#ദിനസരികള് 500 - നൂറു ദിവസം നൂറു പുസ്തകം – എഴുപതാം ദിവസം.‌






||നോവല്‍ പഠനം ഡോ. എം എം ബഷീര്‍||
            പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോടുകൂടി പുറപ്പെട്ടുപോന്ന മലയാളനോവലിന്റെ ചരിത്രത്തേയും വര്‍ത്തമാനകാലത്തേയും കുറിച്ചുള്ള അന്വേഷണമാണ് ശ്രീ എം എം ബഷീര്‍ നോവല്‍ പഠനങ്ങളിലൂടെ നിര്‍വ്വഹിക്കുന്നത്.ഒരു ഹ്രസ്വകാലത്തെ ചരിത്രം മാത്രം അവകാശപ്പെടാനുള്ള നമ്മുടെ നോവല്‍ സാഹിത്യരംഗം, പാശ്ചാത്യരെ സംബന്ധിച്ച് സര്‍ഗ്ഗാത്മകമായ വളരെ കുറച്ചു പരീക്ഷണങ്ങളെ മാത്രമാണ് അഭിമുഖീകരിച്ചിട്ടുള്ളതെന്ന അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.ആധുനിക കലാസങ്കേതങ്ങള്‍ ഏറ്റവും അധികം പ്രത്യക്ഷപ്പെട്ട സാഹിത്യരൂപം നോവലാണ്.പാശ്ചാത്യ സാഹിത്യനോവലില്‍ എല്ലാത്തരം സങ്കേതങ്ങളും പരീക്ഷിക്കപ്പെട്ടിരിക്കുന്നു.ഇനി നോവലിന് ആ നാടുകളില്‍ വികാസമില്ലെന്നും നോവലിന്റെ വളര്‍ മുരടിച്ചുപോയി എന്നും അതിനെ പുനരുജ്ജീവിപ്പിക്കണമെങ്കില്‍ പുതിയ സങ്കേതങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും നിരൂപകര്‍ അഭിപ്രായപ്പെടുന്നു.മലയാളത്തില്‍ അത്തരമൊരു അവസ്ഥ സംജാതമായിട്ടില്ല.നമ്മുടെ എഴുത്തുകാര്‍ പല പരീക്ഷണങ്ങളും നടത്തുന്നുണ്ടെങ്കിലും എല്ലാം അനുഭവിച്ചു മതി വന്നതായി എഴുത്തുകാര്‍‌ക്കോ വായനക്കാര്‍‌ക്കോ തോന്നിയിട്ടില്ല(പേജ് 13) നിയതമായ എല്ലാ കള്ളികളേയും അതിലംഘിച്ചുകൊണ്ടാണ് സമകാലികമായി നോവല്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ കാലങ്ങളിലും അതു അങ്ങനെത്തന്നെയായിരുന്നുതാനും.സമൂഹത്തെ പാഠമായി മനസ്സിലാക്കുകയും ആ പാഠത്തോടുള്ള പ്രതികരണമായും വിമര്‍ശനമായും ഇടപെടുക എന്ന നോവല്‍ സ്വഭാവത്തിന് ഇന്ദുലേഖയോളം പഴക്കമുണ്ട്. നോവലുകള്‍ ചരിത്രത്തോടും സംസ്കാരത്തോടും പ്രതിപ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ്.അതുകൊണ്ടുതന്നെ നോവലിലെ മുരടിപ്പ് എന്നത് പാഠങ്ങളെ സാംസ്കാരികമായി മനസ്സിലാക്കുന്നതിനും ഇടപെടുന്നതിനും വരുന്ന ഒരര്‍ദ്ധനിമിഷത്തെ സാവകാശംമാത്രമായിരിക്കുമെന്നു കരുതുന്നതാണ് നല്ലത്. കേന്ദ്രീകൃതമായ ഒരാശയത്തിനു മുകളില്‍ പണിതുയര്‍ത്തുന്ന കേവലമായ വിപുലനമെന്ന രീതിയൊക്കെ നോവല്‍‌ എന്നേ കൈവിട്ടുകഴിഞ്ഞതാണ്. ആധുനിക നോവലുകളില്‍ കേന്ദ്രാശയം നഷ്ടപ്പെട്ടു. അതേസമയം ശൈലി,രീതി,ലയം എന്നിവക്ക് പ്രാധാന്യം ലഭിച്ചു.ശൈലിയിലൂടെ പ്രതിപാദ്യം ഉരുത്തിരിഞ്ഞു.ഭാഷ മറ്റെന്തിനൊക്കെയോ വഹിക്കുന്നത് എന്ന തത്ത്വം മറയുകയും ഭാഷതന്നെ എല്ലാം എന്ന സങ്കല്പം പ്രാധാന്യം നേടുകയും ചെയ്തു വെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നു.
            നോവല്‍ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതുമെങ്ങനെയെന്നാണ് അവസാനലേഖനത്തില്‍ ബഷീര്‍ ചൂണ്ടിക്കാണിക്കുന്നത്. ഉമ്മാച്ചു രാമരാജബഹദൂറും പോലെയുള്ള നോവലുകളില്‍ നിന്നും പ്രസക്തമായ ഭാഗങ്ങളെ ഉദ്ധരിച്ചുകൊണ്ട് കൃതിയുടെ രഹസ്യങ്ങളിലേക്ക് കടക്കേണ്ടതെങ്ങനെയന്ന് വിശദമാക്കുന്നു. നോവലിലെ സൌന്ദര്യപരമായി നിലവാരമുള്ള ഭാഗങ്ങളില്‍ നിന്നു വേണം ഉള്‍ക്കാഴ്ചയിലേക്ക് നയിക്കേണ്ട സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത്.കഥാപാത്രങ്ങളുടെ മാനസിക സങ്കര്‍ഷം ഇതിവൃത്തത്തിന്റെ വികാസം, സമഗ്രഭാവവുമായി ഇണങ്ങിച്ചേരുന്ന പശ്ചാത്തലം ഇതൊക്കെ സന്ദര്‍ഭത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവരണം.അവയുടെ പരസ്പരബന്ധം നോവലിനെക്കുറിച്ചുള്ള സമഗ്രമായ അവബോധം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്നോവലിനെപ്പറ്റി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് നോവല്‍ പഠനം എന്ന ഈ ലേഖനം സഹായകമാണ്.
            എംടിയേയും എസ് കെ പൊറ്റക്കാടിനേയും കേശവദേവിനേയും വിലാസിനിയേയും കാവാബത്തയേയും ഈ പുസ്തകം പഠനത്തിനെടുക്കുന്നുണ്ട്. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ സ്ഥലപ്രകൃതി എന്ന ലേഖനം ഒരു കഥാപാത്രത്തോളമോ അതിനപ്പുറത്തേക്കോ പ്രാധാന്യം കൈവരിച്ച ഖസാക്ക് എന്ന ഇടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.സ്ഥലവും കാലവും നോവലിനെ ഘടകങ്ങോട് ചേര്‍ന്നു നിന്നുകൊണ്ട് പ്രാധാന്യം കൈവരിക്കുന്നതെങ്ങനെയന്ന് ഖസാക്ക് ഉദാഹരണമാകുന്നു.ഖസാക്കില്‍ കഥാപാത്രങ്ങളും സംഭവങ്ങളും സ്ഥലവും അവിഭാജ്യഘടകങ്ങളാണ്.ഖസാക്കില്ലെങ്കില്‍ അവിടുത്തെ മനുഷ്യരില്ല.ജീവിതമില്ല.ഖസാക്കിനെ കഥാപാത്രങ്ങളുടേയും സംഭവങ്ങളുടേയും വൈകാരികവും വൈചാരികവുമായ അനുഭവങ്ങളുടെ നിത്യസാക്ഷിയായിട്ടോ പ്രതീകമായിട്ടോ ഉപയോഗിച്ചിരിക്കുന്നുഖസാക്കിനുള്ള പ്രാധാന്യം ആ നോവലിലെ ഏതൊരു കഥാപാത്രത്തോടൊപ്പവും ഉയര്‍ന്നു നില്ക്കുന്നു.
            എം എം ബഷീറിന്റെ നോവല്‍ പഠനം പേരു സൂചിപ്പിക്കുന്നതുപോലെ സമഗ്രമല്ലെങ്കിലും നോവലിന്റെ വിശാലമായ ലോകത്തക്കുള്ള കിളിവാതിലുകള്‍ തുറന്നിടാന്‍ പര്യാപ്തമാണ്.         

            പ്രസാധകര്‍- നാഷണന്‍ ബുക് സ്റ്റാള്‍ വില 120 രൂപ, ഒന്നാം പതിപ്പ് ജനുവരി 2015


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം