#ദിനസരികള്‍ 394






            പുസ്തക നശീകരണത്തിന്റെ ആഗോള ചരിത്രം ( A Universal History of the Destruction of Bokks – Fernando Baes ) എന്ന പുസ്തകം ഞാന്‍ കണ്ടിട്ടില്ല. പക്ഷേ ആ പുസ്തകത്തെക്കുറിച്ച് സമകാലിക മലയാളം വാരികയില്‍ പി കൃഷ്ണനുണ്ണി എഴുതിയത് വളരെയേറെ കൌതുകത്തോടെയാണ് വായിച്ചത്.തങ്ങളുടെ ജ്ഞാനശേഖരങ്ങളില്‍ നിന്നും വ്യത്യസ്തമായവയെ എതിരാളികള്‍ അസഹിഷ്ണുതയോടെ നോക്കിക്കാണുകയും തരം കിട്ടുമ്പോഴൊക്കെ അവയെ ചുട്ടെരിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ കഥ നാം എത്രയോ കേട്ടിരിക്കുന്നു.പുസ്തകങ്ങളെ ഭയപ്പെടുകയും നിരോധിക്കുകയും ചെയ്യുകയും എഴുത്തുകാരനെത്തന്നെ ആക്രമിച്ച് അവസാനിപ്പിക്കുകയും ചെയ്യുന്നതിന് നാം തന്നെ സാക്ഷികളുമാണല്ലോ.അപ്പോള്‍ നാളിതുവരെ നടന്നു വന്നിട്ടുള്ള നശീകരണങ്ങളുടെ ചരിത്രത്തെ ഒരു പുസ്തകത്തിലേക്ക് ശേഖരിച്ചാല്‍ അതെത്രമാത്രം കൌതുകകരമായിരിക്കില്ല?
            അധിനിവേശങ്ങളുടെ ഫലമായി സംസ്കാരങ്ങളെ ഇടിച്ചു നിരത്തുന്നതിനും മുന്‍കാല ജനത നമുക്കായി കരുതിവെച്ച ഈടുവെപ്പുകളെ തല്ലിത്തകര്‍ക്കുന്നതിനും നമ്മള്‍ എക്കാലത്തും ഏറെ മുന്നിലാണ്. മുസ്ലിം മതമൌലികവാദികള്‍ ബാമിയന്‍ പ്രതിമകളോടും പാല്‍മിറ പോലെയുള്ള ശേഷിപ്പുകളോടുമൊക്കെ ചെയ്തത് ഓര്‍ക്കുക. സന്ദര്‍ഭവശാല്‍ പറയട്ടെ , അപരിഷ്കൃതമെന്നാണ് നാം ആ നീക്കങ്ങളെ വിശേഷിപ്പിച്ചത്. ഇതര ചിന്തകളോട് , വിശ്വാസങ്ങളോട് , ഈടുവെപ്പുകളോടുള്ള അസഹിഷ്ണുതയാണ് ആ പ്രവര്‍ത്തി എന്നു നാം വിലയിരുത്തി. പക്ഷേ വളരെ നാഗരികരെന്ന് നാം കരുതുന്ന അമേരിക്ക ഇറാക്കില്‍ ചെയ്തുകൂട്ടിയത് എന്താണ് ? യുദ്ധാനന്തരം ആ ദേശത്തിലെ തനതുസാംസ്കാരിക ശേഷിപ്പുകളെ ഒന്നൊഴിയാതെ കടത്തിക്കൊണ്ടു പോകുകയും അതിനു കഴിയാത്തവയെ തല്ലിത്തകര്‍ക്കുകയും ചെയ്തു. അമേരിക്കയുടെ ഈ പ്രവര്‍ത്തി , ഇസ്ലാം മൌലികവാദികള്‍ ചെയ്തതിനെക്കാള്‍ പൈശാചികമെന്നേ മനുഷ്യവര്‍ഗ്ഗത്തിന് കരുതാന്‍ കഴിയു.
            നശിപ്പിക്കപ്പട്ട നിരവധി ഗ്രന്ഥാലയങ്ങളുടെ , ഗ്രന്ഥശേഖരങ്ങളുടെ കഥ പ്രസ്തുത പുസ്തകം നമുക്കു പറഞ്ഞു തരുന്നതായി കൃഷ്ണനുണ്ണി സാക്ഷ്യപ്പെടുത്തുന്നുണ്ട്. രാജ്യങ്ങളെ കീഴടക്കുന്നവരും മതം പ്രചരിപ്പിക്കുന്നവരും ഇതര ആശയങ്ങളെ അസഹിഷ്ണുതയോടെ നോക്കിക്കാണുന്നവരുമൊക്കെ ഇത്തരം നശീകരണത്തിന് മേല്‍ നോട്ടം വഹിച്ചിട്ടുണ്ട്. സ്റ്റാലിന്റെ റഷ്യയില്‍ കമ്യൂണിസ്റ്റിതര ഗ്രന്ഥങ്ങളെ കടത്തിക്കൊണ്ടു പോയതിനെക്കുറിച്ചും ലേഖകന്‍ സൂചിപ്പിക്കുന്നത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.എന്തായാലും ബലമുള്ളവര്‍ തങ്ങളുടെ ജ്ഞാനമാര്‍ഗ്ഗത്തിന് എതിരായി വരും എന്ന ഒരൊറ്റ കാരണം കൊണ്ട് ബലമില്ലാത്തവരുടെ വൈജ്ഞാനിക സ്രോതസ്സുകളെ ഉന്മൂലനം ചെയ്യുന്നതിന്റെ ചരിത്രം ഈ പുസ്തകം മനോഹരമായി വെളിപ്പെടുത്തുന്നുവെന്ന് പ്രസ്തുത ലേഖനം നമ്മോടു പറയുന്നു.
             

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം