#ദിനസരികള് 455 - നൂറു ദിവസം നൂറു പുസ്തകം – ഇരുപത്തിയെട്ടാം ദിവസം.‌







|| കേരളീയ കലാദര്‍ശനം ഡോ എം ജി ശശിഭൂഷണ്‍||
            മനുഷ്യന്‍ താന്‍ അധിവസിച്ചിരുന്ന ഗുഹകളുടെ ഭിത്തികളില്‍ എന്തിനായിരുന്നു വിവിധ രൂപങ്ങളെ കോറിയിട്ടിരുന്നത് ? വ്യക്തമായ ഒരുത്തരം നമുക്ക് മുന്നോട്ടു വെക്കാനില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യര്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിച്ചിരുന്ന ഗുഹകളിലൊക്കെ ഇത്തരം രേഖകളെ നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.അങ്ങനെ കണ്ടെത്തിയ ചില ചിത്രങ്ങള്‍ക്ക് ചിത്രങ്ങളെന്ന് വിളിക്കുന്നത് ആധുനികമായ ഭാവുകത്വങ്ങളുടെ സ്വാധീനത്തിലാണ്. രേഖകളെന്നോ വരകളെന്നോ മാത്രമാണ് നമുക്കവയെ കണക്കാക്കാന്‍ കഴിയുക- അറുപതിനായിരത്തോളം വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.മാന്ത്രകക്രിയകളുമായി ബന്ധപ്പെട്ടോ അധീശത്വങ്ങളെ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയോ ആശയ വിനിമയത്തിനു വേണ്ടിയോ ആകാം ഇത്തരം രൂപങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ടാകുക. എന്തുതന്നെയായാലും നമ്മുടെ കലാചരിത്രം തുടങ്ങുന്നത് അവിടെനിന്നുതന്നെയാണ്.
            കേരളീയ കലയുടെ വേരുകള്‍ അന്വേഷിച്ചുപോകുന്നവര്‍ ചെന്നെത്തിനില്ക്കുക വയനാട്ടിലെ എടക്കല്‍ ഗുഹകയുടേയും തിരുവനന്തപുരത്തെ പാണ്ഡവന്‍ പാറയുടേയുമൊക്കെ മുന്നിലായിരിക്കും. ആദിമരുടെ ആവാസകേന്ദ്രങ്ങളായിരുന്ന അവിടങ്ങളിലെ ഗുഹാഭിത്തികളിലാണ് നമ്മുടെ കലാചരിത്രം ആരംഭിക്കുന്നത്.സൂര്യന്റേയും അഗ്നിയുടേയും പ്രതീകങ്ങള്‍ , സ്വസ്തികയുടെ ആകാരഭേദങ്ങള്‍ , മാന്ത്രിക ചതുരങ്ങള്‍ , പട്ടിയേയും മാനിനേയും ഓര്‍മ്മിപ്പിക്കുന്ന മൃഗരൂപങ്ങള്‍ , മനുഷ്യ രൂപങ്ങള്‍ ലളിതമോ സങ്കീര്‍ണമോ ആയ ശിരോലങ്കാരങ്ങള്‍ ധരിച്ച് നൃത്തം ചെയ്യുന്നവര്‍, നീണ്ട വസ്ത്രം കൊണ്ട് ഉടല്‍ മൂടിയ സ്ത്രീ പനയോലെ പിടിച്ചു നില്ക്കുന്ന മനുഷ്യര്‍ , കലമാനുകള്‍ എന്നിങ്ങനെയാണ് എടക്കലില്‍ കാണുന്ന പ്രധാനപ്പെട്ട ചിത്രങ്ങളെന്ന് എഫ് ഫാസ്റ്റിനെ ഉദ്ധരിച്ച് ലേഖകന്‍ എഴുതുന്നു.ഈ പറഞ്ഞവ തന്നെയാണ് അവിടെ കോറിയിട്ടിരിക്കുന്ന രൂപങ്ങളെന്ന് കൃത്യമായി സ്ഥാപിച്ചെടുക്കുക അസാധ്യമാണെങ്കിലും ആ രേഖകള്‍ മനുഷ്യനിര്‍മ്മിതമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.അതുകൊണ്ടുതന്നെ എന്തോ ഒന്നിനെ ആവിഷ്കരിക്കാനുള്ള ശ്രമമാണ് ആ രേഖകളെന്ന് വ്യക്തമാണ്.നമ്മുടെ കലയുടെ ചരിത്രം ഇവിടെയാണ് ആരംഭിക്കുന്നത്.
            മഹാശിലാസ്മാരകങ്ങള്‍ മറ്റൊരു സാക്ഷ്യങ്ങളാണ്. അവ ഇരുമ്പു പരുവപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞവരുടെ കാലത്തെ അവശേഷിപ്പുകളാണ് . വീരക്കല്ല്, പടക്കല്ല്, പുലച്ചിക്കല്ല് എന്നിങ്ങനെ പല പേരില്‍ അറിയപ്പെടുന്ന നാട്ടുകല്ലുകള്‍ , കല്‍വലയങ്ങള്‍ പഴുതറകള്‍, മുനിയറകള്‍ , തൊപ്പിക്കല്ലുകള്‍ നന്നങ്ങാടികള്‍ തുടങ്ങിയവയൊക്കെ ഇക്കാലത്തും നിലനില്ക്കുന്നുണ്ട്.വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെയായി ബന്ധപ്പെട്ടിരിക്കുന്ന ഇത്തരം ശേഷിപ്പുകള്‍ മനുഷ്യന്റെ ഭാവനാശേഷിയുടെ മകുടോദാഹരണങ്ങളാണ്. മഹാശിലാ കാലഘട്ടത്തില്‍ മിനുസമുള്ള മണ്‍പാത്രങ്ങളും കത്തി വാള്‍ തുടങ്ങിയ ഇരുമ്പായുധങ്ങളേയുമൊക്കെ കണ്ടെത്തിയിട്ടുണ്ട്.ഓരോരോ ഉദ്ദേശം വെച്ച് പരുവപ്പെടുത്തിയെടുത്തവയാണ് അവ എന്ന കാര്യം പ്രത്യേകം പരാമര്‍ശിക്കട്ടെ.
            ഭാരതത്തിലെ കല സോദ്ദേശപരമായിരുന്നുവെന്നാണ് ആനന്ദകുമാരസ്വാമി പറയുന്നത്. ആവശ്യങ്ങളെ സാധിച്ചെടുക്കുന്നതിനു വേണ്ടിയാണ് അവ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.അതിനപ്പുറം വ്യക്തിപരമായ അങ്കലാപ്പുകളേയും സംന്ത്രാസങ്ങളേയും ആവിഷ്കരിക്കാനുള്ള ശ്രമത്തെ നാം അത്ര കണ്ട് പ്രോത്സാഹിപ്പിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ കലയോടുള്ള നമ്മുടെ ആഭിമുഖ്യം പ്രകടിപ്പിക്കപ്പെട്ടത് നിത്യജീവിതത്തിന്റെ ഭാഗമായിത്തീരുന്നവയെ മോടിപിടിപ്പിച്ചുകൊണ്ടാണ്.നമ്മുടെ വാസസ്ഥലങ്ങളും ആരാധനാലയങ്ങളുമൊക്കെ അത്തരം ആവിഷ്കാരങ്ങളുടെ വിതാനമായിത്തീരുന്നത് അങ്ങനെയാണ്. നാലുകെട്ടും എട്ടുകെട്ടും പതിനാറുകെട്ടുമൊക്കെയുള്ള ഭവനങ്ങളും മനോഹരമായ ചിത്രങ്ങളെഴുതി അലങ്കരിച്ച ചുവരുകളുമൊക്കെ കലയുടെ ചരിത്രത്തില്‍ നിര്‍ണായകമായ സ്ഥാനം വഹിക്കുന്നു.
            കേരളത്തിലെ ക്ഷേത്രങ്ങള്‍ ഇത്തരുണത്തില്‍ സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ്. വളരെ മനോഹരമായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങളുടെ ഒരു നിര തന്നെ നമുക്കുണ്ട്.കല്ലിലും മരത്തിലും തീര്‍ത്ത ശില്പങ്ങളും വളരെ മനോഹരമായി എഴുതപ്പെട്ട ചിത്രങ്ങളും നാം വഹിക്കുന്ന മഹത്തായ ഒരു കലാപാരമ്പര്യത്തെ ഓര്‍മ്മപ്പെടുത്തുന്നു. ഇത്തരത്തിലുള്ള മഹാകൃതികള്‍ നിര്‍മിക്കപ്പെടുന്ന കണക്കുകളെക്കൂടി ഈ പഠനത്തില്‍ നാം പരിഗണിക്കേണ്ടി വരും. തച്ചുശാസ്ത്രം എന്നാണ് ആ വിശേഷവിഭാഗം അറിയപ്പെടുന്നത്.നിര്‍മികള്‍ പ്രകൃതിയില്‍  മുഴച്ചു നില്ക്കാതിരിക്കുക എന്നതാണ് ഈ ശില്പികളുടെ ഒരു പ്രധാനപ്പെട്ട ലക്ഷ്യമെന്നു തോന്നും. അത്രമാത്രം ചുറ്റുപാടുകളോട് ഇഴുകിച്ചേര്‍ന്നാണ്  ഇവ നിലകൊള്ളുന്നത്. പ്രകൃതിയുമായുള്ള സ്വാഭാവികാനുരഞ്ജനം എന്നു വിശേഷിപ്പിച്ചാല്‍ കേരളീയ ക്ഷേത്ര വാസ്തുശില്പകലയില്‍ പ്രതിഫലിക്കുന്ന കേരള സംസ്കാരത്തെപ്പറ്റി പറയേണ്ടതെല്ലാം ആയി.ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുകൂലമായി രൂപംകൊണ്ട് പ്രാദേശിക ശൈലീ ഭേദങ്ങള്‍ ദക്ഷിണേന്ത്യയില്‍ കണ്ടുവരുന്ന പൊതുശൈലിയുമായി തനിമ നിലനിര്‍ത്തി അനുരഞ്ജനപ്പെട്ടത് എങ്ങനെയാണെന്നുകൂടി കേരളീയ ക്ഷേത്രങ്ങള്‍ വ്യക്തമാക്കുന്നുഎന്ന് ഗ്രന്ഥകാരന്‍ പറയുന്നു.
            കേരളീയമായ കലാമാതൃകകളെ ഓരോന്നായെടുത്തു പരിശോധിച്ചുകൊണ്ടാണ് ഡോ . ശശിഭൂഷന്‍ തന്റെ ഗ്രന്ഥം പൂര്‍ത്തിയാക്കിയിട്ടുള്ളത്.ആധുനിക ചിത്രകലയോളമെത്തി നില്ക്കുന്ന ആ പഠനം സമഗ്രമായ ഒരു കാഴ്ചപ്പാട് വായനക്കാരന് അനുവദിക്കുന്നുണ്ടെന്ന് നിസ്സംശയം പറയാം.കലയുടെ കമനീയമായ ശ്രീകോവിലുകളെ തേടുന്നവര്‍ക്ക് ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടുതന്നെയാണ്.

പ്രസാധകര്‍- കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് , വില 80 രൂപ, ഒന്നാം പതിപ്പ് ഫെബ്രുവരി 2014


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം