലത്തും പയറ്റിയിരുന്ന കുത്സിതങ്ങളിലൊന്നായിരുന്നു ഈ വിധിയെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇന്ത്യയുടെ പരമാധികാരക്കോടതി , സവര്ണന്റെ വിധിയെ തള്ളിക്കളഞ്ഞുകൊണ്ട് ജനാധിപത്യത്തിന്റെ വിധി പകരം വെച്ചതെന്ന് ദളിതന് മനസ്സിലാക്കണം.തീണ്ടാപ്പാടകലെ മാറ്റിനിറുത്തിയും കണ്ണില് പെട്ടാല് തല്ലിക്കൊന്നും മുലകൊടുക്കാനുള്ള അവകാശംപോലുമില്ലാതെ ജീവിച്ചുപോയ നിങ്ങളുടെ പൂര്വ്വപിതാക്കന്മാരോട് ഒരല്പമെങ്കിലും നീതി പുലര്ത്തണമെന്ന് നിങ്ങള് കരുതുന്നുവെങ്കില് ശരിയേതാണെന്ന് ഓരോ ദളിതനും തിരിച്ചറിയണം.
കേരളത്തിന്റെ ചരിത്രം സവര്ണതയോടുള്ള ഏറ്റുമുട്ടലിന്റെ ചരിത്രം കൂടിയാണ്. സവര്ണനും അവര്ണനും മനുഷ്യരെന്ന നിലയില് തുല്യരാണെന്നും ഒരു തരത്തിലുള്ള കോയ്മകളും ജാതിയുടെ പേരില് അനുവദിച്ചുകൂടെന്നുമാണ് ആധുനിക കേരളം ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സവര്ണന് പൂജാരിയായിരുന്ന ക്ഷേത്രങ്ങളിലേക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ ദളിതനെ പൂജ ചെയ്യാന് ഇന്നാട്ടിലെ സര്ക്കാര് നിയോഗിച്ചത്. ബ്രാഹ്മണരുടേയും പൂജാരിമാരുടേയും സംഘടന ദളിതരെ പൂജാരിമാരാക്കുന്നതിനെതിരെ ഉന്നയിച്ച വാദമുഖങ്ങള് നാം കേട്ടതുമാണല്ലോ. ദളിതനൊപ്പം നിന്ന , നില്ക്കുന്ന ഒരു സര്‌ക്കാറിനെ സുപ്രീംകോടതിവിധിയുടെ മറവില് പ്രതിക്കൂട്ടില് നിറുത്തി രാഷ്ട്രീയമായി വിചാരണ ചെയ്ത് മുതലെടുപ്പു നടത്താനുള്ള നീക്കങ്ങളില് ദളിതന് പങ്കുപറ്റുന്നുവെങ്കില് അത് അശ്ലീലമാകുന്നു, ചരിത്രത്തിന്റെ നിഷേധമാകുന്നു.
അതുകൊണ്ട് ദളിതനായ സുഹൃത്തേ , കവലകളില് നിന്നും സവര്ണബ്രാഹ്മണന് വിളിച്ചു തരുന്ന മുദ്രാവാക്യങ്ങളെ ഏറ്റുവിളിച്ച് തൊണ്ടപൊട്ടിക്കുന്നതിനു മുമ്പ് നിങ്ങളുടെ ദളിതു സഹോദരന് പൂജാരിയായിരിക്കുന്ന ക്ഷേത്രങ്ങളില് നിന്ന് ഈ രാഹുല് ഈശ്വരന്മാരായ ബ്രാഹ്മണരില് എത്ര പേര് പ്രസാദം വാങ്ങും എന്ന് ഒന്ന് അന്വേഷിച്ചു പറയാമോ?
Comments