#ദിനസരികള്‍ 545


ബുദ്ധചരിതം || അംബേദ്കര്

2. § വംശം


1.മഹാനായ യുക്തിവാദി കപിലനു ശേഷമായിരിക്കണം ഒരു പക്ഷേ ശാക്യന്മാരുടെ തലസ്ഥാന നഗരം കപിലവസ്തു എന്നറിയിപ്പെടാന് തുടങ്ങിയത്

2. കപിലവസ്തുവില് ജയസേനഎന്നൊരു ശാക്യന് ജീവിച്ചിരുന്നു.അവരുടെ മകന്റെ പേര് സിനാഹു എന്നായിരുന്നു.സിനാഹു കച്ചനയെ വിവാഹം കഴിക്കുകയും അവര്ക്ക് ശുദ്ധോദനന് ,ധോട്ടോധനന് , സക്കോധനന് ശുക്ലോധനന് , അമിതോധനന് എന്നിങ്ങനെ പുത്രന്മാരുണ്ടായി.കൂടാതെ അമിത, പമിത എന്നിങ്ങനെ രണ്ടു പെണ്മക്കളുമുണ്ടായി.

3. ആ കുടുംബം ആദിത്യഗോത്രത്തില് പെട്ടതായിരുന്നു.

4.അഞ്ജനന്റേയും സുലക്ഷണയുടേയും മകളായ മഹാമായയെയാണ് ശുദ്ധോധനന് വിവാഹം കഴിച്ചത്.കോളിയ വംശജനായിരുന്ന അഞ്ജനന് ദേവദഹ എന്ന ഗ്രാമത്തിലായിരുന്നു ജീവിച്ചിരുന്നത്.

5.രണവീരനായിരുന്നു ശുദ്ധോധനന്. അതുകൊണ്ടു അദ്ദേഹത്തിന് രണ്ടാമതൊരു വിവാഹം കഴിക്കാനുള്ള അനുവാദം ലഭിച്ചതിനാല് മഹാമായയുടെ ജ്യേഷ്ടത്തിയായ മഹാപ്രജാപതിയെ അദ്ദേഹം ഭാര്യയായി സ്വീകരിച്ചു.

6.ശുദ്ധോദനന് ധനവാനായിരുന്നു.വളരെ വലിയെ ഭൂസമ്പത്തും പരിചാരകവൃന്ദവും അദ്ദേഹത്തിനുണ്ടായിരുന്നു.സ്ഥലമുഴുതു തീര്ക്കുവാന് ആയിരത്തോളം കലപ്പകളെങ്കിലും വേണ്ടിവരുമായിരുന്നത്രേ !

7. അനേകം കൊട്ടാരങ്ങളുണ്ടായിരുന്ന ശുദ്ധോധനന് ആഡംബരപൂര്ണമായ ജീവിതമാണ് നയിച്ചത്.

3. § ജനനം.

1.സിദ്ധാര്ത്ഥ ഗൌതമന് ശുദ്ധോധനന്റെ മകനായി ജനിച്ചു

2. ആഷാഢമാസക്കാലത്ത് ഉത്സവങ്ങള് നടത്തുകയെന്നത് ശാക്യരുടെ ഇടയിലെ ഒരാചാരമായിരുന്നു. രാജ്യത്തിലെ മുഴുവന് ജനങ്ങളും രാജകുടുംബാംഗങ്ങളും പ്രസ്തുത ഉത്സവത്തില് പങ്കെടുക്കുമായിരുന്നു.

3.ആഘോഷം ഏഴുദിവസക്കാലം നീണ്ടുനില്ക്കുന്നതായിരിക്കും

4. ഒരുത്സവക്കാലത്ത് മഹാമായ സര്വ്വാഭരണഭൂഷിതയായി സുഗന്ധദ്രവ്യങ്ങളും മനോഹരമായ പുക്കളുമൊക്കെയണിഞ്ഞ് സാഭിമാനം സന്തോഷത്തോടെ ഉത്സവത്തില് പങ്കെടുത്തു.ഉത്സവം നല്കുന്ന ആനന്ദം മാത്രമായിരുന്നു അവള്ക്ക് ലഹരി.

5. ഏഴാം ദിവസം അവള് നേരത്തെ എഴുന്നേറ്റു.സുഗന്ധദ്രവ്യങ്ങള് ചേര്ത്ത ജലത്തില് കുളിച്ചു.താന് ശേഖരിച്ചുവെച്ച നാലുലക്ഷം നാണയങ്ങള് ദാനമായി നല്കി.വിലപിടിപ്പുള്ള ആഭരണങ്ങള് അണിഞ്ഞു.ഏറ്റവും രുചിയുള്ള ഭക്ഷണങ്ങള് കഴിച്ചു.പ്രാര്ത്ഥനകള് കഴിച്ചു.രാജകീയ ശയ്യാഗൃഹത്തില് ചെന്ന് ഉറങ്ങാന് കിടന്നു

6.അന്നുരാത്രി മഹാമായ ശുദ്ധോധനനില് നിന്നും ഗര്ഭം ധരിച്ചു. അന്ന് ഉറക്കത്തില് അവളൊരു സ്വപ്നം കണ്ടു.

7.ലോകപാലകരായ നാലുപേര് അവളെ കട്ടിലോടെ ഉയര്ത്തിക്കൊണ്ടുപോയി ഹിമാലയത്തിലെ ഒരു സാലവൃക്ഷച്ചുവട്ടില് കൊണ്ടു പോയിവെച്ചിട്ട് ഒരു വശത്തേക്ക് മാറി നിന്നു.

8. അപ്പോള് നാലുപേരുടെയും ഭാര്യമാര് അങ്ങോട്ടു വരികയും അവളെ മാനസസരോവരത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

9.അവര് അവളെ കുളിപ്പിച്ചു.മനോഹരമായ വസ്ത്രം ധരിപ്പിച്ചു.സുഗന്ധതൈലങ്ങള് പൂശി.ഒരു ദേവിയെയെന്നവണ്ണം കല്യാണപുഷ്പങ്ങള് ചൂടിച്ചു.

10. അപ്പോള് സുമേധന് എന്നറിയപ്പെടുന്ന ബോധിസത്വന് പ്രത്യക്ഷപ്പെട്ട് അവളോടു ചോദിച്ചു.-” ഞാന് ഭൂമിയില് അവസാനമായി ജന്മം കൊള്ളാന് ആഗ്രഹിക്കുന്നു.ഭവതി എന്റെ അമ്മയായിരിക്കുമോ?” അവള് വളരെ സന്തോഷം എന്നു പ്രതിവചിച്ചതോടെ സ്വപ്നത്തില് നിന്നും ഉണര്ന്നു.

11. പ്രഭാതത്തില് തന്റെ സ്വപ്നത്തെക്കുറിച്ച് ഭര്ത്താവ് ശുദ്ധോധനനോട് അവള് പറഞ്ഞു. സ്വപ്നത്തെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന് അറിയാത്തതുകൊണ്ട് ഭവിഷ്യജ്ഞാനത്തില് വിജ്ഞാനമുള്ള എട്ടു ബ്രാഹ്മണരെ ശുദ്ധോധനന് വിളിച്ചുവരുത്തി.

12. അവര് രാമന്, ദഗന്, ലകാനന്, മന്തി,യന്നന്, സുയാമ,സുഭോഗ,സുദത്ത എന്നിവരായിരുന്നു.അദ്ദേഹം അവര്ക്ക് ഉചിതമായ വരവേല്പൊരുക്കി.

13.നടപ്പാതയാകെ പൂക്കള് വിരിച്ചു.അവര്ക്ക് ഇരിക്കാന് യോഗ്യമായ പീഠങ്ങളൊരുക്കി.

14.നെയ്യും തേനും മധരവുമൊക്കെച്ചേര്ത്ത് രുചിയേറ്റിയ ഭക്ഷണങ്ങള് നല്കി ശുദ്ധോധനന് ബ്രാഹ്മണരെ ഊട്ടുകയും അവര്ക്ക് വെള്ളിയും സ്വര്ണവും സമ്മാനിക്കുകയും ചെയ്തു.കൂടാതെ പുതിയ വസ്ത്രങ്ങളേയും പശുക്കളേയും സമ്മാനിച്ചു.

15. ബ്രാഹ്മണരെ പ്രസാദിപ്പിച്ചതിനു ശേഷം ശുദ്ധോധനന് മാഹാമായ കണ്ട സ്വപ്നത്തെക്കുറിച്ച് അവരോടു പറഞ്ഞുകൊണ്ട് അതിന്റെ അര്ത്ഥമെന്താണെന്നു ചോദിച്ചു.

16.ബ്രാഹ്മണര് പറഞ്ഞു.-“ആശങ്കപ്പെടാനൊന്നുമില്ല.അങ്ങേക്ക് ഒരു പുത്രനുണ്ടാകും.അവന് ഗൃഹസ്ഥനായിട്ടാണ് ജീവിക്കാന് പോകുന്നതെങ്കില് മഹാരാജാവായിത്തീരും.വീടുപേക്ഷിച്ചു പോകുവാനാണ് അവന് തീരുമാനിക്കുന്നതെങ്കില് അവനൊരു സന്യാസിയും ബുദ്ധനുമായിത്തീരും. മായയയില് അവന് ലോകത്തെ മുക്തമാക്കും.

