#ദിനസരികള് 453 - നൂറു ദിവസം നൂറു പുസ്തകം – ഇരുപത്തിയാറാം ദിവസം







||മന്ത്രവാദം കേരളത്തില്‍  - കാട്ടുമാടം നാരായണന്‍||
            മന്ത്രവാദം കേരളത്തില്‍ എന്ന പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള അഭിമുഖത്തില്‍ കാട്ടുമാടം നാരായണന്‍ ഇങ്ങനെ പറയുന്നു :- തനിക്കു നല്ല വിളവുണ്ടാകാന്‍ മഴ തരണമേ എന്ന് വരുണനോട് പ്രാര്‍ത്ഥിച്ച കൂട്ടത്തില്‍ തന്റെ ശത്രുവിന്റെ തലയില്‍ ഇടിത്തീ വീഴ്ത്തണമേ എന്ന് ഇന്ദ്രനോടും പ്രാര്‍ത്ഥിച്ചിട്ടുണ്ടാകും.കുടുംബവും വീടുകളും വന്നപ്പോള്‍ അവയോടൊപ്പം സ്നേഹവും മത്സവും വിരോധവുമുണ്ടായല്ലോ.നല്ലതു വരാന്‍ വേണ്ടി ദീനം മാറാന്‍ വേണ്ടി ചെയ്യുന്നത് സന്മന്ത്രവാദം, തന്റെ നന്മക്കുവേണ്ടി പരദ്രോഹം ചെയ്യുന്നത് ദുര്‍മന്ത്രവാദം.എന്താണ് മന്ത്രവാദമെന്നും അത് എന്തിനായാണ് ഉപയോഗിച്ചു പോന്നിരുന്നതെന്നും ഈ വാക്കുകള്‍ സൂചന നല്കുന്നുണ്ട്.താന്‍ അശക്തനായിരിക്കുന്നിടത്തോളം ഇത്തരം അഭൌതികമായ ശക്തികളുടെ സഹായത്തോടെ അതിജീവിക്കാന്‍ ശ്രമിക്കുന്ന മനുഷ്യരെയാണ് മന്ത്രവാദത്തില്‍ നാം കാണുന്നത്.
            ഇത്തരം മന്ത്രവാദത്തെപ്പറ്റിയുള്ള പുസ്തകങ്ങള്‍ വായിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ അതോ വെറുതെ സമയം കളയുകയാണോ എന്നൊരു ചോദ്യമുണ്ട്. ഗുണമുണ്ട് എന്നു തന്നെയാണുത്തരം. ഒരു കാലത്ത് മനുഷ്യന്‍ എങ്ങനെയൊക്കെ ചിന്തിച്ചിരുന്നു, അവന്റെ ആവശ്യങ്ങളെന്തായിരുന്നു, അതിനുവേണ്ടി അവന്‍ നടത്തിയ ശ്രമങ്ങളെന്തൊക്കെയായിരുന്നു, പൊതുവായി അവനെ ബാധിക്കുന്ന രോഗങ്ങളെന്തൊക്കെയായിരുന്നു തുടങ്ങി ഒരു പറ്റം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് മന്ത്രങ്ങളേയും അതിന്റെ സവിശേഷമായ രീതികളേയും കുറിച്ച് പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.അതുകൊണ്ട് മന്ത്രവാദത്തെക്കുറിച്ചും അതിന്റെ പ്രയോഗരീതികളെക്കുറിച്ചുമൊക്കെ നാം പഠിക്കുന്നത് ഒരു കാലത്തെ ജനത എങ്ങനെയാണ് ചിന്തിച്ചതും ജീവിച്ചതുമെന്ന് മനസ്സിലാക്കാനുള്ള വഴിയാണെന്നതുകൊണ്ടുമാണ്. അതുപോലെ സൈക്കോഡ്രാമ എന്ന നിലയില്‍ മന്ത്രവാദമുണ്ടാക്കുന്ന മനശാസ്ത്രപരമായ സ്വാധീനങ്ങള്‍ എന്തെല്ലാമെന്ന്  ഇനിയും  മനസ്സിലാക്കേണ്ടതുണ്ട്.എന്നാല്‍ ഇക്കാലങ്ങളിലും ഈ മന്ത്രവാദാദികളുടെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നുവോയെന്ന് പരിശോധിക്കേണ്ടതുണ്ട്.ശാസ്ത്രരംഗം വേണ്ടത്ര വികസിച്ചിട്ടില്ലാത്ത ഒരു കാലത്ത് നമുക്ക് അശാസ്ത്രീയമായ പലതിനേയും ശരിയെന്നു കരുതി സ്വീകരിക്കേണ്ടിവന്നേക്കാം.മരുന്നുകളില്ലാതിരിക്കുമ്പോള്‍ മന്ത്രവാദത്തിലൂടെ പരിഹാരം കാണാം എന്ന ആശ്വാസമാണ് അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
            ദൈവമുണ്ടോ ? ഉത്തരം ഉണ്ട് എന്നാണെങ്കില്‍ നിങ്ങള്‍ പിശാചിലും വിശ്വസിക്കണം.പിന്നെ ദൈവത്തേയും പിശാചിനേയും ചുറ്റി ഇടംവലം തിരിയുന്ന സര്‍വ്വതിനേയും വിശ്വസിക്കണം.അതില്‍ സന്മന്ത്രവാദവും ദുര്‍മന്ത്രവാദവുമൊക്കെ ഉള്‍‌പ്പടും.ഭൂതപ്രേതാദികളേയും യക്ഷി കിന്നര ഗന്ധര്‍വ്വാദികളേയുമൊക്കെ വിശ്വസിക്കണം. മരണാനന്തര ജീവിതവും പുനര്‍ജന്മവുമൊക്കെയുണ്ടെന്ന് വിശ്വസിക്കണം.ദൈവമുണ്ടെന്നും മറ്റൊന്നുമില്ലെന്നും വിശ്വസിക്കുന്ന ചിലരുണ്ട്. അതുതെറ്റാണ്.ആ അര്‍ത്ഥത്തില്‍ എന്താണ് മന്ത്രവാദമെന്നും അതുകൊണ്ടുദ്ദേശിക്കുന്നതെന്തെല്ലാമെന്നും ഈ പുസ്തകം ചൂണ്ടിക്കാണിക്കുന്നുണ്ട്. അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളിലും എന്നല്ലോ ലോകത്തെ ഒട്ടുമിക്കപ്രദേശങ്ങളിലും ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ മന്ത്രവാദത്തെ കണ്ടെത്താം.
പ്രസാധകര്‍- മാതൃഭൂമി ബുക്സ് , വില 75 രൂപ, ഒന്നാം പതിപ്പ് മാര്‍ച്ച് 2012


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1