#ദിനസരികള് 506- നൂറു ദിവസം നൂറു പുസ്തകം – എഴുപത്തിയാറാം ദിവസം.‌




||കേരളീയ നവോത്ഥാനവും വാഗ്ഭടാനന്ദ ഗുരുവും കാതിയാളം അബൂബക്കര്‍||
            ശ്രീനാരായണനും വാഗ്ഭടാനന്ദനും തമ്മില്‍ 1914  മെയ് മാസം ആലുവയിലെ അദ്വൈതാശ്രമത്തില്‍ കൂടിക്കാഴ്ച നടന്നു. പ്രസ്തുത സമയത്ത് ഗുരുവും വാഗ്ഭടാനന്ദനുമായി താഴെ ചേര്‍ക്കുന്ന സംഭാഷണം നടന്നു.
വാഗ്ഭടാനന്ദന്‍  സ്വാമി അദ്വൈതിയാണല്ലോ അതുകൊണ്ടാണ് അങ്ങയെ സന്ദര്‍ശിക്കണമെന്ന് കുറച്ചു കാലമായി ആഗ്രഹിക്കുന്നത്.അതിനുള്ള ഭാഗ്യം ഇപ്പോഴാണ് ഉണ്ടായത്.
ഗുരു അതെ നാം അദ്വൈതി തന്നെ ഗുരുക്കളും അദ്വൈതിയല്ലേ? അപ്പോള്‍ നാം ഒന്നാണ്.
വാഗ്ഭടാനന്ദന്‍ - അങ്ങ് ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും പ്രതിഷ്ട നടത്തുകയും ചെയ്യുന്നുണ്ടല്ലോ.അദ്വൈതവും അതും തമ്മിലെങ്ങനെ പൊരുത്തപ്പെടും?
ഗുരു ജനങ്ങള്‍ സ്വൈരം തരണ്ടേ ? അവര്‍ക്കു ക്ഷേത്രം വേണം.പിന്നെ കുറേ ശുചിത്വമെങ്കിലുമുണ്ടാകുമല്ലോ എന്ന് നാമും വിചാരിച്ചു.
വാഗ്ഭടാനന്ദന്‍ - അങ്ങ് ഒരാചാര്യനാണ്.അങ്ങയുടെ സിദ്ധാന്തത്തിന്നു ജനങ്ങളെ വഴക്കിയെടുക്കേണ്ടതല്ലേ ?
ഗുരു നാം ആദ്യ കാലത്ത് അവരെ വിളിച്ചു.വിളി കേട്ട് ആരും വന്നില്ല.
വാഗ്ഭടാനന്ദന്‍ - തത്വവും യോഗസിദ്ധാന്തവും ക്ഷേത്രവിശ്വാസവും തമ്മിലൊരു ബന്ധമില്ലാത്തതുകൊണ്ട് ഞങ്ങള്‍ വിഗ്രഹാരാധനയെ ശക്തിപൂര്‍വ്വം എതിര്‍ക്കുന്നവരാണ്.
ശ്രീനാരായണന്‍ നല്ലതാണല്ലോ , നാമും നിങ്ങളുടെ പക്ഷക്കാരനാണ്. (വാഗ്ഭടാനന്ദന്റെ സമ്പൂര്‍ണകൃതികള്‍ പേജ് 10 -11 )
            ഇവിടെ സ്വപക്ഷം വളരെ ഭംഗിയായി അവതരിപ്പിക്കുന്ന വാഗ്ഭടാനന്ദനേയും പ്രതിരോധത്തിലാകുന്ന ശ്രീനാരായണനേയും  കാണുക. അവസാനം താങ്കളുടെ പക്ഷമാണ് നല്ലതെന്നും നാമും നിങ്ങളുടെ പക്ഷക്കാരനാണെന്നും ശ്രീനാരായണന് സമ്മതിക്കേണ്ടിവരുന്നുണ്ട്.തനിക്കു ശരിയെന്നു തോന്നുന്ന, താന്‍ സ്വാംശീകരിച്ച ചിന്തകളെ ആരോടും തുറന്നു പറയുന്ന ഒരു പ്രകൃതത്തിന് ഉടമയായിരുന്നു വാഗ്ഭടാനന്ദന്‍ എന്നറിയപ്പെട്ടിരുന്ന വയലേരി കുഞ്ഞിക്കണ്ണന്‍ അഥവാ വി കെ ഗുരിക്കള്‍. ശ്രീനാരായണനോടുപോലും ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നതിലെ വിപ്രതിപത്തി വെളിവാക്കിയത് ഈ അഭിപ്രായസ്ഥൈര്യത്തിന്റെ പിന്‍ബലത്തിലാണ്.1885 ഏപ്രില്‍ 25 നാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹം തനിക്ക് വാഗ്ഭടാനന്ദന്‍ എന്ന പേരു നല്കിയ തന്റെ ഗുരുവായ ബ്രഹ്മാനന്ദ ശിവയോഗിയോടും ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉന്നയിച്ച് പരസ്യമായി എതിര്‍ത്തിട്ടുണ്ട്.അധ്യാത്മയുദ്ധം അഥവാ ആനന്ദാദര്‍ശ പ്രധ്വംസനം എന്ന പേരില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച സമ്പൂര്‍ണ കൃതികള്‍ ശിവയോഗിയുടെ ചിന്തകളെ സധൈര്യം നേരിടുന്നതു കാണാം.ആശയത്തോടു മാത്രമേ തനിക്കു കടപ്പാടുള്ളു എന്നു സൂചിപ്പിക്കുന്നതിനുവേണ്ടി ലോകം ബഹുമാനത്തോടെ കാണുന്ന ബ്രഹ്മാനന്ദ ശിവയോഗിയെ ബ്രഹ്മാനന്ദന്‍ എന്നുപോലും വിളിക്കാന്‍ അദ്ദേഹം തയ്യാറാകുന്നുമുണ്ട്.
            1934 ലാണ് ഗാന്ധി ദളിതുവിഭാഗത്തെ ഹരിജനങ്ങള്‍ എന്ന് അഭിവാദ്യം ചെയ്യുന്നത്.എന്നാല്‍ അതിനുമെത്രയോ - 1914 ല്‍ - മുമ്പ് വാഗ്ഭടാനന്ദഗുരു അവരെ ഹരിയുടെ മക്കളെന്നു വിളിച്ചു. ഏവരും ബത ഹരിക്കുമക്കള്‍ എന്ന പേരില്‍ ശിവയോഗിവിലാസം മാസികയില്‍ അദ്ദേഹം എഴുതിയ കവിത സമ്പൂര്‍ണകൃതികളിലെ 193 മത്തെ പേജില്‍ നമുക്കു വായിക്കാം
           
            ഏവരും ബതം ഹരിക്കു മക്കളാ
            ണാവഴിക്കു സഹജങ്ങള്‍ സര്‍വരും
            ഏവമുള്ളിലുണരാത്ത മാനവ
            പ്പാവമെന്തിനു ജനിച്ചു ദൈവമേ എന്നും
            തീയരും കണിശരും കണക്കരും
            നായരും പറയര്‍ മറ്റു ജാതിയും
            ന്യായമോര്‍ക്കിലൊരു ഭേദമില്ല ; തെ
            ല്ലായതോര്‍പ്പതു നമുക്കു ഭൂഷണം എന്നു ഈ കവിതയില്‍ വാഗ്ഭടാനന്ദന്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഗാന്ധി പറഞ്ഞത് ഏറ്റുപാടാനേ പാണന്മാരുണ്ടായിരുന്നുള്ളുവെന്നതാണ് ഈ കഥയിലെ ദുര്യോഗം.
            1917 ല്‍ ആത്മവിദ്യാസംഘം സ്ഥാപിച്ചുകൊണ്ടു നിലനില്ക്കുന്ന എല്ലാ അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും എതിര്‍ക്കാന്‍ അദ്ദേഹം കോപ്പുകൂട്ടി.സ്വമതത്തിലുള്ള ധര്‍മ്മാഭാസങ്ങളേയും കാലക്രമേണ ജനിച്ചു വളര്‍ന്നുകൊണ്ടിരിക്കുന്ന അനാചാരങ്ങളേയും അനാചാരോപജീവികളായ പുരോഹിതന്മാരുടെ സ്വാര്‍ത്ഥപ്രകടന വ്യാമോഹങ്ങളേയും പ്രതിപദം ഉന്മൂലനം ചെയ്യുവാനാണ് ഈ സംഘം സ്ഥാപിക്കപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു.വാഗ്ഭടാനന്ദനെപ്പോലെയുള്ള പുരോഗമനേച്ഛുക്കളെ ജനങ്ങളിലേക്ക് കൂടുതല്‍ കൂടുതലായി എത്തിക്കേണ്ട ഈ സാഹചര്യത്തില്‍ ഈ പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ട്. എന്നാലും അമിതവിധേയത്വംകൊണ്ട് വാഗ്ഭടാനന്ദന്റെ ആദര്‍ശങ്ങളോടുപോലും കൂറുപുലര്‍ത്താന്‍ കഴിയാതെ കാടുകയറുന്ന ഗ്രന്ഥകാരനോടുള്ള വിയോജിപ്പു കൂടി രേഖപ്പെടുത്തട്ടെ. ചരിത്രപുരുഷനായ ഒരാളെ കുറച്ചൂകൂടി വസ്തുനിഷ്ഠമായും സമഗ്രമായും അവതരിപ്പിക്കാമായിരുന്നു.

പ്രസാധകര്എന്‍ ബി എസ് വില 110 രൂപ, ഒന്നാം പതിപ്പ് ആഗസ്റ്റ് 2016


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം