#ദിനസരികള്‍ 401


|ഉഷ്ണപ്പുണ്ണുകള്‍ക്കിടയിലെ എന്റെ ജീവിതം|

ഒരു കഴുവേറിയുടേയും
കവിത തൂക്കിലേറ്റപ്പെടുന്നില്ല,
കോട്ടകൊത്തളങ്ങള്‍ക്കു മുകളില്‍
അവന്റെ ശവം
കാക്കകള്‍ കൊത്തിപ്പറിക്കുകയാണെങ്കിലും !

ഒരു പ്രവാചകന്റേയും
വാക്കുകളെ കടലെടുക്കുന്നില്ല
കല്ലേറുകൊണ്ട്
കണ്ണുപൊട്ടി
അവന്‍ തെരുവിലലയുകയാണെങ്കിലും !

ഛേദിക്കപ്പെട്ട ലിംഗങ്ങളില്‍
കൊടിക്കൂറ കെട്ടി
വിജൃംഭിച്ചുനിന്ന ഒരു ജനതയെക്കുറിച്ചാണു പോലും
കവി പാടിയത്.
ഷണ്ഡീകരിക്കപ്പെട്ട ആയിരം പുരുഷമേദസ്സുകള്‍
അവനെ കഴുവിലേറ്റി സ്വയംരമിച്ചു.

ഇലകളിലൂടെ മൂര്‍ച്ച കടന്നുപോകുന്നതുപോലെ
പ്രവാചകന്‍,
ജനതയുടെയിടയില്‍
അഭൌതികമായ വേഗതയില്‍
അന്ധബീജങ്ങളുടെ പ്രയാണങ്ങളെ
പ്രതിരോധിച്ചു.
അവനെ കുരുടനാക്കിയാണ് അവര്‍
ആരാധിച്ചാഘോഷിക്കുവാന്‍ തുടങ്ങിയത്.

കണ്ണുനീരും രേതസ്സും ചാലിച്ച്
അസ്തിവാരം പണിത
ഒരു കൊട്ടാരവും
ആകാശം തൊട്ടിട്ടില്ല.

വിലാപങ്ങള്‍ കൊണ്ട്
മേലാപ്പണിഞ്ഞ
ഒരു മട്ടുപ്പാവും
ഭൂമി കിളക്കുന്നവര്‍
നാളിതുവരെ
കണ്ടെത്തിയിട്ടുമില്ല.

കഴുവൊരുക്കി വെച്ചുകൊള്ളൂ.
എനിക്കും സമയമായിരിക്കുന്നു.



Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