#ദിനസരികള് 456 - നൂറു ദിവസം നൂറു പുസ്തകം – ഇരുപത്തിയൊമ്പതാം ദിവസം.‌







|| എന്റെ കഥ മാധവിക്കുട്ടി||
            ഒന്നിടവിട്ട അടരുകളില്‍ ഇക്കിളികളെ തിരുകിവെച്ച് നിര്‍മിച്ചെടുത്ത ഒരു സ്വപ്നാടനം ആത്മകഥയെന്ന പേരില്‍ അറിയപ്പെടണമെന്നാണ് അതെഴുതിയ ആളുടെ ആഗ്രഹമെങ്കില്‍ അങ്ങനെയാവട്ടെ എന്ന് തലകുലുക്കാനേ നമുക്കു കഴിയൂ, പുസ്തകങ്ങള്‍ക്ക് പേരിടുന്നതിനെപ്പറ്റിയും തരംതിരിക്കലുകളെപ്പറ്റിയും വ്യക്തമായ നിയമങ്ങളൊന്നും നിലവിലില്ലാത്ത കാലത്ത് പ്രത്യേകിച്ചും. അതുകൊണ്ട് മാധവിക്കുട്ടി ആത്മകഥയെന്ന വിഭാഗത്തില്‍  പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തെ ആത്മകഥ എന്നുതന്നെ നമ്മളും വിളിക്കുക.
            എം കൃഷ്ണന്‍  നായര്‍ ഒരിക്കല്‍ പറഞ്ഞ ഒരു കഥയുണ്ട്. ഒരു രാക്കടയുടെ ഇത്തിരിവെട്ടത്തിലിരുന്ന് കലാകൌമുദിയിലെ വാരഫലം വളരെ ശ്രദ്ധിച്ചു വായിക്കുന്ന ഒരാളെ അദ്ദേഹം കണ്ടത്രേ ! ഇത്ര വിഷമിച്ച് തന്റെ എഴുത്തുകളെ പിന്തുടരുന്ന ഒരാളെ കണ്ടപ്പോള്‍ ഇത്തിരി അഹംഭാവം ആര്‍ക്കായാലും തോന്നുമല്ലോ. കൊച്ചുകുടില്‍ മുതല്‍ കൊട്ടാരം വരെ തന്റെ എഴുത്ത് എത്തിച്ചേരണമെന്ന് ആഗ്രഹിക്കുന്ന ആരേയും ഈ കാഴ്ച ആനന്ദതുന്ദിലനാക്കും. അദ്ദേഹം പതിയെ ആ വായനക്കാരനെ സമീപിച്ച എന്നിട്ട് ചോദിച്ചു
ഇത്ര ശ്രദ്ധിച്ച് വായിക്കാന്‍ അതിലെന്താണുള്ളത് .. ?”
ഒന്നു ഞെട്ടിയ പോലെ മുഖമുയര്‍ത്തിക്കൊണ്ട് അയാള്‍ പ്രതിവചിച്ചു
ഇതു വായിക്കാന്‍ നല്ല രസാ “.. ആ നല്ല രസാ എന്ന മറുപടിയില്‍ കൃഷ്ണന്‍ നായര്‍ സ്തംബ്ദനായി.വാരഫലത്തില്‍ മേമ്പോടി ചേര്‍ക്കുമായിരുന്ന എരുവുകളിലാണ് വായനക്കാരന്‍  മുഴുകിപ്പോയത്. ഇക്കഥ നടന്നതാണോ അല്ലയോ എന്നതൊന്നും നമുക്കറിയില്ല.പക്ഷേ എന്റെ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ പൊടുന്നനെ എന്റെ മനസ്സിലേക്ക് അദ്ദേഹം പറഞ്ഞ ഇക്കാര്യമാണ് ഓടിയെത്തിയത്.
            അതിനപ്പുറം മറ്റൊരു മൂല്യവും മാധവിക്കുട്ടിയുടെ ആത്മകഥ വായനക്കാരന് പകരുന്നുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ പരിപക്വമാനസനായ കെ പി അപ്പന്റെ കുറിപ്പില്‍ നിന്നം എടുത്തുചേര്‍ത്തിരിക്കുന്ന വചനങ്ങളാണ് പിന്‍കുറിപ്പില്‍ (Blurb – എന്താണ് ഇതിന്റെ മലയാളത്തിലെ ഒറ്റവാക്ക് എന്നറിയില്ല ) ഉള്ളത് ഈ കലാസൃഷ്ടി ഒരേ സമയം ആത്മകഥയും സ്വപ്നസാഹിത്യവുമാണ്അപ്പനെ തോക്കുചൂണ്ടി ഭയപ്പെടുത്തിയാണ് കലാസൃഷ്ടി എന്ന വാക്കു എഴുതിപ്പിച്ചതെന്നാണ് എനിക്കു തോന്നുന്നത്.എന്റെ കഥ ഒരു കലാസൃഷ്ടിയായി ഉയരണമെങ്കില്‍ ഇനിയുമൊരു രണ്ടുതവണയെങ്കിലും മാധവിക്കുട്ടി മലയാളത്തില്‍ ചിന്തിച്ച് മലയാളത്തില്‍  മാറ്റിയെഴുതേണ്ടി വരുമെന്നു മാത്രം.
            മാധവിക്കുട്ടിയുടെ എഴുത്ത് പലപ്പോഴും കൃത്രിമവും അസത്യവുമാണെന്നു ജാഗരൂകനായ വായനക്കാരന് മനസ്സിലാകും. അതുകൊണ്ടായിരിക്കണം സ്വപ്നസാഹിത്യമെന്ന് അപ്പന്‍ ചൂണ്ടിക്കാണിച്ചത്.ആത്മകഥകള്‍ എത്രമാത്രം സാങ്കല്പികമാകാമെന്നതിന് മാനദണ്ഡങ്ങളൊന്നുമില്ലെന്നിരിക്കേ ഇതൊരു കുറ്റമായി പരിഗണിക്കുക വയ്യ. പക്ഷേ വായനക്കാരോട് ഉത്തരവാദിത്തമില്ലായ്മയാണ് എന്ന കാര്യത്തില്‍ സംശയമില്ല.നുണകളെ സത്യമാക്കുക എന്ന മാന്ത്രികവിദ്യയാണ് സാഹിത്യരചന എന്നതിരിക്കേ , സത്യം പറയേണ്ടിടത്ത് എത്രമാത്രം നുണയാകാം എന്നത് ഉന്നയിക്കപ്പെടാനിടയുള്ള ഒരു ചോദ്യമാണ്.
            തവിട്ടു നിറത്തിന്റെ അപകര്‍ഷത വലച്ചിരുന്ന ഒരാളാണ് എഴുത്തുകാരി എന്ന് ഈ കൃതി ഉടനീളം പ്രഖ്യാപിക്കുന്നുണ്ട്.ആ അപകര്‍ഷത തന്നെ പ്രേമിക്കുകയും കാമിക്കുകയും ചെയ്യുന്ന നിരവധിയാളുകളെ സങ്കല്പിക്കുവാനും അതില്‍ അഭിരമിക്കുവാനുമുള്ള അബോധമായ പ്രേരണയായി.അതു ആവിഷ്കരിച്ചതാണ് ഈ കൃതിയിലെ മിക്ക സംഭവവുമെന്ന് അസ്വാഭാവികമായ ആവിഷ്കരണരീതി വിളിച്ചു പറയുന്നുണ്ട്.കൃത്രിമത്വം നിറഞ്ഞ നില്ക്കുന്ന പരിസരങ്ങളിലാണ് ആ സംഭവങ്ങളില്‍ പലതും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അടുത്ത വീട്ടിലെ താമസക്കാരനെ വേലക്കാരി കൂട്ടിക്കൊണ്ടുവന്ന് തന്നെ ഭോഗിപ്പിക്കുന്ന ഒരു കഥ പറയുന്നുണ്ട് മാധവിക്കുട്ടി. അത് എത്രമാത്രം അസത്യമാണതെന്ന് ഒറ്റ വായനയില്‍ത്തന്നെ നമുക്കുറപ്പാകും.അസത്യഭാഷണംകൊണ്ട് ഈ പുസ്തകമാകെ നിറച്ചുവെച്ചിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാനാകുക.
            മാധവിക്കുട്ടി നുണ പറയുന്നു എന്നതിന് വേറേയും തെളിവുണ്ട്.ഒരേ സംഭവം രണ്ടിടങ്ങളില്‍ പരാമര്‍ശിക്കുമ്പോള്‍ രണ്ടുതരത്തിലാകുന്നു. ഒരിടത്ത് തന്റെ ജ്യേഷ്ഠന് ഹിറ്റ്ലറെയായിരുന്നു ഇഷ്ടമെന്ന് അവര്‍ എഴുതുന്നു.മറ്റൊരിടത്താകട്ടെ ആ ഇഷ്ടം മുസോളിനിയോടാണ് എന്നാണ് പറയുന്നത്. സാങ്കേതികമായ ഒരു പിഴവ് എന്നതിനപ്പുറം മറ്റൊന്നുമിതിലില്ല എന്ന് പുരികം ചുളിക്കുന്നവരുണ്ടാകാമെങ്കിലും സുവ്യക്തമായി നില്ക്കുന്ന ഒരു കള്ളത്തരത്തെ ചൂണ്ടിക്കാണിച്ചുവെന്നേയുള്ളു.എരിവും പുളിയും തേടുന്ന , എന്നാല്‍ ഫയറും മുത്തുച്ചിപ്പിയും നേരിട്ടു വാങ്ങിക്കാന്‍ മടിക്കുന്ന മാന്യരായവായനക്കാര്‍ക്ക് എന്റെ കഥ ആശ്വാസമായേക്കാം. അതിനപ്പുറം സാഹിത്യമൂല്യങ്ങളെ പിന്‍പറ്റിയുള്ള ഒരു വിലയിരുത്തില്‍ ഓട്ടക്കാലണമാത്രമാണെന്ന് വിധിയെഴുതേണ്ടിവരും.
            എന്നിരുന്നാലും ഒരു കാര്യം അസന്നിഗ്ദമായി പറയുക. തന്റെ വികാരങ്ങളെ മാനിക്കുന്ന കേവലമായ ശരീരത്തെ മാത്രം തീണ്ടി നില്ക്കുന്ന ഭോഗങ്ങള്‍ക്കപ്പുറമുള്ള ഒരു പ്രണയത്തെ മാധവിക്കുട്ടി അന്വേഷിക്കുന്നുണ്ടായിരുന്നു.ആ പ്രണയത്തെ തന്റെ സങ്കല്പങ്ങളിലൂടെ സാധിച്ചെടുക്കുന്നതിനുള്ള കുറുക്കുവഴിയായാണ് എഴുത്തിനെ അവര്‍ ഉപയോഗിച്ചത്. വറ്റവരളാത്ത പ്രണയക്കടലിനെ സ്വപ്നം കണ്ട ഒരു മനസ്സിന്റെ ആവിഷ്കാരമെന്ന രീതിയിലുള്ള പ്രാധാന്യം അങ്ങനെ എന്തെങ്കിലും പ്രാധാന്യമുണ്ടെങ്കില്‍ - ഈ കൃതിക്കു ലഭിക്കുമെന്നു മാത്രം.
           
           

പ്രസാധകര്‍- ഡി സി ബുക്സ്  , വില 60 രൂപ, 28 ആം  പതിപ്പ് ജനുവരി 2006

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം