#ദിനസരികള് 454 - നൂറു ദിവസം നൂറു പുസ്തകം – ഇരുപത്തിയേഴാം ദിവസം.‌





|| കാവ്യശാസ്ത്രം കഥകളിലൂടെ ഡോ ടി ഭാസ്കരന്‍||
            ഭാരതീയമായ കാവ്യസിദ്ധാന്തങ്ങളെ കഥകളിലൂടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് വിഖ്യാത പണ്ഡിതനായ ഡോ. ടി ഭാസ്കരന്‍ കാവ്യശാസ്ത്രം കഥകളിലൂടെ എന്ന പുസ്തകത്തില്‍ നടത്തുന്നത്.കവിതയുടെ സ്വരൂപം, കാവ്യഘടകങ്ങള്‍ , കവിയുടെ സിദ്ധികള്‍ , കാവ്യപ്രയോജനം, അനുവാചകന്റെ യോഗ്യത എന്നിങ്ങനെയുളള കാവ്യശാസ്ത്ര വിഷയങ്ങള്‍ കഥകളാകുന്ന പൂക്കളില്‍ കോര്‍ത്തുകെട്ടാനാണ് ഇവിടുത്തെ ശ്രമം. എന്നാണ് ഈ കൃതി രചിക്കുമ്പോള്‍ തന്റെ മനസ്സിലുണ്ടായിരുന്ന വിചാരങ്ങളെന്ന് അദ്ദേഹം ഉപോത്ഘാതത്തില്‍ സൂചിപ്പിക്കുന്നു.കവിത എന്താണ്, എങ്ങനെയാണ് അത് അനുഭവപ്പെടുന്നത്, അനുഭവപ്പെടുത്തലിന് ഉപയോഗിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണ്, കവിതക്ക് ബാഹ്യവും ആഭ്യന്തരവുമായ കെട്ടുറപ്പുകള്‍ നേടിയെടുക്കുന്നതെങ്ങനെ ഇത്യാദി വിഷയങ്ങള്‍ ഭാരതീയ കാവ്യസിദ്ധാന്തരംഗത്ത് ആഴവും പരപ്പുമുള്ള നിരവധി കാഴ്ചപ്പാടുകളെ അവതരിപ്പിച്ചിട്ടുണ്ട്.ഏറ്റവും ശബ്ദായമാനമായ ഒന്നായിരുന്നു ഈ ചര്‍ച്ചാവേദിയെന്ന് പൂര്‍വ്വസൂരികളുടെ അതിവിശിഷ്ടമായ ഗ്രന്ഥങ്ങള്‍ നമുക്ക് പറഞ്ഞുതരും.ഒന്നുകൂടി കടത്തിപ്പറഞ്ഞാല്‍ കാവ്യസിദ്ധാന്തത്തോളം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു രംഗം നമുക്കില്ല എന്നുതന്നെ പറയാം.
            അപാരേ കാവ്യസംസാരേ
            കവിരേവ പ്രജാപതി
            യഥാതെ രോചതേ വിശ്വം
            തഥേദം പരിവര്‍ത്തതേ - ആനന്ദവര്‍ദ്ധനന്‍ ധ്വാന്യാലോകത്തില്‍ പറയുന്ന പ്രസിദ്ധമായ ഈ ശ്ലോകത്തെ ഉദ്ധരിച്ചുകൊണ്ടാണ് കവി ആരാണെന്ന് വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. കാവ്യസംസാരത്തിലെ പ്രജാപതിതന്നെയാണ് കവി. സൃഷ്ടിയുടെ ലോകത്ത് അയാള്‍ ഏകാധിപതിയാണെന്ന കാര്യത്തില്‍ ആധുനിക കാഴ്ചപ്പാട് പുലര്‍ത്തുന്ന നമുക്കും വ്യത്യസ്തമായ അഭിപ്രായമുണ്ടാവില്ലെന്നു കരുതാം.സമൂഹത്തെ മാറ്റിത്തീര്‍ക്കാനും മുന്നോട്ടു നയിക്കാനും സംസ്കരിച്ചെടുക്കാനും ഒരെഴുത്തുകാരന്‍ ശ്രമിക്കുമ്പോഴാണ് താന്‍ ജീവിക്കുന്ന കാലത്തോട് അയാള്‍ നീതി പുലര്‍ത്തുന്നവനാകൂ എന്ന വസ്തുത കൂടി കാണാതിരിക്കരുത്.അങ്ങനെ കാലത്തെ മുന്നോട്ടു നയിക്കുന്നവനായതുകൊണ്ടാണ് നാനൃഷി കവി എന്നു കൂടി കവിയെ നിര്‍ണയിച്ചെടുക്കുന്നത്.
            അഹംഭാവം എന്ന അധ്യായത്തില്‍ നമ്മുടെ കവികളൊക്കെ ശ്രദ്ധിക്കേണ്ട ഒരു കാര്യം സരസ്സമായി ശ്രീ ഭാസ്കരന്‍ പറയുന്നു. അത് അഹംഭാവത്തെപ്പറ്റിയാണ്. കവിക്ക് കഴിവുകള്‍ ഉണ്ടായിരുന്നാല്‍ മാത്രം പോര തനിക്ക് ആ കഴിവുകള്‍ ഉണ്ടെന്ന് അറിയുകയും വേണം.പക്ഷേ അത് അഹംഭാവമായി മാറാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.കഴിവിന്റെ യഥാര്‍ത്ഥ സ്വഭാവവും അതിന്റെ പരിമിതികളും അറിഞ്ഞിരുന്നാല്‍ അഹംഭാവം ഉദിക്കുകയില്ല എന്നാല്‍ നാം നമ്മുടെ ചുറ്റുവട്ടങ്ങളില്‍ കാണുന്ന  കവികളുടെ കാര്യം ഇങ്ങനെയൊന്നുമല്ല. കയ്യിലൊരു കോപ്പുമുണ്ടാകില്ല. എന്നാല്‍ മഹാകവിയാണെന്നാണ് ഭാവം എന്നു തോന്നിപ്പോകും അവരില്‍ പലരുടേയും രീതികള്‍ കണ്ടാല്‍. എന്തെങ്കിലും നാലുവരി കുത്തിക്കുറിച്ച് തനിക്കിഷ്ടമുള്ളവരെ കാണിച്ച ബലേ ഭേഷെന്ന് അഭിനന്ദനവും വാങ്ങി പുരപ്പുറത്തുകേറി നില്ക്കുന്ന അത്തരക്കാരെ കാണുമ്പോള്‍ കാവ്യദേവത തലകുനിച്ചു പോകും.ഈ അഹംഭാവത്തില്‍ പുരട്ടിയ അല്പത്തരം അവരൊഴിച്ച് ബാക്കിയെല്ലാവരും കാണുന്നുണ്ടാകും.ഇത്തരം അഹന്താമൂഢന്മാരെ കണക്കിനു പ്രഹരിക്കുന്ന ഈ അധ്യായം കവിയശപ്രാര്‍ത്ഥികള്‍ വിളിക്കുവെച്ചു വായിക്കുക തന്നെ വേണം.
            വിദ്വാനേ വഹിജാനാതി
            വിദ്വജ്ജന പരിശ്രമം
            നഹവസ്യ വിജാനാതി
            ഗുര്‍വിം പ്രസവ വേദനാം എന്നു കൂടി പറഞ്ഞുകൊള്ളട്ടെ.
ഭാരതീയ കാവ്യസിദ്ധാന്തങ്ങളുടെ മഹാദുര്‍ഗ്ഗങ്ങളെ കടന്നു കയറി കവിതയുടെ വഴികളെക്കുറിച്ച് അറിയാനും അനുഭവിക്കാനും രസകരമായി എഴുതപ്പെട്ട ഈ പുസ്തകം സഹായിക്കും. കവിതയുടെ ലോകത്ത് വ്യാപരിക്കുവാന്‍ ആഗ്രഹിക്കുന്നവരെല്ലാംതന്നെ ഈ പുസ്തകം ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ടതാണ് .




പ്രസാധകര്‍- നാഷണല്‍ ബുക്സ്റ്റാള്‍ , വില 70 രൂപ, ഒന്നാം പതിപ്പ് ഡിസംബര്‍ 2010



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1