#ദിനസരികള് 503 - നൂറു ദിവസം നൂറു പുസ്തകം – എഴുപത്തിമൂന്നാം ദിവസം.
||ദളിതുസൌന്ദര്യശാസ്ത്രം –പ്രദീപ് പാമ്പിരിക്കുന്ന്||
ജാതിയില്‍
അധിഷ്ടിതമായ സാമൂഹികധാരണകളെ വെല്ലുവിളിക്കുകയും മനുഷ്യനെന്ന നിലയില്‍ പൊതുവായ ഒരു
മൂല്യബോധത്തിലുറച്ച മാനവികതയെ പ്രഖ്യാപിക്കുകയും ചെയ്യുന്ന ഏതൊരു നീക്കത്തേയും
നമുക്ക് ദളിതു മുന്നേറ്റമെന്ന് അഭിവാദ്യം ചെയ്യാവുന്നതാണ്.ചാതുര്‍വര്‍ണ്യം
മയാസൃഷ്ടം എന്ന് അഭിമാനപുരസ്സരം പ്രഖ്യാപിക്കുന്ന ആചാര്യന്മാര്‍ ഭാരതത്തിന്റെ
പൊതുവായ പൈതൃകം വര്‍ണബോധത്തിന്റെ അടിത്തട്ടില്‍ പടുത്തുകയറ്റിയിരിക്കുന്ന
ജാതിശ്രേണിയാണ് എന്നാണ് അവകാശപ്പെടുന്നത്.സ്വാഭാവികമായും ആ ശ്രേണിയുടെ ഒരറ്റം
ശൂദ്രരിലേക്കും അതിശൂദ്രരിലേക്കും മറ്റേയറ്റം വര്‍ണശൃംഖലയിലെ മേല്‍ത്തട്ടുകാരായ
ബ്രാഹ്മണ – ക്ഷത്രിയാദികളിലേക്കും
ചെന്നു ചേരുന്നു.അവകാശങ്ങളൊന്നുമില്ലാതെ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്ന വര്‍ഗ്ഗത്തിനു
മുകളില്‍ ഉപരിവര്‍ഗ്ഗത്തിന്റെ സമസ്ത പ്രഹരശേഷിയും പ്രയോഗിക്കപ്പടുന്നതോടെ
മനുഷ്യനെന്ന അര്‍ത്ഥത്തിലുള്ള ഒരവകാശവുമില്ലാത്തവരായി ദളിതുകള്‍ മാറുന്നു.എന്നാല്‍
തങ്ങളും മനുഷ്യരാണെന്നും മനുഷ്യര്‍ക്കുള്ള മുഴുവന്‍ അവകാശങ്ങളും
ജാതിശ്രേണിക്കപ്പുറമുള്ള പൊതുവായ ധാരണയായി അംഗീകരിക്കപ്പെടണമെന്നുമുള്ള കലാപം
ഉയരുന്നതോടുകൂടി ദളിതുമുന്നേറ്റങ്ങള്‍ ആരംഭിക്കുകയായി.
ഈ
മുന്നേറ്റത്തില്‍ ബ്രാഹ്മണിക്കലായ , അഥവാ ജാതിശ്രേണീബദ്ധമായ ബൌദ്ധികവ്യാപാരങ്ങള്‍
വെല്ലുവിളിക്കപ്പെട്ടു. ”സാമൂഹികമൂല്യനിര്‍ണേതാക്കള്‍
വിശേഷിച്ച് ബ്രാഹ്മണര്‍ ദലിതരില്‍ അടിച്ചേല്പിച്ച നീചജാതി പദവിക്കും തൊട്ടുകൂടായ്മക്കെതിരുമായ
പ്രതിഷേധമാണ്, ആത്മാഭിമാനബോധമാണ്. മനുഷ്യരെന്ന നിലയില്‍ തങ്ങള്‍ ആരെക്കാളും അധമരല്ലെന്നും
മറ്റുള്ളവരെപ്പോലെ തന്നെ തങ്ങളും ശാരീരികമായും മാനസികമായും കഴിവുതെളിയിക്കാന്‍ പ്രാപ്തരാണെന്നുമുള്ള” (ദലിത് സാഹിത്യപ്രസ്ഥാനം – കെ സി പുരുഷോത്തമന്‍ ) തിരിച്ചറിവിലേക്ക് ഒരു ജനത പതുക്കെയാണെങ്കിലും
ഉണര്‍ന്നു വരികയായിരുന്നു.ആ ഉണര്‍ച്ച ആസേതുഹിമാചനം നിരവധി
ദളിതുവിമോചനപ്രസ്ഥാനങ്ങള്‍ക്കു തുടക്കം കുറിച്ചു.സങ്കീര്‍ണമായ ജാതിസമവാക്യങ്ങള്‍
നിരന്തരം വെല്ലുവിളിക്കപ്പെട്ടു.
ബ്രാഹ്മണിക്കലായ
ആവബോധങ്ങളുടെ ആകെത്തുക മാത്രമാണ് ഭാരതീയത എന്ന കാഴ്ചപ്പാടുകള്‍ക്ക് ദളിതുപക്ഷ
ചിന്തകള്‍ മറുപടികളായി. സവര്‍ണരുടെ സൈദ്ധാന്തികസംഹിതകള്‍
സാമൂഹികാധിപത്യങ്ങളേയും അതുവഴി അധികാരത്തേയും നിശ്ചയിച്ചുറപ്പിക്കാനുള്ള കുറുക്കുവഴികളായി
വായിക്കപ്പെട്ടു.പകരം മനുഷ്യനെന്ന നിലയിലുള്ള മൂല്യബോധങ്ങളുടെ അടിസ്ഥാനത്തിലുള്ള
കാഴ്ചപ്പാടുകള്‍ തിടംവെച്ചുണര്‍ന്നു വന്നു.ആത്മീയവും അമാനവികവുമായ ആശയസംഹിതകള്‍ക്കു
പകരം അധ്വാനശേഷിയുടെ സര്‍ഗ്ഗാത്മകത പ്രാധാന്യമാര്‍ജിച്ചുവന്നു.അങ്ങനെ ദളിതുപക്ഷ
അവബോധം മനുഷ്യനുമായി ബന്ധപ്പെട്ടിടത്തൊക്കെ മുന്‍കാലങ്ങളെക്കാള്‍ സജീവമായി.എങ്കിലും
ദളിതുപക്ഷമുയര്‍ത്തിയ പ്രശ്നങ്ങളാകവേ പരിഹരിക്കപ്പെട്ടുവെന്ന് അര്‍ത്ഥമാക്കരുത്.പൊതുവായി
ഒരു ദളിത് അവബോധമുണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞുവെന്നേ സൂചിപ്പിക്കുന്നുള്ളു.
ജീവിതത്തെ
ദളിതുകാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ വായിക്കാനും വിലയിരുത്താനും തുടങ്ങിയതോടെ
ഒരു പുതിയ മൂല്യനിര്‍ണയരീതി സജീവമായി. അടിയാളന്റെ , അധ്വാനിക്കുന്നവന്റെയൊക്കെ
വികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന ആ രീതി , മുഖ്യധാരയുടെ സൌന്ദര്യസങ്കല്പങ്ങള്‍ക്കു
കടകവിരുദ്ധമായ വഴികളിലൂടെ സഞ്ചരിച്ചു.ഈ അവബോധം സംസാരിച്ചത് ‘കൊട്ട നെയ്യുന്നവന്റെയോ അലക്കുകാരന്റേയോ കൃഷിചെയ്യുന്നവന്റെയോ’ സൌന്ദര്യത്തെക്കുറിച്ചാണ് എന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ്
പ്രീദീപന്‍ പാമ്പിരിക്കുന്ന് ദളിതുപക്ഷത്തു നിന്നുകൊണ്ടുള്ള സൌന്ദര്യസങ്കല്പങ്ങളെ
അവതരിപ്പിക്കുന്നത്.
“രസത്തെ ഇങ്ങനെ അതിഭൌതികമായി സങ്കല്പിച്ച സിദ്ധാന്തങ്ങള്‍ ദൈവികമായ
അനുഭൂതിയായാണ് അവയെ സങ്കല്പിക്കുന്നത്.അതെപ്പോഴും ബാഹ്യമായ ഒരു കേന്ദ്രത്തിലേക്ക്
ശ്രദ്ധ പതിപ്പിക്കുന്നു.മനുഷ്യാനന്ദത്തിന്റെ സാമൂഹികത എന്ന സിദ്ധാന്തത്തെ അവര്‍
തള്ളിക്കളയുന്നു.സരം ധ്വനി അലങ്കാരം രീതി വക്രോക്തി ഗുണം ഔചിത്യം അനുമാനം തുടങ്ങിയ
ഇന്ത്യന്‍ സൌന്ദര്യശാസ്ത്ര സിദ്ധാന്തങ്ങളെല്ലാം ഈ ആനന്ദത്തേയും
അനുഭുതിയേയുമാണ് കേന്ദ്രമാക്കിയത്.അലസമായ അധികസമയത്തെ ഉപയോഗിക്കുന്നതുമായി
ബന്ധപ്പെട്ടു വളര്‍ന്നു വന്നതാണ് ഈ അനുഭൂതി സിദ്ധാന്തങ്ങള്‍.ആസ്വാദനം ഉപഭോഗം എന്ന
പ്രക്രിയതന്നെ ഭക്ഷ്യമിച്ച സമൂഹത്തില്‍ നിന്നും വികസിച്ചുവന്ന ഒന്നാണ്.ഉപഭോഗസമുദായത്തിന്
പുറത്തുള്ള ഉല്പാദകസമൂഹം നിലനിറുത്തിയിരുന്ന കലാബോധം എന്ത് എന്നവര്‍ ശ്രദ്ധിച്ചില്ല.” എന്ന ആരോപണത്തിലൂടെ പ്രദീപന്‍ കീഴാള സൌന്ദര്യദര്‍ശനങ്ങളുടെ
ആകെത്തുകയെ ക്രോഡീകരിച്ചിരിക്കുന്നു.
ഈ പുസ്തകം
രേഖീയമായ രേഖപ്പെടുത്തപ്പെട്ട ഒരു ദലിതുസൌന്ദര്യ ശാസ്ത്രഗ്രന്ഥമല്ല. എന്നാല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന
പതിനാലോളം ലേഖനങ്ങളിലൂടെ പ്രസ്തുത സൌന്ദര്യസങ്കല്പങ്ങള്‍ തിടംവെച്ചു വന്ന
വഴികളേയും വര്‍ത്തമാനകാലപരിതോവസ്ഥകളേയും വിദഗ്ദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.മലയാളത്തില്‍
പൊതുവേ കുറവായ കീഴാള ദര്‍ശനസാഹിത്യത്തിന് പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ഈ
പുസ്തകം ഒരു മുതല്‍ക്കൂട്ടുതന്നെയാണ്.ദളിതുപക്ഷത്തിന്റെ വിശാലമായ ലോകത്തേക്കുള്ള
കൃത്യവും വ്യക്തവുമായ ഒരു കൈചൂണ്ടി തന്നെയാണിത്.
പ്രസാധകര്‍ ഡി സി ബുക്സ് വില 100 രൂപ, ഒന്നാം പതിപ്പ് ഏപ്രില്‍ 2017
Comments