#ദിനസരികള് 502 - നൂറു ദിവസം നൂറു പുസ്തകം – എഴുപത്തിരണ്ടാം ദിവസം.
||ആശാനെക്കുറിച്ച് എഴുതിയതെല്ലാം – ഗുരു നിത്യ ചൈതന്യയതി||
നിത്യ
ചൈതന്യ യതി കുമാരനാശാനെക്കുറിച്ച് എഴുതിയതെല്ലാം തന്നെ ഒരൊറ്റ കൃതിയിലേക്ക്
സമാഹരിച്ചിരിക്കുന്ന വളരെ മനോഹരമായ ഒരു പുസ്തകത്തെക്കുറിച്ച് എഴുതാന്‍ എനിക്ക്
അത്യധികം ആഹ്ലാദമുണ്ട്. മലയാള പഠന ഗവേഷണ
കേന്ദ്രത്തിന്റെ പ്രയത്നഫലമായാണ് ഈ പുസ്തകം പുറത്തു വന്നിട്ടുള്ളത്. ”രണ്ടു മഹാപ്രതിഭകളുടെ
സംഗമത്തിന്റെ ബാക്കിപത്രമാണ് ഈ ഗ്രന്ഥം” എന്ന് ആമുഖത്തില്‍ പറയുന്നത്
അക്ഷരാര്‍ത്ഥത്തില്‍ തന്നെ ശരിയാണ്.അതോടൊപ്പം “ മനസ്സുകൊണ്ട് യതി ആശാന്‍
പക്ഷക്കാരനായിരുന്നു എന്നുവേണം അദ്ദേഹത്തിന്റെ രചനകളില്‍ നിന്നും
ഊഹിച്ചെടുക്കാന്‍ .എന്നാലിതു പൂര്‍ണ്ണമായും തെളിവായി സമര്‍പ്പിക്കാന്‍
അദ്ദേഹത്തിന്റെ യതിമര്യാദ അനുവദിക്കുന്നുമില്ല.അതുകൊണ്ടുണ്ടായ ചില പ്രമാദങ്ങള്‍
ആശാന്‍ പഠനങ്ങള്‍ക്ക് വന്നുപോയിട്ടുണ്ടെന്ന് പറയാതെ വയ്യ.ആവശ്യത്തിനും
അനാവശ്യത്തിനും ദിവാകരനേയും ഉപഗുപ്തനേയും ആനന്ദനേയും മറ്റും ഉദാത്തരാക്കാന്‍
നടത്തുന്ന വ്യായാമമൊഴിച്ചാല്‍ കഥാപാത്രങ്ങളുടെ മനസ്സിന്റെ ആഴങ്ങള്‍ തിരിച്ചറിയാന്‍
നിത്യയുടെ വിലയിരുത്തലുകള്‍ക്ക് ശേഷിയുണ്ട്” എന്ന തുറന്നു പറയാനുള്ള
അഭിനന്ദനാര്‍ഹമായ ചങ്കൂറ്റവും പ്രസാധകര്‍ കാണിക്കുന്നുണ്ട്.
1977 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ നളിനി എന്ന
കാവ്യശില്പം, ആശാനെപ്പറ്റിയുള്ള മൂന്നു പ്രബന്ധങ്ങള്‍, ചിന്താവിഷ്ടയായ സീത ഒരു
പഠനം, ആശാന്റെ കൃതികള്‍ക്കെഴുതിയ ആമുഖം എന്നിവയാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
മലയാളത്തിലെ മികച്ച ഖണ്ഡകാവ്യങ്ങളിലൊന്നായ നളിനിയുടെ ആന്തരികഭാവങ്ങളിലേക്ക്
കടക്കുന്നതിന് വായനക്കാരനെ സഹായിക്കുന്ന പഠനഗ്രന്ഥമാണ്
നളിനി എന്ന കാവ്യശില്പം.’സാഹിത്യകാരനോ കവിയോ
നിരൂപകനോ ഒന്നുമല്ലാത്ത ഒരു മലയാളി യാദൃശ്ചികമായി മഹാകവി കുമാരനാശാന്റെ നളിനി
വായിച്ചു നോക്കിയപ്പോള്‍ തോന്നിയ പ്രതികരണമാണ് ഇതിലെ ഉള്ളടക്ക’ മെന്ന് യതി വിനയം കൊള്ളുന്നുവെങ്കിലും എത്ര സമര്‍ത്ഥമായായണ് കവി
പണിതുയര്‍ത്തിയിരിക്കുന്ന കോട്ടകളെ തുറന്നു കാണിക്കുന്നതെന്ന് വായിച്ചറിയുക തന്നെ
വേണം. എഴുതിക്കൊണ്ടിരുന്നപ്പോള്‍ നളിനിയിലെ നായക പാത്രങ്ങളായ ദിവാകരനും
നളിനിയുമായി കവിയുടെ മനസ്സ് ഏതേതെല്ലാം വഴികളിലൂടെയാണോ ചരിച്ചത് , അതാതു
വഴികളിലൂടെ അനുവാചകനേയും യതി നടത്തിക്കുന്നുണ്ട്.
ആശാനപ്പറ്റിയുള്ള
മൂന്നു പ്രബന്ധങ്ങളാണ് രണ്ടാമതായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആശാന്‍ സ്നേഹശില്പി,
ആശാന്‍ സ്വാതന്ത്ര്യ ശില്പി, ആശാന്‍ ഭാഷാശില്പി എന്നിങ്ങനെയാണ് ആ പ്രബന്ധങ്ങളുടെ
പേരുകള്‍ തന്നെ.ആശാന്റെ വ്യത്യസ്തവും എന്നാല്‍ സഹചാരിത്വം കൊണ്ട് സര്‍വ്വരാലും
അംഗീകരിക്കപ്പെടുകയും ചെയ്ത മൂന്നു വശങ്ങളെ അവതരിപ്പിക്കുവാനാണ് യതി
യത്നിക്കുന്നത്.”ലോകത്തെ അറിയുക
എന്നതിനെക്കാള്‍ ലോകത്തെ അഴിച്ചു പണിയുക എന്ന കൃച്ഛ്രസാധ്യമായ വസ്തുതയാണ് കാള്‍മാര്‍ക്സ്
ദാര്‍ശനികന്മാരുടെ സ്വധര്‍മ്മമായി കരുതിയിരുന്നത്.ആശാന്‍ ഒരു മാര്‍ക്സിസ്റ്റ്
വിപ്ലവകാരിയായിരുന്നില്ലെങ്കിലും സമ്പൂര്‍ണമനുഷ്യനെ സൃഷ്ടിക്കുവാനുള്ള വ്യഗ്രക
കാണിച്ചിരുന്നുവെന്ന് നിസ്സംശയം പറയാം.അദ്ദേഹത്തിന്റെ അടക്കാനാവാത്ത സ്നേഹസരിത്ത്
അണപൊട്ടി നിന്നിരുന്നു.തന്റെ സ്നേഹവായ്പിനെ അനുവാചകരായ സഹൃദയന്മാര്‍ക്ക് ആശാന്‍
എന്തെല്ലാം എങ്ങനെയെല്ലാം ചെയ്തു എന്നു പറയുവാനാണ് ഞാന്‍ എന്റെ പ്രബന്ധങ്ങളില്‍
ഒന്നാമത്തേതിനെ സങ്കല്പിച്ചിട്ടുള്ളത്.അതില്‍ ഞാന്‍ ആശാനെ സ്നേഹശില്പി എന്നു
വിളിക്കുന്നു.” ഇങ്ങനെ ഓരോ വിശേഷണങ്ങളേയും താനെന്തുകൊണ്ടു ആശാനെ
അവതരിപ്പിക്കുവാന്‍ ഉപയോഗിച്ചുവെന്ന് യതി വ്യക്തമാക്കുന്നുണ്ട്.
ആശാന്റെ
സീതാകാവ്യമെന്ന പേരില്‍ സുകുമാര്‍ അഴീക്കോട് ചിന്താവിഷ്ടയായ സീതക്ക്
പണ്ഡിതസമ്മതമായ ഒരു ഗംഭീര പഠനം എഴുതിയിട്ടുണ്ട്.ആശാനെ സമൂലം പരിശോധിക്കുന്ന ആ പഠനം
ഖണ്ഡകാവ്യങ്ങളെ പഠിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരംകൂടിയാണ്.ചിന്താവിഷ്ടയായ
സീത ഒരു പഠനം എന്ന പേരില്‍ യതി എഴുതിയിരിക്കുന്നത് അഴിക്കോടിനോളം സമഗ്രത
കൈവരിക്കുന്നില്ലെങ്കിലും സീത മനസിലാക്കിത്തരുവാന്‍ ശക്തമാണ്. കുറച്ചുകൂടി
വിപുലമായ ഒരു പഠനം യതിയില്‍ നിന്നുമുണ്ടാകേണ്ടതുണ്ടായിരുന്നു എന്നു കൂടി
സൂചിപ്പിച്ചുകൊള്ളട്ടെ.
ആശാന്‍ കൃതികള്‍ക്കെഴുതിയ
ആമുഖം , അദ്ദേഹത്തിന്റെ ഓരോ കൃതിയിലേക്കുമുള്ള പ്രവേശകം കൂടിയാണ്. ഏകദേശം നൂറോളം
പേജിലാണ് ആശാന്റെ സമ്പൂര്‍ണ കൃതികളുടെ ആമുഖം പരന്നു കിടക്കുന്നത്.കവിയെന്ന നിലയില്‍
ആശാന്റെ കല്പനാവൈഭവത്തെ ഇഴപിരിച്ചെടുത്ത് പരിശോധിക്കുന്ന ഈ പഠനം സാഹിത്യവിദ്യാര്‍ത്ഥികള്‍
ആശാനിലേക്കുള്ള പ്രവേശനം എളുപ്പമുള്ളതാക്കുന്നു.ശ്രീനാരായണന്റെ സ്വാധീനം ആശാന്റെ
കൃതികളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നുള്ള ഒരന്വേഷണം കൂടി സമാന്തരമായി ആ
ഉപന്യാസത്തില്‍ നമുക്കു കണ്ടെത്താം. അതോടൊപ്പം സാമൂഹികപരിഷ്കരണരംഗത്ത് ആശാന്‍
തന്റെ കൃതികളിലൂടെ നടത്തിയ ഇടപെടലുകളെക്കുറിച്ചും യതി സൂചിപ്പിക്കുന്നുണ്ട്.ആശാനെക്കുറിച്ചു
യതി എഴുതിയതെല്ലാം സമാഹരിച്ചിരിക്കുന്ന ഈ പുസ്തകം മലയാള ഭാഷക്കു ഒരു മുതല്‍ക്കൂട്ടുതന്നെയാണ്.
പ്രസാധകര്‍- മലയാള പഠന ഗവേഷണ കേന്ദ്രം വില 230 രൂപ, ഒന്നാം പതിപ്പ് നവംബര്‍ 2013
Comments