#ദിനസരികള്‍ 543


            കാര്‍ഷികമേഖലയില്‍ കോളനി വാഴ്ച അവശേഷിപ്പിച്ചത് എന്താണ് ? കൃഷിഗീത എന്ന നാട്ടറിവുകൃതിയെ പരിചയപ്പെടുത്തിക്കൊണ്ട് വേരു പറിഞ്ഞ കൃഷിപ്പണി എന്ന ലേഖനത്തില്‍ രാജന്‍ ഗുരിക്കള്‍ പറയുന്നതു കേള്‍ക്കുക മണ്ണിന്റെ തരവും മഴയുടെ തഞ്ചവും ഞാറ്റുവേലപ്പകര്‍ച്ചകളും നോക്കി ഉഴവും ഊര്‍ച്ചയും വിതയും കൊയ്ത്തും നടത്തിപ്പോന്ന നമ്മുടെ പാരമ്പര്യത്തെപ്പറ്റി, നെടുനാളത്തെ നിരീക്ഷണങ്ങളില്‍ നിന്നും പ്രയോഗങ്ങളില്‍ നിന്നും വിജയകരമെന്ന് ബോധ്യപ്പെട്ട രീതികളും വഴക്കങ്ങളുമുണ്ടായിരുന്നു.അവ കുന്നുകളും മലകളും പറമ്പുകളും പൊയിലുകളും നിറഞ്ഞ് പൊങ്ങിയും താണും കിടക്കുന്ന മലനാടിന്റെ പരിസ്ഥിതിക്ക് അനുകൂലമായി ഒരു കൃഷി സമ്പ്രദായം ചിട്ടപ്പെടുത്തി.മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സന്തുലനാത്മകമായ സഹവര്‍ത്തിത്വ വ്യവസ്ഥയായിരുന്നു അത്.കൊളോണിയല്‍ ഭരണം നമ്മുടെ തനതുകൃഷിരീതിയെ യാഥാസ്ഥിതിക സമ്പ്രദായത്തിന്റെ അശാസ്ത്രീയതയില്‍ മുരടിച്ചു നില്ക്കുന്നതായി വിലയിരുത്തി. ലാഭത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു മാറ്റം അനിവാര്യമാണെന്നു പ്രചരിപ്പിച്ചു.അങ്ങനെ നമുക്കു സ്വന്തമായിരുന്ന ഒരു കൃഷിസംസ്കാരത്തെ ഉപേക്ഷിക്കുന്നതിന് കളമൊരുങ്ങി
            കൃഷിഗീത , കൊളോണിയല്‍ ഭരണത്തിനു മുന്നേയുള്ള ഈ നാട്ടുരീതികളെക്കുറിച്ചാണ് പറയുന്നത്.നെടുനാളത്തെ പ്രവര്‍ത്തനം കൊണ്ടു മനസ്സിലാക്കിപ്പോന്ന അനുഭവത്തിന്റെ മണ്ഡലത്തില്‍ നിന്നുകൊണ്ടാണ് ഈ വാങ്മയം ഉരുവംകൊണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഖണ്ഡിതമായ രീതിയിലാണ് പല നിര്‍‌ദ്ദേശങ്ങളും നല്കുന്നതെന്ന് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു.നാലുപാദങ്ങളിലായിട്ടാണ് പുസ്തകത്തില്‍ കാര്യങ്ങള്‍ വിവരിക്കുന്നത്.ഒന്നാം പാദം വരും കാലത്തേക്ക് കാലത്തേക്കുള്ളൊരു കോപ്പുകള്‍ കരുതേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞുകൊണ്ട് ആരംഭിക്കുന്നു.തൊഴുത്തിന്റെ നിര്‍മിതി , കാലിശുശ്രൂഷ, ഉപകരണ സംഭരണം, ഭൂമി പാകപ്പെടുത്തല്‍ തുടങ്ങി അനുപേക്ഷണീയങ്ങളായ അനേകം മുന്‍കരുതലുകളെക്കുറിച്ച് അതില്‍ പറയുന്നു.ഭൂമിക്കുള്ളൊരു നന്മയും തിന്മയും വിവരിക്കുന്ന രണ്ടാം പാദത്തില്‍ മണ്ണിന്റെ സ്ഥിതിയും കാറ്റിന്റെ ഗതിയും അടിയിലെ നീരുറവകളും പ്രതിപാദനവിഷയങ്ങളാണ്.നെന്‍കൃഷിയെപ്പറ്റിയുള്ള ചിന്തകളാണ് ഈ ഭാഗത്തെ കാതല്‍.തിന വര്‍ഗങ്ങളേയും പയര്‍ വര്‍ഗ്ഗങ്ങളേയും പറ്റിപ്പറയുന്ന മൂന്നാം പാദത്തില്‍ ഭൂപ്രകൃതിഭേദങ്ങളനുസരിച്ച് ഓരോ ഞാറ്റു വേലയിലും ചെയ്യേണ്ട കൃഷിപ്പണികളെപ്പറ്റി എടുത്തുപറയുന്നു.വര്‍ഷപാതകണക്കുകളും കൃഷിയുടെ മുഹൂര്‍ത്തങ്ങളുമൊക്കെ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു.
            അനുഭവത്തിന്റെ വെളിച്ചത്തില്‍ പരുവപ്പെട്ടു വന്ന ബോധ്യങ്ങളെ ആധുനികകാലത്തോട് ഇണക്കിവെച്ചുകൊണ്ടു അപകോളനീകരണശ്രമങ്ങളിലേര്‍‌പ്പെടണമെന്ന് ഈ ലേഖനം ആവശ്യപ്പെടുന്നു.

           

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം