#ദിനസരികള്‍ 397





            നമ്മുടെയൊക്കെ ജീവിതത്തിന്റെ നിര്‍ണായക മുഹൂര്‍ത്തങ്ങളിലേക്ക് കയറി വന്ന് കുറച്ചു നിമിഷങ്ങള്‍ , അല്ലെങ്കില്‍ കുറച്ചു മണിക്കൂറുകള്‍ തങ്ങി നിന്നതിനു ശേഷം എങ്ങോ പോയ് മറഞ്ഞ മുഖങ്ങളില്ലേ? അവരെ എന്നെങ്കിലും ഒരിക്കല്‍കൂടി കാണണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോയിട്ടുണ്ടോ? ഇനിയൊരിക്കലും കാണില്ലെന്നറിയാമെങ്കിലും കണ്ടുമുട്ടുന്ന മുഖങ്ങളിലേക്ക് അതു നിങ്ങളാണോ എന്ന കൌതുകത്തോടെ പല തവണ സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ? നിശ്ശബ്ദമായി അവസാനിക്കുന്ന പറയപ്പെടാത്ത പ്രണയം പോലെ , മനസ്സിന്റെ ഉള്ളറകളിലെവിടെയോ അവര്‍ എക്കാലത്തും ഒരു തുള്ളി വെളിച്ചമായി മിന്നിനില്ക്കുന്നുണ്ടോ?അത്തരത്തില്‍ ചിലര്‍ എന്റെ ജീവിതത്തെ തൊട്ടുനില്ക്കുന്നുണ്ട്.എന്നെങ്കിലും നേരിട്ടു കണ്ടാല്‍ ഇതുവരെ ആര്‍ക്കും പകര്‍ന്നുകൊടുത്തിട്ടില്ലാത്ത സ്നേഹവായ്പോടെ അവരെ പുണര്‍ന്നു പോകാനുള്ള ഒരാശ മനസ്സില്‍ തളിര്‍ത്തുനില്ക്കുന്നുണ്ട്.
            എന്റെ ജീവിതത്തിലെ ഒരാളുടെ കഥ കേള്‍ക്കു. കൊല്ലങ്ങള്‍ക്കുമുമ്പാണ് കോഴിക്കോടു നിന്ന് ഞാനും എന്റെ ഒരു സുഹൃത്തും ബൈക്കില്‍ വയനാട്ടിലേക്ക് വരികയായിരുന്നു.താമരശ്ശേരി ചുങ്കത്തിനടുത്തു വെച്ച് ഒരു പിക്കപ് ജീപ്പുമായി ഞങ്ങളുടെ വാഹനം കൂട്ടിയിടിച്ചു.ഒരു വൈകുന്നേരമാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ എന്നേയും സുഹൃത്തിനേയും ജീപ്പില്‍ കയറ്റി കോഴിക്കോടു മെഡിക്കല്‍ കോളേജിലേക്ക് പോയി. പോകുന്ന വഴിയില്‍ വേറെ ചില ആശുപത്രികളില്‍ കാണിച്ചുവെങ്കിലും അവരാരും അഡ്മിറ്റു ചെയ്യാന്‍ തയ്യാറായില്ല.മെഡിക്കല്‍ കോളേജില്‍ കുറച്ചു ദിവസം കിടക്കേണ്ടിവന്നു എന്നതാണ് കഥയുടെ അവസാനം. പക്ഷേ കാര്യം അതല്ല, വണ്ടിയിടിച്ചു നിലത്തു വീണുകിടന്ന ഞങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ജീപ്പില്‍ കയറ്റിയ നിമിഷം മുതല്‍ ഒരാള്‍ എന്റെ കൈയ്യില്‍ പിടിച്ചിരുന്നു.എന്നു മാത്രവുമല്ല അദ്ദേഹത്തിന്റെ കൈകൊണ്ട് എന്റെ കൈപ്പത്തിക്കുമുകളിലൂടെ മെഡിക്കല്‍ കോളേജിലെത്തിക്കുന്നതുവരെ തഴുകിക്കൊണ്ടേയിരുന്നു.ഇടക്കിടക്ക് സാരമില്ല , പേടിക്കണ്ട എന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു. ആ നിമിഷങ്ങളില്‍ ഞാനും ജീവിതവുമായി അല്ലെങ്കില്‍ ഞാനും ലോകവുമായി ഉണ്ടായിരുന്ന ഒരേയൊരു ബന്ധം അദ്ദേഹത്തിലൂടെ മാത്രമായിരുന്നു. ഞാന്‍ മരണത്തിലേക്കു വഴുതിപ്പോകാതെ സംരക്ഷിച്ചു പിടിക്കുന്നതുപോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. പക്ഷേ അതിനു ശേഷം ഇദ്ദേഹത്തെ ഒരു തവണ  എനിക്കു കാണാനുള്ള അവസരമുണ്ടായിയെങ്കിലും ഇന്നും മനസ്സിന്റെ ഉഷ്ണരാശികള്‍ക്കിടയില്‍ ആ മനുഷ്യന്‍ ആ മനുഷ്യന്‍ ഒരു തണുപ്പായി വന്നു നില്ക്കുന്നു.
            മറ്റൊരാള്‍. ഒരിക്കല്‍ പവായിയില്‍ ഒരു സ്ഥലത്ത് എനിക്കു പോകണം. ബോംബെയില്‍ നിന്നും ബസ്സില്‍ അവിടെയെത്തി. സ്ഥലമറിയില്ല. ഒരു ആജാനബാഹുവായ മനുഷ്യനോട് എനിക്കു പോകേണ്ട സ്ഥലത്തെക്കുറിച്ച് ചോദിച്ചു അദ്ദേഹം എന്നോടു മറുപടിയൊന്നും പറയാതെ നേരെ എന്റെ തോളില്‍ പിടിച്ച് എന്നെ അദ്ദേഹത്തോടു ചേര്‍ത്തു നിറുത്തി മുന്നോട്ടു നടക്കാന്‍ തുടങ്ങി.ഒരസ്വസ്ഥത തോന്നിയെങ്കിലും ഞാന്‍  തെന്നിമാറിയില്ല.ഏകദേശം പത്തു മിനിട്ടോളം അദ്ദേഹം എന്നേയും കൊണ്ട് നടന്നിട്ടുണ്ടാകണം.ഞാന്‍ ചോദിച്ച സ്ഥലമെത്തി.അതു ചൂണ്ടിക്കാണിച്ചു തന്നതിനു ശേഷം ഒന്നും പറയാതെ അദ്ദേഹം തിരിഞ്ഞു നടക്കാന്‍ തുടങ്ങി.കാലമെത്ര കഴിഞ്ഞിരിക്കുന്നു. ആ പെരുമാറ്റത്തിലെ കരുതല്‍ ഇന്നും എനിക്ക് അവിസ്മരണീയമായ അനുഭൂതിയാണ്.
            ഇനിയുമുണ്ട് എന്റെ ജീവിതത്തില്‍ അത്തരമാളുകള്‍. അവര്‍ അങ്ങനെയാണ്. വന്നു നിറയുന്നതും കടന്നു പോകുന്നതും അറിയില്ല. പോയിക്കഴിഞ്ഞതിനു ശേഷം ജീവിതാന്ത്യം വരെ നമുക്കു അവരെ കൊണ്ടു നടക്കേണ്ടിവരുന്നു. അവരുണ്ടാക്കുന്ന ആഴങ്ങളെ ഒരു കലപ്പകൊണ്ടും മൂടിയൊതുക്കാന്‍ നമുക്കു കഴിയില്ല. കാരണം അവര്‍ സംവദിക്കുന്നത് നേരിട്ടു ഹൃദയങ്ങളോടാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം