#ദിനസരികള്‍ 399


            നമ്മള്‍ വൃത്തത്തില്‍ ഒരു കവിത എഴുതാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ എങ്ങനെയാണ് പറ്റിയ ഒരു വൃത്തം തിരഞ്ഞെടുക്കുക എന്നൊരാള്‍ ചോദിക്കുന്നു.പലര്‍ക്കുമുള്ള ഒരാശങ്കയാണെങ്കിലും ഒറ്റവാക്കിലുള്ള ഉത്തരം , അത്തരത്തിലുള്ള തിരഞ്ഞെടുപ്പിനെ സഹായിക്കുന്ന ഒരു നിയമവും നിലവിലില്ല എന്നുതന്നെയാണ്.ഒരു കവിത എഴുതുമ്പോള്‍ ഏതു വൃത്തവും കവിക്ക് തിരഞ്ഞെടുക്കാം.എന്നാല്‍ താന്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന കവിതയുടെ ഭാവമെന്താണോ ആ ഭാവത്തിന് ഇണങ്ങിയ വൃത്തത്തിലാകുമ്പോഴാണ് കവി ഔചിത്യമുള്ളവനാകുന്നത്.തന്റെ കവിത അനുവാചകനെ ആകര്‍ഷിക്കുന്ന വിധത്തില്‍ പരുവപ്പെടുത്താന്‍ സഹായിക്കുന്ന വൃത്തങ്ങളെ  തിരഞ്ഞെടുക്കുക എന്നത് കവിയുടെ ഭാവനയേയും ശക്തിയേയും മാത്രം അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കപ്പെടേണ്ട ഒന്നാണ്.
            ചടുലവും മന്ദവുമായ ഭാവങ്ങളെ മുന്നില്‍ നിറുത്തി ചിന്തിക്കുക.പ്രാര്‍ത്ഥനകള്‍ , അപേക്ഷകള്‍ മുതലായവയൊക്കെ മന്ദഭാവത്തിലുള്ള പുറപ്പെടലുകളാണ്.അവയ്ക്ക് വേഗത അനുരൂപമായ ഒന്നല്ല. ഉദാഹരണത്തിന് ജ്ഞാനപ്പാന നോക്കുക.തണുത്തതും മന്ദവേഗമായതുമായ അതിന്റെ താളം പലപ്പോഴും പ്രാര്‍ത്ഥനകളെപ്പോലെയാണ്.
            ഇന്നലെയോളമെന്തെന്നറിവീല
            ഇനി നാളെയുമെന്തെന്നറിവീല
            ഇന്നിക്കണ്ട തടിക്കു വിനാശവും
            ഇന്നനേരമെന്നേതുമറിവീല എന്നു വായിക്കുമ്പോള്‍ നമ്മളിലേക്കെത്തുന്ന ഭാവം ആ വരികളുടെ താളത്തിനോട് ഇണങ്ങി നില്ക്കുന്നില്ലേ ?
            മറ്റൊരു രംഗം നോക്കുക.സി വി വാസുദേവ ഭട്ടതിരിയുടെ പുസ്തകം പേജ് 26 നോക്കുക.
            ഇത്ഥം പറഞ്ഞു ഗദയും വഹിച്ചുകൊണ്ടു
            ത്ഥാനവും ചെയ്തു ഗന്ധവാഹാത്മജന്‍
എന്ന ചടുലഗതിയായ വൃത്തം സന്ദര്‍ഭത്തിനനുസരിച്ചുള്ള ഭാവം വിതക്കാന്‍ സമര്‍ത്ഥമാകുന്നില്ലേ?അജയ്യനായ ഒരു ധീരസാഹസികന്‍ അദമ്യമായ ഉത്സാഹപ്രകര്‍ഷത്തോടെ ചാടിയെഴുന്നേല്ക്കുന്ന ചിത്രം വരച്ചു കാട്ടാന്‍ ഈ രണ്ടു വരി ധാരാളം മതി എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ഈ വരികളെ മാറ്റിയെഴുതി മറ്റൊരു ഉദാഹരണം നമ്മുടെ മുന്നില്‍ വെക്കുന്നു
            ഏവം വദിച്ചു ഗദയുമെടുത്തിട്ടു
            വായുതനയനവിടുന്നെഴുന്നേറ്റു ചിത്രം ആകെ മാറിയില്ലേ? പഴങ്കഞ്ഞി മോന്തിയിട്ട് ഒരു ദുര്‍ബലന്‍ വലിഞ്ഞെഴുന്നേല്ക്കുന്ന പ്രതീതിയാണഅ ഈ വരികള്‍ നല്കുന്നത്.അല്ലേ ? അര്‍ത്ഥം മാറുന്നില്ല എന്നതുകൂടി ശ്രദ്ധിക്കുക. സന്ദര്‍ഭത്തിന്റെ വേഗത അനുസരിച്ചുള്ള വൃത്തങ്ങളെ സ്വീകരിച്ചില്ലെങ്കില്‍ ഇത്തരം കുഴപ്പങ്ങളുണ്ടാകുക സ്വാഭാവികമാണ്.
            അതുകൊണ്ട് കാവ്യസംസാരത്തിലെ പ്രജാപതി കവിതന്നെയാണ് എങ്കിലും പ്രജാപതിയാകുന്നതിന് വേണ്ടി വരുന്ന അധ്വാനങ്ങളില്‍ ഏറ്റവും പ്രധാനമായത് എങ്ങനെ പറയണം എന്ന ബോധ്യമാണ്.എന്തും എങ്ങനേയും പറയാമെന്നിരിക്കേ ഈ തിരഞ്ഞെടുക്കലിന് പ്രാധാന്യം കൂടും.ഭാവത്തിനനുസരിച്ചുള്ള താളം, കവിതയെ കവിതയാകാന്‍ സഹായിക്കുന്ന പല ഘടകങ്ങളിലൊന്നുമാത്രമാണെങ്കിലും അതിന്റെ സ്ഥാനം അത്ര പിന്നിലല്ലെന്നു സാരം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1