#ദിനസരികള്‍ 390
പോലീസിന് സ്ഥായിയായ സല്‍പ്പേരില്ല
എന്ന ആക്ഷേപമുന്നയിച്ചുകൊണ്ട് മാതൃഭൂമിയുടെ എഡിറ്റോറിയല്‍ ഉയര്‍ത്തിപ്പിടിക്കുന്ന
എല്ലാ വാദമുഖങ്ങള്‍ക്കും ഞാന്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.ഇനിയും
നന്നാവാനുള്ള ഒരു ലക്ഷണവും നമ്മുടേ സേന കാണിച്ചു തുടങ്ങിയിട്ടില്ല എന്ന വസ്തുതയെ
വേദനയോടെ അടിവരയിട്ടുറപ്പിക്കുകയും ചെയ്യുന്നു.മുഖ്യമന്ത്രിയടക്കമുള്ള ഉന്നതമായ
നേതൃത്വം നിരന്തരം ജാഗ്രത പുലര്‍ത്തണമെന്ന് പലവട്ടം പോലീസിനെ താക്കീതു
ചെയ്തിട്ടും, എത്രയോ ദുരനുഭവങ്ങളാണ് ജനങ്ങള്‍ക്ക് വീണ്ടും വീണ്ടും അവരുടെ
ഭാഗത്തുനിന്നും നേരിടേണ്ടിവരുന്നത്. ഇന്നലെയുണ്ടായ ഒരു സംഭവം നോക്കുക.കേവലം
ഒമ്പതുമാസം മാത്രം പ്രായമുള്ള ഇരട്ടകളുടെ അമ്മയെ പോലീസ്
ജയിലിലടച്ചു.മജിസ്ട്രേറ്റിനോട് മക്കളുള്ള വിവരം പറയാതെ മറച്ചുവെച്ചുകൊണ്ടാണ്
പോലീസ് ഈ ക്രുരകൃത്യം ചെയ്തത് എന്നാണ് വാര്‍ത്തകള്‍ പറയുന്നത്.ഏതു മുഖമാണ് നമ്മുടെ
പോലീസിനുള്ളത് എന്ന് ഈ സംഭവം വെളിവാക്കുന്നില്ലേ?
കഴിഞ്ഞ
വ്യാഴാഴ്ച താമരശ്ശേരി ചുങ്കത്ത് ഉണ്ടായത് ഇതിലും ഭയാനകമായ കാര്യമാണ്. രാത്രി
പതിനൊന്നുമണിക്ക് ബൈക്കുയാത്രക്കാരനെ ഒരു വണ്ടി ഇടിച്ചു വീഴ്തിയിട്ട് നിര്‍ത്താതെ
ഓടിച്ചു പോയി.പതിനഞ്ചുമീറ്റര്‍ അപ്പുറത്ത് താമരശ്ശേരി എസ്സൈയും മൂന്നോ നാലു
പോലീസുകാരും നില്പുണ്ടായിരുന്നു.അവര്‍ ഇത്രയടുത്തു നടന്ന ഈ സംഭവം അറിഞ്ഞതായി
ഭാവിച്ചതേയില്ല.ഒരു പോലീസുകാരന് വീണുകിടക്കുന്നയാളിന്റെ അടുത്തേക്ക് നടന്നു
വന്നുവെങ്കിലും പാതിവഴിക്ക് മടങ്ങിപ്പോയി.അപകടം നടന്ന സ്ഥലത്തെത്തിയ മന്ത്രിമാര്‍
പോലും സ്വന്തം വാഹനം വിട്ടുകൊടുത്ത് മാതൃക കാണിച്ച ഈ സംസ്ഥാനത്താണ് പോലീസിന്റെ
ഇത്തരം പെരുമാറ്റങ്ങളുണ്ടാകുന്നതെന്ന കാര്യം പ്രശ്നത്തിന്റെ ഗൌരവം കൂട്ടുന്നു.
പോലീസിനെക്കുറിച്ച് പറയാനുള്ളതൊക്കെ ഏറെ പറഞ്ഞു കഴിഞ്ഞു.
തിരുത്തിപ്പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജനാധപത്യബോധമുള്ളവരൊക്കെ
ഉപദേശിച്ചിട്ടുണ്ട്. പക്ഷേ ഇനിയും ഇതൊക്കെ ചെവിക്കൊള്ളേണ്ട പോലീസ് മാത്രം ഇതൊന്നും
അറിയുന്നതായി ഭാവിക്കുന്നേയില്ല.ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന
കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്.പോലീസിന്റെ ഭാഗത്തുനിന്നും നിരന്തരം ഇത്തരം
പെരുമാറ്റങ്ങളുണ്ടായാല്‍ പൊതുജനങ്ങള്‍ പോലീസിനെ തള്ളിക്കളയുന്ന തലത്തിലേക്കെത്തും.
അത് സമൂഹത്തിന്റെ സ്വച്ഛതയെ പ്രതികൂലമായി ബാധിക്കും.അതുകൊണ്ട് , പോലീസ് പോലീസാകാന്‍
ഇനിയും വൈകിക്കൂട.അല്ലെങ്കില്‍ പോലീസിനെ ചട്ടം പഠിപ്പിക്കാന്‍ പൊതുജനം
തയ്യാറായേക്കും.അതിന് പൊതുജനത്തെ നിര്‍ബന്ധിതരാക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍
കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകതന്നെ വേണം.
Comments