#ദിനസരികള് 504- നൂറു ദിവസം നൂറു പുസ്തകം – എഴുപത്തിനാലാം ദിവസം.‌


||സംഗീത രാജാങ്കണത്തില്‍ – ദക്ഷിണാമൂര്‍ത്തിയുടെ ഓര്‍മകള്‍||

വിഖ്യാത സംഗീതജ്ഞനായ ദക്ഷിണാമൂര്‍ത്തിയുടെ ജീവിതസ്മരണകളാണ് സംഗീത രാജാങ്കണത്തില്‍ എന്ന പേരില്‍ മാതൃഭുമിയിലെ ടെപ്യൂട്ടി എഡിറ്ററായിരുന്ന ടി ബാലകൃഷ്ണന്‍ എഴുതി സമാഹരിച്ചിരിക്കുന്നത്.രാഘവന്‍ മാസ്റ്ററുടെ മധുരജീവിതം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന സമയത്ത് ദക്ഷിണാമൂര്‍ത്തിയെക്കൂടി ഇത്തരത്തില്‍ രേഖപ്പെടുത്തുന്നതു നന്നായിരിക്കുമെന്ന് അക്കിത്തം അഭിപ്രായപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയൊരു പുസ്തകം തയ്യാറാക്കിയതെന്ന് സ്വാമിയുടെ അനുഭവങ്ങള്‍ കേട്ട് രേഖപ്പെടുത്തിയ ശ്രീ ബാലകൃഷ്ണന്‍ ആമുഖത്തില്‍ പറയുന്നു. എന്തായാലും നമുക്കു നഷ്ടപ്പെട്ടു പോയ ഒരുപാട് മഹദ് ജീവിതങ്ങളെ രേഖപ്പെടുത്താന്‍ കഴിയാത്തതില്‍ ഖേദിക്കുന്നതിനോടൊപ്പം ബാലകൃഷ്ണനും അങ്ങനെയൊരു നിര്‍‌ദ്ദേശം മുന്നോട്ടു വെയ്ക്കാന്‍ തോന്നിയ അക്കിത്തത്തിനും മലയാളം നന്ദി പറയുക.

ഏകദേശം ഒരു നൂറ്റാണ്ടുകാലത്തോളം – കൃത്യമായി പറഞ്ഞാല്‍ 1919 മുതല്‍ 2013 വരെ തൊണ്ണൂറ്റിനാലു വര്‍ഷം - ദൈര്‍ഘ്യമാര്‍ന്ന സ്വാമിയുടെ ജീവിതത്തില്‍ നൂറ്റിയിരുപത്തിയഞ്ചോളം സിനിമകള്‍ക്ക് സംഗീത സംവിധാനം ചെയ്തിട്ടുണ്ട്.തന്റെ ചെറുപ്പകാലത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സ്വാമി തന്റെ കഥ തുടങ്ങുന്നത്.”അമ്മയുടെ ചുണ്ടില്‍ നിന്നും ഈണത്തില്‍ ഒഴുകുന്ന താരാട്ടുകേട്ടുകൊണ്ടാണ് എന്റെ ഹൃദയകമലം സംഗീതത്തിനുവേണ്ടി വിടര്‍ന്നത്.അമ്മ നല്ല പോലെ പാടുമായിരുന്നു.അമ്മയുടെ അച്ഛനും സംഗീതമുണ്ടായിരുന്നു.ഭാഗവതരായിരുന്ന അദ്ദേഹത്തിന്റെ ആലാപനവും എന്നില്‍ സംഗീതാഭിരുചി വളര്‍ത്താന്‍ സഹായിച്ചിട്ടുണ്ടാകണം” എന്ന് സ്വാമി അനുസ്മരിക്കുന്നു.സ്കൂള്‍ ഫൈനല്‍ തോറ്റതോടെ പഠിപ്പു നിറുത്തിയ അദ്ദേഹത്തിന് പറയത്തക്ക വിദ്യാഭ്യാസമൊന്നുമില്ലായിരുന്നുവെന്ന് എടുത്തു പറയുമ്പോള്‍ വിദ്യാഭ്യാസമെന്നതുകൊണ്ടുദ്ദേശിക്കുന്ന സാങ്കേതികതയിലെ അര്‍ത്ഥാന്തരങ്ങളെക്കുറിച്ച് ഒരു നിമിഷം നമ്മള്‍ ആലോചിച്ചുപോകാതിരിക്കില്ല. “ഫോര്‍ത്ത് ഫോമിലായിരുന്നപ്പോഴാണ് ശാസ്ത്രീയ സംഗീത പഠനം ആരംഭിച്ചത്.തിരുവനന്തപുരത്തെ ശ്രീവെങ്കിടാചലം പോറ്റിയാണ് ഗുരു.എന്നും ക്ലാസുണ്ടാവും ഉപേക്ഷ വരുത്തില്ല.വരുത്താന്‍ ഗുരു സമ്മതിക്കുകയുമില്ല.നിത്യവും സാധകം ചെയ്യണം.നല്ല ക്ലേശമുണ്ട്.നല്ലപോലെ പാടിയാല്‍ ഗുരുനാഥന്‍ ഭേഷ് എന്ന് എപ്പോഴെങ്കിലും അഭിനന്ദിക്കും.അതുമതി.ധാരാളം.വലിയൊരു പ്രോത്സാഹനമാണ് അത് “ വിദ്യ അഭ്യസിക്കുന്നതിന്റെ അനൌപചാരികമായ രീതിയെയാണ് അദ്ദേഹം അവതരിപ്പിച്ചു കാണിക്കുന്നത്.

കടുത്ത ദൈവവിശ്വാസിയായ സ്വാമി ഈശ്വരവിശ്വാസത്തെക്കുറിച്ച് വാചാലത പ്രകടിപ്പിക്കുന്ന സന്ദര്‍ഭങ്ങളൊഴിച്ച് തന്റെ അനുഭവങ്ങളെ വളരെ രസകരമായിട്ടാണ് അവതരിപ്പിച്ചു പോകുന്നത്. രാമന്റെ പേരു പറയുന്നിടത്തൊക്കെ എഴുത്തച്ഛന്‍ ഭക്തിപരവശനായി രാമനെ പുകഴ്ത്തിപ്പാടുന്നതുപോലെ ഈശ്വരനെക്കുറിച്ച് പറയുന്നിടത്തെല്ലാം സ്വാമിയും കടുത്ത ഭക്തനാകുന്നു.വൈക്കത്തപ്പനെ ശരണം പ്രാപിച്ചുകൊണ്ടാണ് ഈ പുസ്തകം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും.തനിക്ക് എല്ലാം തന്നത് വൈക്കത്തപ്പനും തകഴിയില്‍ ശാസ്താവുമൊക്കെയാണെന്ന് സ്വാമി ഉറച്ചു വിശ്വസിക്കുന്നു.ഗുരുവായൂരപ്പന്റെ വാകച്ചാര്‍ത്തുവരെ രാത്രി ഉറങ്ങാതിരുന്ന സാധകം ചെയ്യുന്നതിന്റെ കഥയും സ്വാമി പറയുന്നുണ്ട്. ദൈവത്തിങ്കില്‍ നിന്നും തനിക്കു നേരിട്ടു ലഭിച്ച അനുഗ്രഹങ്ങളുടെ ഒരു നീണ്ട നിരയെത്തന്നെ സ്വാമി നിരത്തിവെക്കുന്നു.എന്തുതന്നെയായാലും സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണബുദ്ധിയെ അംഗീകരിക്കാതെ തരമില്ല.

പതിനാറു വയസ്സില്‍ മങ്കൊമ്പില്‍ പരിപാടിക്കു പോയിട്ട് പാടാനാകാതെ അവിടുത്തുകാര്‍ എഴുന്നേല്പിച്ചുവിട്ടതും സദസ്സില്‍ നിന്നും വന്ന കൂവലിനു മറുപടിയായി സ്വാമിതന്നെ മൈക്കില്‍ക്കൂടി കൂവിയതുമൊക്കെ വായനക്കാരനെക്കൂടി രസിപ്പിക്കുന്നതാണ്.ദക്ഷിണാമൂര്‍ത്തിയുടെ സ്വരം പൂര്‍ണമാണെന്ന അഭിന്ദനമറിയിച്ച വിദ്വാനായ പെരുന്തലക്കാല് കേശവന്‍ നമ്പൂതിരിപ്പാടിന്റെ വാക്കുകളെ സ്വാമി ഇന്നും നെഞ്ചെറ്റുന്നു. ആദ്യശിഷ്യയായ എന്‍ സി വസന്തകോകിലവുമായി ആദ്യം കണ്ടപ്പോളുണ്ടായ കശപിശയും മറ്റും സ്വാമി അനുസ്മരിക്കുന്നുണ്ട്. എന്നാല്‍ അവര്‍ അതൊക്കെ മറന്നുകൊണ്ട് തന്റെ ഏറ്റവും മികച്ച ശിഷ്യയായി മാറിയെന്ന് സ്വാമി ഓര്‍ക്കുന്നു (പ്രസ്തുത കഥ സ്വാമി പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട് )

ആദ്യസിനിമ 1948 ല്‍ നല്ല തങ്കയുടെ സംവിധായകനാണ് സ്വാമി സംഗീതസംവിധാന മേഖലയിലേക്ക് കടക്കുന്നത്. തമിഴ് തെലുങ്ക് ഹിന്ദി സിനിമാ പാട്ടുകളുടെ ട്യൂണുകളില്‍ തീര്‍ത്ത അനുകരണം മാത്രമായിരുന്ന മലയാള സിനിമാ ഗാനരംഗം അതില്‍ നിന്നും വിമോചനം നേടാന്‍ ഈ സിനിമയും കാരണമായെന്ന് സ്വാമി സ്മരിക്കുന്നു. അന്നുമുതല്‍ തുടങ്ങിയ പ്രയാണം അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ശ്യാമരാഗംവരെയെത്തി.അഭയദേവിന്റെ വരികള്‍ക്ക് സംഗീതം നല്കിയാണ് സ്വാമി തുടക്കംകുറിച്ചത്. അഭയദേവിനെക്കുറിച്ച് “ സിനിമിയുടെ ചരിത്രമെഴുതുമ്പോള്‍ ആദ്യം കുറിക്കേണ്ട പേരുകളിലൊന്നാണ് അഭയദേവ്.ജന്മനാ കവി.ഏഴാം വയസ്സില്‍ ശ്രീനാരായണഗുരുവിനെ കാണാനും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനും സാധിച്ച പുണ്യാത്മാവ്” എന്നാണ് എഴുതുന്നത്.

എത്രയെത്ര പാട്ടുകളാണ് അദ്ദേഹത്തിന്റേതായി മലയാളികളെ കീഴടക്കിയത്? ദക്ഷിണാമൂര്‍ത്തി വിടവാങ്ങിയപ്പോള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത ഇരുപത്തിയഞ്ച് ഗാനങ്ങളുടെ ഒരു ലിസ്റ്റ് പകര്‍ത്തിക്കൊണ്ട് ഞാന്‍ വിരമിക്കട്ടെ.

1. പാട്ടുപാടിയുറക്കാം ഞാന്‍...
2. കണ്ണും പൂട്ടിയുറങ്ങുക നീയെന്‍...
3. കാക്കത്തമ്പുരാട്ടി...
4. കാക്കക്കുയിലേ ചൊല്ലൂ കൈ നോക്കാനറിയാമോ...
5. സുഖമെവിടെ ദുഃഖമെവിടെ...
6. സ്വപ്നങ്ങള്‍, സ്വപ്നങ്ങളേ നിങ്ങള്‍...
7. ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍...
8. പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞു വീണു...
9. ചിത്രശിലാപാളികള്‍ കൊണ്ടൊരു...
10. ഹൃദയസരസ്സിലെ പ്രണയപുഷ്പമേ...
11. ഉത്തരാസ്വയംവരം കഥകളി കാണുവാന്
12. പുലയനാര്‍ മണിയമ്മ, പൂമുല്ലക്കാവിലമ്മ...
13. കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും...
14. ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം...
15. വൈക്കത്തഷ്ടമിനാളില്
16. മനോഹരി നിന്‍ മനോരഥത്തില്‍...
17. ഹര്‍ഷബാഷ്പം തൂകി, വര്‍ഷപഞ്ചമി വന്നു...
18. സന്ധ്യയ്‌ക്കെന്തിന് സിന്ദൂരം...
19. ഗോപീ ചന്ദനക്കുറിയണിഞ്ഞു
20. ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു
21. താരകരൂപിണീ...
22. പ്രിയസഖീ പോയ് വരൂ
23. കാര്‍കൂന്തല്‍ക്കെട്ടിനെന്തിന്...
24. സീമന്തരേഖയില്‍...
25. വാതില്‍പ്പഴുതിലൂടെന്‍മുന്നില്‍ കുങ്കുമം

പ്രസാധകര്‍ മാതൃഭൂമി ബുക്സ് വില 50 രൂപ, ഒന്നാം പതിപ്പ് ജനുവരി 2004




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1