#ദിനസരികള് 457 - നൂറു ദിവസം നൂറു പുസ്തകം – മുപ്പതാം ദിവസം.
||ചിദംബര സ്മരണ – ബാലചന്ദ്രന്‍ ചുള്ളിക്കാട്||
എന്റെ പ്രിയപ്പെട്ട കവിയായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഒരു വഴിത്തിരിവില്‍ ആനപ്പുറത്തുനിന്നുമിറങ്ങി ഏതോ ഊടുവഴിയിലൂടെ അദ്ദേഹം നടന്നു മറഞ്ഞു.കൂടെ ഞാന്‍ അറിയുകയും അനുഭവിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കവിത്വശക്തിയും പോയ്മറഞ്ഞു. വിഷണ്ണനായ ഞാന്‍ ഒരു കടലാസുകഷണത്തില്‍ മാതൃഭൂമിക്ക് കത്തെഴുതി. “ പ്രിയപ്പെട്ട എഡിറ്റര്‍ സര്‍, കഴിഞ്ഞ ആഴ്ചയിലെ വാരികയില്‍ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന പേരില്‍ ഒരാളുടെ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. ആ പേരില്‍ മലയാളത്തില്‍ വിഖ്യാതനായ ഒരു കവിയുണ്ടായിരുന്നു.താതവാക്യവും യാത്രാമൊഴിയും പിറക്കാത്ത മകനും ഓര്‍മകളുടെ ഓണവും , എവിടെ ജോണുമൊക്കെ എഴുതിയ ആ കവി മരിച്ചു പോയിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര്‍ ദുരുപയോഗം ചെയ്തുകൊണ്ട് മറ്റൊരാള്‍ മുതലെടുപ്പുനടത്താന്‍ ശ്രമിക്കുന്നു.മരിച്ചു ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രേതംമാത്രമായ ഇദ്ദേഹത്തിന്റെ കവിതകള്‍ ഇനി മേലില്‍ പ്രസിദ്ധീകരിച്ച് നല്ലൊരു കവിയെ വീണ്ടും വീണ്ടും കൊല്ലരുതെന്ന് അപേക്ഷിക്കുന്നു.” സ്വാഭാവികമായും കത്ത് ചവറ്റുകൊട്ടയിലേക്ക് നീക്കം ചെയ്യപ്പെട്ടിട്ടുണ്ടാകണം.ബാലചന്ദ്രന്റെ എഴുത്തുകളിലുണ്ടായ ഒരന്തരാളഘട്ടത്തെ ഉള്‍ക്കൊള്ളാനാകാതെയാണ് ഇങ്ങനെയൊരു കത്ത് ഞാനെഴുതിയത്. ഒരു നിറുത്തലിനുശേഷം വീണ്ടും എഴുതിത്തുടങ്ങിയ അദ്ദേഹത്തിന്റെ കവിതകള്‍ ആദ്യകാല കവിതകളില്‍ നിന്ന് തുലോം വ്യത്യസ്തമായിരുന്നു. ആദ്യകവിതകളുടെ കടുത്ത ആരാധകനായിരുന്ന ഞാന്‍ പിന്നെ ഇങ്ങനെ പ്രതികരിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു?
അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ചുള്ളിക്കാട് ഒരു ഒഴിയാബാധയായിരുന്നു. അയാളുടെ കവിതകള്‍ കാണാതെ പഠിക്കുകയും ഉച്ചത്തില്‍ ചൊല്ലിരസിക്കുകയും ചെയ്യുക എന്നത് അക്കാലങ്ങളിലെ ഏറ്റവും രസകമായ ഒരേര്‍പ്പാടായിരുന്നു.ഗംഭീരമായ ഭാഷയില്‍ ആവിഷ്കരിക്കപ്പെട്ട ആശയങ്ങളുടെ ആ മഹാകാശത്തെ ഉള്‍ക്കൊള്ളാന്‍ തക്ക വിശാലതയില്ലാതെ എന്റെ ചെമ്പുകിടാരം കിടുകിടുത്തു.അയാള്‍ എന്റെ തണുപ്പുകളില്‍ ചൂടുപകര്‍ന്നു.ഏകാന്തതകളിലെ എന്റെ ശമിക്കാത്ത നിലവിളികളെ സാന്ത്വനപ്പെടുത്തി.ഓര്‍മകളുടെ ഓണം പകര്‍ന്ന വേദന ഞാന്‍ ഓരോ വായനയിലും ആവര്‍ത്തിച്ച് അനുഭവിച്ചു.ഏതോ കാലത്തിനു ശേഷം ജന്മനാട്ടില്‍ച്ചെന്നു വണ്ടിയിറങ്ങുന്നതു ഞാനാണെന്ന് അകമേ അനുഭവിച്ചു.അയാള്‍ കവിയാകാന്‍ ജനിച്ചയാളായിരുന്നു.വിധിവൈപരീത്യങ്ങളാല്‍ വഴിതെറ്റിയെന്നുമാത്രം.
ചുള്ളിക്കാടിന് പദ്യമെന്ന പോലെ ഗദ്യവും അതിമനോഹരമായി വഴങ്ങുമായിരുന്നു.എങ്ങനെയാണ് ഭാഷ ഇങ്ങനെ ദാസ്യപ്പണി ചെയ്യുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം ഏതോ ഒരഭിമുഖത്തില്‍ പറഞ്ഞ ഉത്തരം എഴുത്തച്ഛന്റെ അധ്യാത്മരാമായണം കാണാതെ പഠിക്കുക എന്നായിരുന്നു.അദ്ദേഹത്തിന്റെ ഗദ്യത്തിന്റെ മാധുര്യം അനുഭവിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ചിദംബരസ്മരണ എന്ന ഓര്‍മകളുടെ പുസ്തകം വായിക്കുകതന്നെ വേണം.താന്‍ അനുഭവിച്ച ജീവിതത്തിന്റെ ഏതൊക്കെയോ നിമിഷങ്ങളിലേക്ക് ആകസ്മികമായി വന്നുകയറി ജീവിതകാലത്തോളം നിലനില്ക്കുന്ന ഓര്‍മ്മപാടുകള്‍ അവശേഷിപ്പിച്ച ചിലരെ അനുസ്മരിക്കുകയാണ് അദ്ദേഹം ഈ പുസ്തകത്തില്‍ ചെയ്യുന്നത്. അരികുകളില്‍ ചോരപൊടിഞ്ഞിരിക്കുന്ന ആ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന നിങ്ങളുടെ കണ്ണുകളില്‍ നിന്നും നീരല്ല , ചോരയായിരിക്കുമുണ്ടാകുക എന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തട്ടെ !
എന്റെ ഗുരുനാഥന്‍ എന്ന പേരില്‍ ജി എന്‍ പിള്ളയെക്കുറിച്ചെഴുതിയ കുറിപ്പില്‍ സ്നേഹം എന്ന വാക്കിന്റെ അര്‍ത്ഥമെന്തെന്ന് ചോദിക്കുന്ന ബാലചന്ദ്രനെ നാം കാണുന്നു.ഒരു പ്രകാരത്തില്‍ അദ്ദേഹത്തിന്റെ കവിതകളാകെത്തന്നെ ഈ ചോദ്യത്തിന്റെ പ്രതിധ്വനികളും ഉത്തരങ്ങളും മാത്രമാണ്.
"എവിടെ ജോണ്‍ ?"
ആര്‍ത്തുപൊങ്ങുന്നിതാ
വെറും പൊടിയില്‍ നിന്നും
മനുഷ്യരക്തത്തിന്റെ നിലവിളി
മുട്ടുകുത്തിവീഴുമ്പോഴെന്‍
കുരലു ചീന്തിത്തെറിക്കുന്നു വാക്കുകള്‍ :
"അവനെ ഞാനറിയുന്നില്ല ദൈവമേ.
അവനു കാവലാള്‍ ഞാനല്ല ദൈവമേ." എന്ന ഉത്തരം സ്നേഹമില്ലായ്മയുടെ കഥയാണ് പറയുന്നത്.അപരനു കാവലാളായി കാത്തുപോരുക എന്ന ധന്യത അന്യമായ ഒരു സമൂഹത്തിനു മുന്നില്‍ ഇനിയും നിരാകരണങ്ങളല്ല വേണ്ടതെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ബാലചന്ദ്രന് കവിത.
തന്റെ ആസക്തിയുടെ കണ്ണുകളാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ബെറ്റി എന്ന സ്ത്രീയെക്കുറിച്ചുള്ള മറുപുറം കുറിപ്പ് എന്തായാലും വായിക്കുക.ആകാശംതൊടുന്ന വിധം കെട്ടിപ്പൊക്കിയിട്ടുള്ള കാമനകളുടെ കോട്ടകളെ ഇടിച്ചുപൊളിച്ചു കളയുന്ന നിശിതമായ ഒരു ഫലിതത്തിന്റെ മൂര്‍ച്ഛയില്‍ സ്വയം കരുങ്ങി നിങ്ങള്‍ കോര്‍ത്തു പിടയുന്നതുകാണാം.ഭ്രൂണഹത്യ, രാത്രിയിലെ അതിഥി, രാജകുമാരിയും യാചകബാലനും , ശിഷ്യ തുടങ്ങിയ കുറിപ്പുകളില്‍ തിളങ്ങി നില്ക്കുന്ന ഭാവങ്ങളെ തൊട്ടറിയുകയെന്നത് ഒരനുഭവം തന്നെയാണ്.
പ്രസാധകര്‍- ഡി സി ബുക്സ് , വില 80 രൂപ, 12 ആം പതിപ്പ് മെയ് 2009
Comments