#ദിനസരികള്‍ 395
ഇന്ത്യയുടെ
പ്രധാനമന്ത്രിയെ നുണയനെന്നു വിളിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്.ഒരിന്ത്യന്‍
പൌരനും അദ്ദേഹത്തെ അങ്ങനെ അഭിസംബോധന ചെയ്യുവാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല.പക്ഷേ
തുടര്‍ച്ചയായി പെരുംനുണകളെ കെട്ടഴിച്ചു വിടുന്ന ഒരാളെ നുണയനെന്നല്ലെങ്കില്‍ വേറെയന്താണ്
വിളിക്കുക? തുടര്‍ച്ചയായി
ഒരു ജനതയെയാകമാനം പറഞ്ഞു പറ്റിക്കുന്ന ഒരാളെ നുണയനെന്നല്ലെങ്കില്‍ മറ്റെന്താണ്
വിളിക്കുക? എത്രയെത്ര
നുണകളാണ് ഇദ്ദേഹം നാടിന്റെ മേല്‍ക്കൂരക്കു മുകളില്‍ കയറി നിന്നുകൊണ്ട് വിളിച്ചു
പറയുന്നത് ? എത്രയെത്ര
ചരിത്ര സത്യങ്ങളെയാണ് തെറ്റായി വ്യാഖ്യാനിച്ചും വളച്ചൊടിച്ചും പ്രചരിപ്പിക്കുന്നത്?
എത്രയെത്ര വ്യാജ വാഗ്ദാനങ്ങളാണ് ഈ നാടിന് മുന്നില്‍ ഇദ്ദേഹം
നിരത്തിവെച്ചത്? എത്രയെത്ര
അവകാശവാദങ്ങള്‍? എത്രയെത്ര പൊള്ളയായ വികസനസങ്കല്പങ്ങള്‍ ?
എത്രയോ വര്‍ഷങ്ങളായി അദ്ദേഹം നമ്മെ പറ്റിച്ചു കൊണ്ടിരിക്കുന്നു.
പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് ആ പദത്തിലിരിക്കുന്ന വ്യക്തി എന്ന നിലയില്‍
നരേന്ദ്രമോഡിക്ക് ഒരിക്കലും കാത്തുസംരക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുത ഈ
ജനതക്ക് ബോധ്യമാകുന്നു. ഒരു നുണയനാണ് നമ്മുടെ രാജ്യം ഭരിക്കുന്നത് എന്ന കാര്യം
ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യക്കാരനും നാണക്കേടുണ്ടാക്കുന്നതാണ്.ലൈ ലാമ എന്ന
അന്വര്‍ത്ഥമായ പേര് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഈ നാട്ടിലെ ജനത പതിച്ചു നല്കിയത്
ഈ സാഹചര്യത്തിലാണ്.
ജന്‍ ധന്‍ അക്കൌണ്ടുകളിലൂടെ വിദേശത്തുള്ള
കള്ളപ്പണങ്ങളെല്ലാം ഇന്ത്യയിലെത്തിച്ച് പതിനഞ്ചു ലക്ഷം രൂപ സാധാരണക്കാര്‍ക്കായി
വിതരണം ചെയ്യും എന്ന വിഖ്യാതമായ പ്രഖ്യാപനം നാം മറന്നിട്ടില്ലല്ലോ.നോട്ടു
നിരോധനത്തിന്റെ കാലത്ത് അമ്പതു ദിവസം അനുവദിക്കൂ ഇതെല്ലാം ശരിയാക്കിത്തരാം എന്നു
പറഞ്ഞ മോഡി നാളിതുവരെ ഒരു കാര്യം പോലും ശരിയാക്കിയിട്ടില്ലല്ലോ.
സ്വന്തം ജീവിതത്തെപ്പറ്റി പോലും മോഡി നുണ പറഞ്ഞിരിക്കുന്നു. 2014 വരെ എല്ലാ
തിരഞ്ഞെടുപ്പുകളിലും വിവാഹിതനാണോ എന്ന ചോദ്യം പൂരിപ്പിക്കാതെ വിട്ട മോഡി , 2014 ലെ
തിരഞ്ഞെടുപ്പുകള്‍ മുതല്‍ താന്‍ വിവാഹിതനാണ് എന്ന് സമ്മതിച്ചത് നമുക്കറിയാമല്ലോ.എണ്ണിപ്പറയാന്‍
തുടങ്ങിയാല്‍ പേജുകളോളം നിരത്തി എഴുതേണ്ടിവരും മോഡിയുടെ നുണകളുടെ ചിരിത്രം. കര്‍ണാടകയിലെ
ഇലക്ഷന്‍ പ്രസംഗങ്ങള്‍തന്നെ നോക്കുക.രാജ്യത്തിനുവേണ്ടി താന്‍ ചെയ്ത
വികസനകാര്യങ്ങളല്ല അദ്ദേഹം ചര്‍ച്ച ചെയ്യുന്നതും ചെയ്യപ്പെടാന്‍
ആഗ്രഹിക്കുന്നതുമെന്ന് വ്യക്തമാക്കുന്നതാണ് മോഡിയുടെ കര്‍ണാടകപ്രസംഗങ്ങള്‍.
രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്ന ജാതി മത ഭീകരതയെക്കുറിച്ച് ഒരക്ഷരം
മിണ്ടുന്നില്ല. ദളിതു പീഢനം വിഷയമല്ല.പശുവിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നത്
വിഷയമല്ല.പെണ്‍കുഞ്ഞുങ്ങള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുന്നതില്‍
ഉത്കണ്ഠയില്ല. ഇങ്ങനെ രാജ്യത്തെ പ്രത്യക്ഷമായിത്തന്നെ ഇല്ലാതാക്കുന്ന എത്രയോ
സംഭവങ്ങള്‍ നാട്ടില്‍ നടന്നിട്ടും ഏകദേശം ഒരു നൂറ്റാണ്ടു മുമ്പു നടന്ന സംഭവങ്ങളെ
തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടുവന്ന് വിവാദമുണ്ടാക്കി ജനത്തിന്റെ ശ്രദ്ധ
മാറ്റുകയാണ് അദ്ദേഹം ചെയ്യുന്നത്. ജയിലില്‍ കഴിഞ്ഞിരുന്ന ഭഗത് സിംഗിനെ
സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്ന പ്രസ്താവന നുണയാണെന്ന്
തെളിഞ്ഞിട്ടും ഇതെഴുതുന്നതുവരെ പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അതുപോലെ
ജനറല്‍ തിമ്മയ്യയേയും ഫീല്‍ഡ് മാര്‍ഷന്‍ കരിയപ്പയേയും സംബന്ധിച്ചും വിവാദപരമായി
അദ്ദേഹം പ്രസ്താവനകള്‍ നടത്തി. അതും അസംബന്ധമാണെന്ന് തെളിയിക്കപ്പെട്ടു.താന്‍
ചെറുപ്പത്തില്‍ രാവിലെ 5.30 ന് രവീന്ദ്രസംഗീതം ആസ്വദിക്കാറുണ്ടായിരുന്നുവെന്ന
മോഡിയുടെ വാദം പോലും അപഹാസ്യമാംവിധം നുണയാണെന്ന് തെളിഞ്ഞു കഴിഞ്ഞു.
എന്തിനാണ്
ഒരു രാജ്യത്തിലെ പ്രധാനമന്ത്രി തന്റെ ജനങ്ങളോട് തുടര്‍ച്ചയായി നുണകള്‍ പറയുന്നത് ? താന്‍ പറഞ്ഞത്
തെറ്റാണെന്ന് തെളിഞ്ഞിട്ടും ഒരു
ഖേദപ്രകടനം പോലും നടത്താന്‍ എന്താണ് ഇദ്ദേഹം തയ്യാറാകാത്തത് ? അല്ലെങ്കില്‍ നുണകളുടെ കോട്ടകള്‍ കെട്ടി അതിനുമുകളില്‍
തന്റെ സിംഹാസനമിട്ടിരിക്കുന്ന നരേന്ദ്രമോഡിയെപ്പോലുള്ളവരുടെ വായില്‍ നിന്നും സത്യം
പ്രതീക്ഷിക്കുന്നതല്ലേ തെറ്റ് ?
Comments