#ദിനസരികള്‍ 396
അയ്യപ്പപ്പണിക്കര്‍
രക്ഷകന്‍ എന്ന പേരില്‍ ഒരു കവിത എഴുതിയിട്ടുണ്ട്.വായിക്കുക :-
“ഹലോ
ആരുണ്ടെന്നെ രക്ഷിക്കാന്‍”
“ഞാനാണു രക്ഷകന്‍. ഞാന്‍ നിങ്ങളെ
രക്ഷിക്കും”
“അങ്ങാരാണ്”
“എല്ലാവരേയും രക്ഷിക്കുകയാണെന്റെ തൊഴില്‍.നിങ്ങള്‍ക്ക്
എന്തില്‍ നിന്നാണ്
രക്ഷ വേണ്ടത്”
“ഭയത്തില്‍ നിന്ന്”
“എന്തു ഭയം ഞാനുള്ളപ്പോള്‍ ഭയം വേണ്ട”
“എനിക്കങ്ങയെപ്പറ്റിയും ഭയമാണ്.”
“അപ്പോള്‍ നിങ്ങള്‍ ഒരു തെറ്റും
ചെയ്യാത്തയാളായിരിക്കും”
“തെറ്റു ചെയ്താല്‍ കൊള്ളാമെന്നുണ്ട്.
ഒന്നാലോചിച്ചുവരുമ്പോഴേക്കും അത് മറ്റുള്ളവര്‍ ചെയ്തു കഴിഞ്ഞിരിക്കും”
“തെറ്റു ചെയ്യാത്ത നിങ്ങളെ എനിക്കു
രക്ഷിക്കാന്‍ പറ്റില്ല”
“തെറ്റു ചെയ്യാനറിഞ്ഞു
കൂടാത്തതുകൊണ്ടല്ലേ”
“മറ്റുള്ളഴരെ കണ്ടു പഠിക്ക്”
“ക്രമസമാധാനം പാലിക്കേണ്ട അങ്ങ്
“അഴിമതി തടയേണ്ട അങ്ങ്
“അതിനൊന്നും സമയം കിട്ടാത്ത അങ്ങ്
“എങ്ങനെ എന്നെ രക്ഷിക്കും”
“ഇഡിയറ്റ്! നിന്നെ ഞാന്‍ രക്ഷിച്ചേ അടങ്ങൂ”
“അങ്ങില്‍ നിന്നാണെനിക്ക് രക്ഷ വേണ്ടത്.”
ഈ
കവിതയോടൊപ്പം ചേര്‍ത്ത് വെച്ച് വായിക്കേണ്ടതാണ് അദ്ദേഹത്തിന്റെ തന്നെ അഞ്ചു
പാരഡിക്കവിതകള്‍ എന്ന കൃതിയും.ഒരു രാജ്യം ഏതു ദിശയിലേക്കാണോ സഞ്ചരിക്കേണ്ടത് , ആ
പാതയില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് വിപരീത ദിശയിലേക്കുള്ള
പ്രയാണമാരംഭിക്കുമ്പോഴാണ് കവികളും കലാകാരന്മാരും ജനതക്ക് മുന്നറിയിപ്പുകള്‍
നല്കുന്നത്.ടാഗോറിന്റെ വിഖ്യാതമായ
“Where the mind is without fear” എന്ന കവിതക്ക് പാരഡിയായി അയ്യപ്പപ്പണിക്കര്‍
ഇങ്ങനെ എഴുതുന്നു
“എവിടെ
നേതാക്കന്മാര്‍ സ്വന്തം ഖ്യാതി നിലനിറുത്താന്‍ വേണ്ടി
ആദര്‍ശങ്ങള്‍
വെട്ടിയരിഞ്ഞ് തീകത്തിച്ച് രസിക്കുന്നുവോ
എവിടെ രാഷ്ട്രം ദുര്‍ഗന്ധകുമാരന്മാരുടെ
വേട്ടയാടലിനുള്ള വീട്ടുവളപ്പായി
നിരന്തരം
മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നുവോ
എവിടെ സ്വാതന്ത്ര്യത്തിന്
വിലയിടിവും
അടിമച്ചന്തകള്‍ക്ക്
വിലപേശലും നടക്കുന്നുവോ” ആ നരകവീഥിയില്‍ നിന്നും എന്റെ നാട്
എന്നാണ് രക്ഷപ്പടുക എന്നാണ് കവി അന്വേഷിക്കുന്നത്.ജനത തിരിച്ചറിയേണ്ട ഈ
അപകടത്തെക്കുറിച്ച് മുന്നറിയിപ്പുകള്‍ ധാരാളം വന്നുകഴിഞ്ഞിരിക്കുന്നുവെങ്കിലും നാം
ഇതുവരെ അതു മനസ്സിലാക്കിയിട്ടുണ്ടെന്നു ഞാന്‍ കരുതുന്നില്ല.കാരണം നാം അപകടം
തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നുവെങ്കില്‍ ഇത്രവേഗം ഇരുളു പരക്കുമായിരുന്നില്ലല്ലോ.!
Comments