#ദിനസരികള് 452 - നൂറു ദിവസം നൂറു പുസ്തകം – ഇരുപത്തിയഞ്ചാം ദിവസം.‌



||1975 അടിയന്തിരാവസ്ഥയുടെ ഓര്‍മപ്പുസ്തകം - എഡിറ്റര്: ഷാനവാസ് എം എ||

            1975 ല്‍ ജൂണ്‍ ഇരുപത്തിയൊന്നാം തീയതി എ കെ ജി പാര്‍ലമെന്റില്‍ ഇങ്ങനെ പ്രസംഗിച്ചു :- ''പാര്‍ലമെന്റിലെ 30 അംഗങ്ങള്‍ ഇവിടെ സന്നിഹിതരായിട്ടില്ല. സ്വമേധയാ അല്ല അവര്‍ ഹാജരാകാതിരുന്നത്. വിചാരണ കൂടാതെ തടങ്കലില്‍ ആക്കപ്പെട്ടതുമൂലമാണ് അവര്‍ക്ക് ഇവിടെ സന്നിഹിതരാകാന്‍ കഴിയാതെ വന്നത്. ഈ അസാധാരണവും ഏറ്റവും അസ്വസ്ഥ ജനകവുമായ ഒരു സ്ഥിതിവിശേഷത്തിലാണ് ഞാന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റുനില്‍ക്കുന്നത്. ഇന്ദിരാഗാന്ധിയും അവരുടെ പാര്‍ടിയും പാര്‍ലമെന്റിനെ തന്നെ ഒരു പ്രഹസനവും അവഹേളനാപാത്രവുമാക്കിയിരിക്കുകയാണ്. ഞാന്‍ തന്നെ അറസ്റ്റ് ചെയ്യപ്പെട്ട് ഒരാഴ്ച ജയിലിലായിരുന്നു.'' ( അടിയന്തിരാവസ്ഥക്ക് നാല്പത് പിണറായി വിജയന്‍ ) ഈ പ്രസംഗം കഴിഞ്ഞ് നാലാമത്തെ ദിവസം ഇന്ത്യയുടെ ഭരണഘടന റദ്ദുചെയ്തുകൊണ്ട് അടിയന്തിരാവസ്ഥ നിലവില്‍ വന്നു അതിഭീകരമായ തരത്തിലുള്ള ആക്രമണങ്ങളാണ് ഇതിന്റെ തുടര്‍ച്ചയായി രാജ്യത്താകമാനം ഉണ്ടായത്. കേരളവും ഭിന്നമായിരുന്നില്ല. പൊലീസ് ക്യാമ്പുകളും ജയിലറകളും ക്രൂരതകളുടെ കേന്ദ്രങ്ങളായി. കോണ്‍ഗ്രസ് അല്ലാത്ത രാഷ്ട്രീയപാര്‍ടികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം വിലക്കുകയും പ്രവര്‍ത്തകരെ വേട്ടയാടുകയും ചെയ്തു. കേരളം അതുവരെ കാണാത്ത പീഡനമുറകള്‍ അരങ്ങേറി. പൊലീസ് ക്യാമ്പുകളില്‍ ഉരുട്ടലും ഗരുഡന്‍ തൂക്കവും സാങ്കല്‍പിക കസേരയില്‍ ഇരുത്തലും അടക്കം അനേകം മര്‍ദനമുറകള്‍. ഇരുപതിനായിരത്തിലധികം പേര്‍ നേരിട്ട് പീഡനത്തിന് ഇരയായി. മര്‍ദ്ദനം അരങ്ങേറാത്ത ഒരൊറ്റ പൊലീസ് സ്റ്റേഷനും അവശേഷിച്ചിരുന്നില്ല. പൊലീസും കോണ്‍ഗ്രസ് ഗുണ്ടകളും ചേര്‍ന്നുള്ള വിളയാട്ടമായിരുന്നു. പ്രതിപക്ഷ പാര്‍ടി പ്രവര്‍ത്തകരെ ഒറ്റിക്കൊടുക്കുക, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുക എന്നിവയായിരുന്നു കോണ്‍ഗ്രസുകാരുടെ അന്നത്തെ പ്രധാന ജോലി. ഇന്ന് ആ പാര്‍ടിയുടെ തലപ്പത്ത് ഇരിക്കുന്ന പലരും അത്തരം ജോലികളില്‍ വ്യാപൃതരായിരുന്നു(അതേ ലേഖനം )
            പിണറായി വിജയന്‍ വിശദീകരിച്ച അടിയന്തിരാവസ്ഥയെ അടയാളപ്പെടുത്തുകയാണ് അടിയന്തിരാവസ്ഥയുടെ ഓര്‍മപ്പുസ്തകത്തിലൂടെ എം എ ഷാനവാസ് നിര്‍വഹിക്കുന്നത്.എന്നാല്‍ എകെജി അടക്കമുള്ള സി പി ഐ എമ്മിന്റെ നേതാക്കന്മാരെ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസ്സും ക്രൂരമായി വേട്ടയാടിയിട്ടും അവരുടെ അനുഭവങ്ങളോ ഓര്‍മ്മക്കുറിപ്പുകളോ വേണ്ടത്ര രീതിയില്‍ ഈ പുസ്തകത്തില്‍ ഉള്‍‌പ്പെടുത്തിയില്ല എന്നത് കടുത്ത പോരായ്മയാണ്.എഡിറ്റര്‍ എന്ന നിലയില്‍ പാലിക്കേണ്ട നിഷ്പക്ഷത ഷാനവാസ് കാണിച്ചിട്ടില്ല എന്നു പറയാതെ വയ്യ.ഇടതുപക്ഷത്തിന്റെ അനുഭവമില്ലാതെ ഈ പുസ്തകത്തിന് സമഗ്രതയുണ്ടാവില്ലെന്ന് തിരിച്ചറിയാനുള്ള ശേഷി എഡിറ്റര്‍ക്കില്ലെന്ന് വിശ്വസിക്കുക പ്രയാസമാണ്.
            രാഷ്ട്രീയ നേതാവെന്ന നിലയില്‍ നെഹറുവിന്റെ ദീര്‍ഘദൃഷ്ടിയോ ഹൃദയവിശാലതയോ ഇന്ദിരക്ക് അന്യവും അപ്രാപ്യവുമായിരുന്നു.പിതാവിനെപ്പോലെ യുക്തിവാദിയോ ജനാധിപത്യവിശ്വാസിയോ ആയിരുന്നില്ല മകള്‍.കുട്ടിക്കാലം മുതല്‍ ദിവ്യശക്തിയുള്ള ഏലസ്സുകളിലും രുദ്രാക്ഷങ്ങളിലും അവര്‍ക്ക് വിശ്വാസമായിരുന്നു.എന്ന് കെ രാജേശ്വരി ഏകാധിപതിയുടെ ഹേമന്ദദിനങ്ങള്‍ എന്ന ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നത് , ഇന്ദിരയുടെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്.മകന്‍ സഞ്ജയിന്റെ നിയന്ത്രണത്തില്‍ എല്ലാവിധ പൌരാവകാശങ്ങളേയും ധ്വംസിച്ചുകൊണ്ട് അവര്‍ നടത്തിയ നീക്കങ്ങള്‍ വ്യക്തമാക്കാന്‍ ഈ ലേഖനം സഹായിക്കും.
            ക്രൂരമായ പീഢനങ്ങളുടെ കഥ പലരും അനുസ്മരിക്കുന്നുണ്ട്.എന്‍ എം അരവിന്ദന്‍, അബ്രഹാം ബെന്‍ഹര്‍, കെ വേണു, കെ എന്‍ രാമചന്ദ്രന്‍ എന്നിവര്‍ അവരില്‍ ചിലരാണ്.നിഷ്ഠൂരമായി പീഢിപ്പിച്ചുകൊന്ന രാജനെക്കുറിച്ച്  ഡോ ആര്‍ പ്രസന്നനും ആ കേസ് അട്ടിമറിച്ചതെങ്ങനെ എന്ന് വിജു വി നായരും എഴുതുന്നു. വിജുവിന്റെ ലേഖനം രാജന്‍ കേസിനെക്കുറിച്ച് ഇനിയെങ്കിലും സത്യസന്ധവും വ്യക്തവുമായ ഒരന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്ക വിരല്‍ ചൂണ്ടുന്നു.രാജന്‍ കൊലക്കേസു പ്രതിയാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നും നാടാകെ കരുണാകരന്‍ പ്രസംഗിച്ചു നടന്നു. അങ്ങനെ പോലീസ് രാജനെ അറസ്റ്റു ചെയ്തുവെന്ന് വ്യക്തമായി. അപ്പുക്കുട്ടന്‍ വള്ളിക്കുന്നെഴുതിയ ഒരു കുറിപ്പില്‍ രാജന്‍ കൊല്ലപ്പെട്ടതായി ഒരു പോലീസുകാരന്‍ സമ്മതിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.ഡി ജി പി മധൂസൂദനനും രാജനെ പിടിച്ചതായും ആ അറസ്റ്റിന്റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയുന്നില്ലെന്നും സമ്മതിക്കുന്നുണ്ട്.
            സി വി ശ്രീരാമനും എംപി നാരായണപിള്ളയും വി വി രുക്മിണിയുമൊക്കെ എഴുതിയ കഥകളും അയ്യപ്പപ്പണിക്കരും വൈലോപ്പിള്ളിയും സച്ചിദാനന്ദനും കടമ്മനിട്ടയും എഴുതിയ കവിതകളും ഈ പുസ്തകത്തില്‍ ഉള്‍‌പ്പെടുത്തിയിട്ടുണ്ട്.അനുഭവങ്ങളേയും ഓര്‍മകളേയും തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ എഡിറ്ററുടെ പക്ഷപാതം പങ്കാളിയാണെങ്കിലും ഉള്‍‌പ്പെടുത്തി പല ലേഖനങ്ങളുടേയും സത്യസന്ധമായ ആവിഷ്കാരങ്ങളെ അംഗീകരിക്കുകതന്നെ വേണം. രാജന്റെ അമ്മ രാധയെക്കുറിച്ചു എഴുതാന്‍ തോന്നിയ മനസ്സാക്ഷിയെ നമിക്കാതെ പോകാന്‍ കഴിയുമോ? അടിയന്തിരാവസ്ഥ എന്ന ക്രൂരതയെ മലയാളികള്‍ അനുഭവിച്ച വിധം രേഖപ്പെടുത്തുന്നതില്‍ ഈ പുസ്തകം ഭാഗികമായി വിജയിച്ചിട്ടുണ്ട്.
                         

പ്രസാധകര്‍- പ്രണത ബുക്സ് , വില 200 രൂപ, ഒന്നാം പതിപ്പ് മാര്‍ച്ച് 2006

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1