#ദിനസരികള് 505- നൂറു ദിവസം നൂറു പുസ്തകം – എഴുപത്തിയഞ്ചാം ദിവസം.
||സിനിമയുടെ സാമൂഹിക വെളിപാടുകള്‍ – എതിരന്‍ കതിരവന്‍||
പ്രാഞ്ചിയേട്ടന്‍ വിജയിക്കുന്ന ഇടം
എന്ന ലേഖനത്തില്‍ എതിരന്‍ കതിരവന്‍ എഴുതുന്നു:- സിനിമകള്‍ നേര്‍സന്ദേശവാഹികള്‍ ആയി ക്കൊള്ളണമെന്നില്ല.പലപ്പോളും
സമൂഹത്തിനു ചമയ്ക്കുന്ന ഭാഷ്യമോ വ്യാഖ്യാനങ്ങളോ വെറും അഭിപ്രായങ്ങളോ ആയി
സന്ദേശങ്ങള്‍ ഒളിച്ചു വെയ്ക്കപ്പെടുകയാണ് പതിവ്. അന്തര്‍ലീനമോ ഗുപ്തമോ ആയ
കഥാഭാഗങ്ങളായി.നായകന്റേയോ നായികയുടേയോ സ്വഭാവചെയ്തി വിശേഷങ്ങള്‍ സമുഹരൂപകങ്ങളായി
അവതരിപ്പിക്കപ്പെടാറുമുണ്ട്.പ്രകടവും നിര്‍ലജ്ജവുമായ രാഷ്ട്രീയ നിലപാടുകളോ
സമൂഹസമസ്യാനിരൂപണങ്ങളോ സിനിമകളില്‍ പ്രമേയമായി വന്നുകൂടെന്നുമില്ല.ഒരു കുടുംബത്തെ മൊത്തം രാഷ്ട്രത്തിന്റെ പ്രതീകമായി
ചുരുക്കിയെടുത്ത് കുടുംബവ്യവഹാരങ്ങള്‍ക്ക് വിശാലമാനം വിരിച്ചെടുത്ത് കൌശലരൂപകം
ചമയ്ക്കാറുമുണ്ട്.ഇതിനു വിപരീതമായി നായകനോ നായികയോ സമൂഹത്തെയോ
രാഷ്ട്രീയനിലപാടിനേയോ പ്രതിനിധീകരിക്കുന്നതായി വരാനുള്ള സാധ്യത അറിഞ്ഞോ അറിയാതെയോ
ഉടലെടുക്കുകയും ചെയ്യും.ഇങ്ങനെ സമൂഹം വ്യക്തിയിലേക്ക് ചുരുങ്ങുമെങ്കില്‍ വ്യക്തിയില്‍ നിന്നും സമൂഹത്തിലേക്ക്
വ്യാപിക്കുകയും ചെയ്യുമെന്നതാണ് സിനിമയുടെ ആശയപ്രദാനപദ്ധതികളുടെ സവിശേഷത”ഒരല്പം നീണ്ട ഒരു ഖണ്ഡിക തന്നെ ഉദ്ധരിക്കേണ്ടിവന്നുവെങ്കിലും സിനിമ
എന്ന മാധ്യമം സമൂഹത്തോടു സംവദിക്കുന്നതും ഇടപെടുന്നതും മാറ്റിത്തീര്‍ക്കുന്നതും എങ്ങനെയെന്ന്
വ്യക്തമാകുന്നുണ്ട്.
ഈ
ആദാനപ്രദാനങ്ങളില്‍ ഈടുവെപ്പുകള്‍ മാറിമറിയുകയും പുതിയവ സൃഷ്ടിക്കപ്പെടുകയും
ചെയ്യുന്നു.അതല്ലെങ്കില്‍ നിലവിലുള്ളവയെയോ ഉണ്ടായിരുന്നവയേയോ കൂടുതല്‍ ശക്തമായി
അവതരിപ്പിച്ച് സ്ഥാപിച്ചെടുക്കുന്നു.വര്‍ത്തമാനകാലത്തിന്റെ രാഷ്ട്രീയമായ
സവിശേഷതകളെ പ്രചോദിപ്പിക്കുന്ന വിതാനങ്ങളെ വിന്യസിച്ചുകൊണ്ട് വലതുപക്ഷവിഭാഗങ്ങളെ
ഊറ്റംകൊള്ളിക്കുന്നു. വലതുപക്ഷം എന്നു ഞാനിവിടെ സൂചിപ്പിക്കുന്നത് പുരോഗമനാത്മകമായ
എല്ലാ നിലപാടുകള്‍ക്കും ഘടകവിരുദ്ധമായ ആശയങ്ങളെ പ്രസരിപ്പിക്കുന്ന ഏതൊരു
നീക്കത്തേയുമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രം
(?) സൃഷ്ടിച്ചെടുക്കുന്ന അര്‍ത്ഥപരിസരങ്ങള്‍
പരിശോധിക്കുക.ഹൈന്ദവമായ ബിംബങ്ങളെ സംസ്ഥാപിക്കുവാനും രാജഭക്തിയും ദേശഭക്തിയും
ബ്രാഹ്മണഭക്തിയുമൊക്കെ ഊട്ടിയുറപ്പിക്കുവാനും സവര്‍ണമായ വിവേചനങ്ങളെ ആശിര്‍വദിക്കുവാനും
ആ സിനിമ വലിയ ഊര്‍ജ്ജം ചിലവാക്കിയിട്ടുണ്ട്. “ വെളുത്ത് പൊക്കമുള്ള
സുന്ദരന്മാരും സുന്ദരികളും നയിക്കുന്ന ലോകത്ത് അവരുടെ ശത്രുക്കള്‍ കറുത്തവവരും
പല്ല തേക്കാത്തവരും മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരും വിരൂപികളുമാണെന്നു മാത്രമല്ല,
അവരുടെ ഭാഷ അപഹാസ്യവുമാണെന്ന് ചിത്രപ്പെടുത്തുന്നത് രാജഭക്തിയും ബ്രാഹ്മണാരാധനയും
ഇന്നും മനസ്സില്‍ പൊറ്റയടര്‍ന്നു പോകാതെ സൂക്ഷിക്കുന്ന ഇന്ത്യന്‍ ജനതയ്ക്കു് സ്വാദിഷ്ടവിഭവമാണ്
“ എന്നു ഗ്രന്ഥകാരന്‍ അത്യധികം സൂക്ഷ്മതയോടെ
അടയാളപ്പെടുത്തുന്നുണ്ട്.ബാഹുബലി എന്തുകൊണ്ട്? എന്ന ഈ ലേഖനം സിനിമാവിദ്യാര്‍ത്ഥികളെക്കാള്‍ രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍
വായിച്ചിരിക്കേണ്ടതാണ് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. പ്രധാനമായ ഒരു ഖണ്ഡിക കൂടി
പ്രസ്തുത ലേഖനത്തില്‍ നിന്നും ഉദ്ധരിക്കട്ടെ “ ഇന്ത്യന്‍ സൈക്കില്‍
സിനിമയ്ക്ക് വേറിട്ട ഇടവും പൂര്‍വ്വാപരസംബന്ധവുമാണ് ഉള്ളത്.സിനിമാ താരങ്ങള്‍ക്ക്
അമ്പലും പണിയുന്നവാണ് നമ്മള്‍.കഥാപാത്രത്തിനും അമ്പലം പണിഞ്ഞേക്കാം.ബാഹുബലിക്ക്
ഒരമ്പലം ഉയരാന്‍ താമസമില്ലെന്ന് അനുമാനിച്ചാല്‍ തെറ്റില്ല.സമൂഹനീതിയുടെ അപചയം
കാരണം സിനിമ എന്ന ഭാവനാലോകം ഭാരതീയരുടെ ജീവിതത്തിലേക്ക് കടന്നു കയറും ,
പാശ്ചാത്യരാജ്യങ്ങളിലില്ലാത്തതുപോലെ” എന്ന ആശയം മുന്നോട്ടു വെക്കുന്ന നിലപാടുകളില്‍ രാഷ്ട്രീയ വിദ്യാര്‍ത്ഥികളുടെ
മനസ്സുടക്കേണ്ടതാണ്.
ഭോഗാസക്തി
അതിന്റെ പരമാവധിയില്‍ എത്തിച്ചേര്‍ന്ന ഒരു സമൂഹത്തിന്റെ നിര്‍ലജ്ജമായ അവസ്ഥാവിശേഷങ്ങളെ
അംഗുലീചാലിതം എന്ന ലഘുസിനിമ അതിശക്തമായി അവതരിപ്പിക്കുന്നു.ഐന്ദ്രിയാനുഭൂതികള്‍ക്കു
വേണ്ടി ഏതറ്റം വരേയും പോകുന്നവരായി നാം മാറിക്കഴിഞ്ഞു.കമ്പോളത്തിന്റെ
താല്പര്യത്തിനനുസരിച്ച് നിര്‍മിച്ചെടുത്തിരിക്കുന്ന യന്ത്രപ്പാവകളായി മാറിയ
നമുക്ക് മൂല്യങ്ങളെന്നു പറയുന്നത് കമ്പോളം സൃഷ്ടിച്ചെടുക്കുന്ന ആവശ്യകത
മാത്രമാണ്.ഒരു പൂവ് അതിന്റെ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ അളക്കപ്പെടുന്നു.നമ്മുടേതായിട്ടുള്ളതെല്ലാം
കമ്പോളത്തിന്റെ താല്പര്യങ്ങള്‍ക്കു മുന്നില്‍ അടിയറവു പറയുന്നു.സങ്കീര്‍ണമായ ഈ
സാഹചര്യങ്ങളെ അതിനിശിതമായി അവതരിപ്പിച്ചെടുക്കാന്‍ അംഗുലിചാലിതത്തിന്
കഴിഞ്ഞിട്ടുണ്ട്. ”സ്വയം വിരലുകള്‍ തന്നെ
മുറിച്ചു സൂപ്പാക്കിക്കുടിക്കുമ്പോള്‍ സ്വന്തം കര്‍മ്മസാധ്യതകളെ സ്വയം
വിഴുങ്ങിക്കളയുകയാണ്.ഉപഭോഗാസക്തിയുടെ ദാരുണദൃഷ്ടാന്തമാണ് ഇത്, പരിപൂര്‍ണമായ
കീഴടങ്ങലും.എല്ലാം വിരല്‍സൂപ്പിലേക്ക് കേന്ദ്രീകരിക്കുന്നവര്‍ കൂട്ടുകാരിയുടെ ഫോണ്‍
സന്ദേശങ്ങള്‍ അവഗണിക്കുന്നുണ്ട്.പ്രേമം, കാമം എന്നൊക്കെയുള്ള
ആന്തരികചോദനകളെപ്പോലും മറവിയിലാക്കുന്നു ഉപഭോഗാസക്തി” എന്ന് എതിരന്‍ കതിരവന്‍ ഈ സിനിമയെ അടയാളപ്പെടുത്തുന്നു.
സാംസ്കാരികമായ
ഈടുവെപ്പുകളില്‍ സിനിമ ഇടപെടുന്നതെങ്ങനെ എന്നു മനസ്സിലാക്കുവാന്‍ സഹായിക്കുന്ന
ഒരു പഠനമാണ് പന്ത്രണ്ടു ലേഖനങ്ങളുള്ള ഈ പുസ്തകം.ഒളിച്ചു കടത്തുന്ന
താല്പര്യങ്ങളെക്കുറിച്ച് എന്നത്തെക്കാലും ബോധവാന്മാരായിരിക്കേണ്ട ഇക്കാലത്ത്
എതിരന്‍ കതിരവന്റെ ഇടപെടലുകള്‍ രാഷ്ട്രീയവും സാംസ്കാരികവുമായ പ്രതിരോധങ്ങള്‍ തീര്‍ക്കുന്നു,
പുതുവഴികളെ ചൂണ്ടിക്കാണിക്കുന്നു.
പ്രസാധകര്‍ ഡി സി ബുക്സ് വില 125 രൂപ, ഒന്നാം പതിപ്പ് ഫെബ്രുവരി
2018
Comments