#ദിനസരികള് 398


ഷഫീക് സല്‍മാന്‍ , ആള്‍ ഇന്ത്യാ കിസാന്‍ സഭയുടെ അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി വിജു കൃഷ്ണനുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിനു (2018 മെയ് 20) വേണ്ടി നടത്തിയ അഭിമുഖത്തിന്റെ ആമുഖമായി ഇങ്ങനെ എഴുതുന്നു -”സംഘപരിവാരത്തിനെതിരെ എങ്ങനെ വിശാലമായ പ്രതിഷേധമുയര്‍ത്തണമെന്നറിയാതെ ഇവിടുത്തെ ഉല്പ‍തിഷ്ണുക്കളായ ബുദ്ധിജീവികളും വിദ്യാസമ്പന്നരായ മധ്യവര്‍ഗ്ഗവുമൊക്കെ മരവിച്ചു നിന്നു. ഈ സമയത്താണ് പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ കുറേ കര്‍ഷകര്‍ ചോരയൊലിക്കുന്ന വിണ്ടുകീറിയ പാദങ്ങളേയും എരിയിക്കുന്ന പൊരിവെയിലിനേയും വകവെക്കാതെ നടന്ന നടത്തം ഒരു കൊടുങ്കാറ്റുപോലെ ഇന്ത്യയെ പിടിച്ചുകുലുക്കിയത്.ഹിന്ദുത്വയുടെ അതിതീവ്ര രാഷ്ട്രീയത്തെ എങ്ങനെ ചെറുക്കണമെന്നുള്ള ചില പാഠങ്ങള്‍ സമ്മാനിച്ചാണ് കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് അവസാനിച്ചത് “ ഇടതുപക്ഷത്തിന്റെ ഇനിയുള്ള കാലത്തെ പ്രസക്തിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ലോംഗ് മാര്‍ച്ച് എന്ന വിലയിരുത്തല്‍ ലാക്കില്‍ തറയ്ക്കുന്ന ഒന്നുതന്നെയാണ്. ഉപരി – മധ്യവര്‍ഗ്ഗ താല്പര്യങ്ങളെ മുന്‍നിറുത്തിയുള്ള ഒരു വികസനപരിപ്രേക്ഷ്യത്തിന് ഏതുകാലത്തേക്കാളും കൂടുതല്‍ പ്രാധാന്യം നല്കപ്പെട്ടിരിക്കുന്ന ഇക്കാലങ്ങളില്‍ പ്രത്യേകിച്ചും.

കര്‍ഷക കൂട്ടായ്മകളെ മതേതരമാനവികതയിലൂന്നിനില്ക്കുന്ന അടിത്തറയാക്കി മാറ്റുക എന്ന വെല്ലുവിളി സ്വീകരിച്ചുകൊണ്ടുവേണം ഇനി മുന്നോട്ടു പോകുക.സംഘപരിവാരത്തിനെതിരെ നടന്ന മഹാരാഷ്ട്രയിലെ ലോംഗ് മാര്‍ച്ച് ഇന്ത്യയിലുടനീളമുള്ള കര്‍ഷകര്‍ക്ക് മാതൃകയാകണം. ( അതോടൊപ്പം തന്നെ ദളിതു മുന്നേറ്റങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞാല്‍ ഇടതുപക്ഷത്തിന്റെ വഴികള്‍ കൂടുതല്‍ വിശാലമാകുകയും ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങള്‍ ഫലവത്താകുകയും ചെയ്യും.)

അഭിമുഖത്തില്‍ വിജു കൃഷ്ണന്‍ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെ സമീപിക്കേണ്ടത് എങ്ങനെയെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട് “ ബി ജെ പിയോ കോണ്‍ഗ്രസോ പോലെയുള്ള സംഘടനകള്‍ തിരഞ്ഞെടുപ്പിനെ തിരഞ്ഞെടുപ്പിനെ സമീപിക്കുന്ന അതേ രീതിയില്‍ ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതില്‍ അര്‍ത്ഥമില്ല.സി പി എമ്മിന്റെ പ്രഥമ പരിഗണന ജനകീയമായ പ്രതിഷേധങ്ങളും ബദലുകളും വളര്‍ത്തുക എന്നതും അതിലൂടെ നിലവിലുള്ള വ്യവസ്ഥയെ മാറ്റിപ്പണിയുക എന്നതുമാണ്.തിരഞ്ഞെടുപ്പുപോലും ഇടതുപക്ഷത്തെ സംബന്ധിച്ച് ഒരു സമരോപാധിയാണ്.സാമൂഹികനീതി മുന്‍ നിറുത്തി നടത്തുന്ന സമരങ്ങളിലൂടെ ഉണ്ടായിവരുന്ന ജനപിന്തുണയാണ് ഇടതുപക്ഷത്തിന്റെ വോട്ടുകളായി പരിണമിക്കേണ്ടത്.കേരളത്തിലും ബംഗാളിലും ത്രിപുരയിലും കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത് ഈ ഇടപെടലുകളുടെ ഫലമായാണ്” ഇടതുപക്ഷ പോരാടങ്ങളെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് വിജു കൃഷ്ണന്റെ നിലപാട് പാഠപുസ്തകമാകുന്നു.അത്തരത്തിലുള്ള ഇടപെടലുകളുടെ അഭാവം , പറയപ്പെട്ട സംസ്ഥാനങ്ങളിലെ പിന്നോട്ടടിക്ക് കാരണമാകുന്നുണ്ടോയെന്നുള്ള ചോദ്യം ഈ പ്രസ്ഥാവനയെ പിന്‍പറ്റി സ്വാഭാവികമായും ഉയര്‍ന്നു വരുന്ന ഒന്നാണ്.ആ ചോദ്യത്തിന്റെ ഉത്തരം ഇടതുപക്ഷത്തിന്റെ ഭാവി എന്താണെന്ന് വിളംബരം ചെയ്യുന്നതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.1.6 കോടി അംഗങ്ങളുള്ള കര്‍ഷക സംഘം എന്ന സംഘടനക്ക് ഇന്ത്യയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ എനിക്ക് പ്രതീക്ഷയുണ്ട്. പക്ഷേ വിജു കൃഷ്ണനെപ്പോലെയുള്ള , മണ്ണില്‍ ചവിട്ടി നില്ക്കന്ന, മണ്ണിന്റെ മണങ്ങളെ നെഞ്ചോടു ചേര്‍ക്കുന്ന ഒരു നേതൃത്വം മുന്നിട്ടിറങ്ങുകതന്നെ വേണം.ആകാശക്കൊമ്പില്‍ നിന്നും അമ്പിളിമാമനെ പിടിച്ചു തരാമെന്ന മുയല്‍മുലയെക്കാള്‍ , പശുവിന്റെ ചാണകം വാരി വാഴച്ചുവട്ടിലിട്ടുതരാം എന്ന പ്രായോഗികതയെയാണ് ഇന്ത്യയിലെ നിസ്വവര്‍ഗ്ഗം ആലിംഗനം ചെയ്യുക എന്ന ബോധം നമുക്ക് ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1