17. ബോധിസത്വനെ പ്രസവം ധരിച്ച് പത്തുമാസക്കാലമായപ്പോള് തന്റെ പ്രസവം അടുത്തുവെന്ന് മനസ്സിലാക്കിയ മഹാമായ തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുവാന് തീരുമാനിച്ചു.അവള് ഭര്ത്താവിനോട് “എനിക്ക് എന്റെ അച്ഛന്റെ ദേശമായ ദേവദഹയിലേക്ക് പോകുവാന് ആഗ്രഹമുണ്ട്” എന്നറിയിച്ചു

18. നിന്റെ ഏതാഗ്രഹത്തേയും ഞാന് പൂര്ത്തിയാക്കിത്തരും എന്നു ശുദ്ധോധനന് മറുപടി പറഞ്ഞു.അദ്ദേഹം ധാരാളം പരിചാരകരും അകമ്പടിക്കാരുമായി മഹാമായയെ ഒരു സുവര്ണ പല്ലക്കിലിരുത്തി അവളുടെ അച്ഛന്റെ വീട്ടിലേക്കയച്ചു.

19. സാലവൃക്ഷങ്ങളും മറ്റും പൂത്തും തളിര്ത്തും നില്ക്കുന്ന മനോഹരമായ ലുംബിനി എന്ന ഉപവനത്തിലൂടെയായിരുന്നു ദേവദഹയിലേക്ക് പോകേണ്ടിയിരുന്നത്.

20. സ്വര്ഗ്ഗീയമായ ചിത്തലത എന്ന ഉദ്യാനം പോലെയും ഏതോ ശക്തനായ രാജാവിന്റെ വരവിനെ സ്വീകരിക്കാനൊരുക്കിയ പൂപ്പന്തല് പോലെയും ആ ഉദ്യാനം കാണപ്പെട്ടു.

21. വിവിധതരം പക്ഷികളുടെ കര്ണാനന്ദകരമായ കൂജനങ്ങളാലും ആകര്ഷകമായ നിരവധി വര്ണങ്ങളിലൂള്ള തേനീച്ചകളാല് സഞ്ചലിതമായും അടിമുടി പൂക്കളും കായ്കളും കനികളും നിറഞ്ഞും ആ ഉദ്യാനം തോന്നിച്ചു.

22.അതിമനോഹരമായ ആ ഉപവനത്തില് ഒരല്പനേരം ചിലവഴിക്കണമെന്ന് മഹാമായയ്ക്കു തോന്നി. അടുത്തു കണ്ട സാലവൃക്ഷത്തിനു ചുവട്ടിലേക്ക് തന്നെ എത്തിയ്ക്കാന് മഞ്ചല് ചുമക്കുന്നവരോട് അവള് ആവശ്യപ്പെട്ടു.

23.മഹാമായ പല്ലക്കില് നിന്നിറങ്ങി വലിയ സാലവൃക്ഷത്തിന്റെ ചുവട്ടിലേക്ക് നടന്നു.ഇളംകാറ്റില് ഉലഞ്ഞുവന്ന സാലവൃക്ഷത്തിന്റെ ഒരു ശാഖയില് പിടിക്കണമെന്ന് അവള്ക്കു തോന്നി.

24.ഭാഗ്യത്തിന് ഒരു ശിഖരം പിടിക്കാനാവുന്ന വിധത്തില് താഴേക്ക് വരികയും അവള് അതില് എത്തിപ്പിടിക്കുകയും ചെയ്തു.പെട്ടെന്ന് മരക്കൊമ്പ് മുകളിലേക്ക് ഉയര്ന്നപ്പോള് അവളുടെ ശരീരം ഇളകുകയും പ്രസവവേദന അനുഭവപ്പെടുകയും ചെയ്തു.സാലവൃക്ഷത്തിന്റെ കമ്പില് പിടിച്ചുനിന്നുകൊണ്ട് അവള് ഒരാണ് കുഞ്ഞിനു ജന്മം കൊടുത്തു.

25. വൈശാഖ പൌര്ണമി നാളില് ബി സി 563 ല് ആണ് മഹാമായക്കു കുഞ്ഞു പിറന്നത്.

26.വിവാഹം കഴിഞ്ഞിട്ടു ഏറെ നാളുകള്ക്കു ശേഷമുണ്ടായ കുട്ടിയുടെ ജനനത്തില് ശുദ്ധോധനനും മഹാമായയും അതിരറ്റ് ആഹ്ലാദിച്ചു.അവര് മാത്രമല്ല, ശാക്യവംശമൊന്നാകെ ആ ആഹ്ലാദത്തില് പങ്കുചേര്ന്നു.

27. ആ സമയത്ത് ശുദ്ധോധനനായിരുന്നു കപിലവസ്തുവിലെ രാജാവാകാന് അവസരമുണ്ടായിരുന്നത്.അതുകൊണ്ടുതന്നെ കുഞ്ഞ് രാജകുമാരനെന്ന് വിളിക്കപ്പെട്ടു.



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം