#ദിനസരികള്‍ 400
എന്താണിനി ബാക്കിയുള്ളത്?
നാനാത്വങ്ങളെ മാറോടടു ക്കിപ്പിടിച്ച്
പോറ്റിപ്പോന്നിരുന്ന ഒരു നാട് എന്ന വിശേഷണമൊക്കെ എന്നേ
കൈവിട്ടുകഴിഞ്ഞു.ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ വെച്ചുപൂജിക്കുന്ന ലിഖിതവും
അലംഘനീയവുമായ ഭരണഘടനയുടെ തണലില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന
വീമ്പിളക്കലുകള്‍ക്ക് ഇനി പ്രസക്തിയില്ല.സഹനത്തിന്റേയും സഹിഷ്ണുതയുടേയും ഉണര്‍ത്തുപാട്ടുകള്‍ക്കൊപ്പം
സ്വന്തം ഹൃദ്രക്തം കൊണ്ടു മുദ്രാവാക്യമെഴുതിയവരും ഒന്നിച്ചു നിന്നു പോരാടി
നേടിയെടുത്ത മൂല്യങ്ങളെല്ലാം കുഴമറിഞ്ഞിരിക്കുന്നു. ഏതു
മതാന്ധതയെയാണോ ഏതു ജാതിപ്പേക്കൂത്തുകളെയാണോ നാം പടിക്കു പുറത്താക്കിയത് , അതേ
ഭ്രാന്തുകള്‍ അധികാരദണ്ഡുമേന്തി നമ്മുടെ പൂമുഖത്ത് കസേര വലിച്ചിട്ടിരിക്കുന്നു. അജ്ജാതി
രക്തത്തിലുണ്ടോ , അസ്ഥി -
മജ്ജ ,ഇതുകളിലുണ്ടോ ?
ചണ്ഡാലി
തന്‍ മെയ് ദ്വിജന്റെ ബീജ
പിണ്ഡത്തിനൂഷരമാണോ ? എന്നും
നെല്ലിന്‍ ചുവട്ടില്‍ മുളക്കും കാട്ടു
പുല്ലല്ല സാധുപ്പുലയന്‍ എന്നുമൊക്കെ നമ്മുടെ
ആദര്‍ശവാന്മാരായ കവികള്‍ ഏതു സാഹചര്യത്തിനെതിരെയാണോ രോഷം കൊണ്ടത് , അതേ
സാഹചര്യത്തിലേക്ക് പുരോഗമിച്ച് പുരോഗമിച്ച് നാം വന്നെത്തിയിരിക്കുന്നു.
തീണ്ടൊല്ല, തൊടല്ലെന്ന് തങ്ങള്‍
തങ്ങളെ മൌഢ്യം
പൂണ്ടാട്ടിയോടിക്കുന്ന ഘോഷമെന്നോളം
നില്‍ക്കും
അന്നോളം ശ്രവിയ്ക്കാ നാമാര്‍ഷധര്‍മ്മത്തിന്‍
ഗാന
മന്നോളം തിരിച്ചെത്താ ഭ്രഷ്ടര്‍ നാം
സ്വരാജ്യത്തില്‍ - ഒരു ജനത സ്വന്തം രാജ്യത്തില്‍ ഭ്രഷ്ടരാക്കപ്പെടുന്ന
സാഹചര്യത്തില്‍ ഇനിയും എന്താണ് ഇന്ത്യ എന്ന ഈ
മഹാരാജ്യത്തില്‍ നിലനില്ക്കുന്ന മൂല്യങ്ങള്‍ ?
മഹാത്മാഗാന്ധി ഇപ്പോഴും
ജീവിച്ചിരിക്കുന്നുവെന്നും നമ്മുടെ രാജ്യത്തെ പിന്നോട്ടടിക്കുന്ന
പ്രധാനമന്ത്രിയടക്കമുള്ളവരുടെ നിലപാടുകള്‍ക്കെതിരെ അദ്ദേഹം ഒരു
അനിശ്ചിതകാല നിരാഹാരസമരം പ്രഖ്യാപിക്കുന്നുവെന്നും കരുതുക. ഗാന്ധിജിയുടെ
പട്ടിണിമരണമായിരിക്കും ആ സമരത്തിന്റെ ആത്യന്തികമായ ഫലെന്നൂഹിക്കാന്‍
ജ്ഞാനദൃഷ്ടിയൊന്നും ആവശ്യമില്ല. മാര്‍ഗ്ഗമല്ല വിജയമാണ് പ്രധാനം എന്നു
പ്രഖ്യാപിച്ചിരിക്കുന്ന ഒരു സംഘത്തില്‍ നിന്നും അതിനപ്പുറം എന്താണ് പ്രതീക്ഷിക്കുക?
ഗാന്ധിയുടെ അഹിംസാസമരം വിജയിച്ചത് മൂല്യങ്ങളെ അല്പമെങ്കിലും
മാനിക്കുന്നവര്‍ എതിരാളിയായിരുന്നതുകൊണ്ടാണ്. ഇപ്പോഴാണെങ്കില്‍ അദ്ദേഹം പുലര്‍ത്തിപ്പോന്നിരുന്ന
മൂല്യങ്ങളും അഹിംസയും രക്ഷപ്പെടുമായിരുന്നില്ല.
ഇനിയൊന്നുമില്ല. ചില തുരുത്തുകള്‍ - തുരുത്തുകള്‍ മാത്രം
അവശേഷിക്കുന്നുണ്ട്. ആരേയും കാത്തിരിക്കേണ്ട. പെറുക്കി കൂട്ടിയിട്ട്
കത്തിച്ചേക്കുക.യേശുവിനെ ക്രൂശിക്കാനും ബാറബസ്സിനെ വിട്ടയക്കാനും കല്പിച്ച ഒരു
ജനതയുടെ പുനരവതാരമാണല്ലോ നാം.
Comments