#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1



കണ്ണുനീര്‍ത്തുള്ളി

ജീവിതം അതിന്റെ സമസ്തഭംഗികളും മുന്നില്‍ വിരിച്ചിട്ടിരിക്കുന്ന അസുലഭമുഹൂര്‍ത്തത്തില്‍ ഇണകളിലൊരാള്‍ എന്നേക്കുമായി വേര്‍പിരിയുക എന്നതിനപ്പുറം മറ്റെന്തു വേദനയാണുള്ളത്? ത്തരമൊരു വിയോഗത്തിന്റെ വേദനയില്‍ നിന്നാണ് നാലാപ്പാടന്റെ കണ്ണുനീര്‍ത്തുള്ളി എന്ന വിലാപകാവ്യം ജന്മമെടുക്കുന്നത്.തന്റെ പ്രാണപ്രേയസ്സിയുടെ അകാലചരമമുണ്ടാക്കിയ നടുക്കത്തിന്റെ നിലക്കാത്ത മുഴക്കം ആ കവിതയിലുടനീളം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് നമുക്ക് അനുഭവിച്ചറിയാം.
            ഒരുപാടു കാലത്തെ കാത്തിരിപ്പിനും സഹനത്തിനും ശേഷമാണ് തന്റെ ബാല്യകാലസഖികൂടിയായ കളിക്കൂട്ടുകാരിയെ ജീവിതത്തിലേക്ക് ആനയിക്കാനുള്ള സൌഭാഗ്യം കവിക്ക് കരഗതമാകുന്നത്.അതുകൊണ്ടുതന്നെ അവരുടെ പ്രണയത്തിനും ജീവിതത്തിനും സവിശേഷമായ ഒരാഴവും ഭംഗിയുമുണ്ടായിരുന്നു.
            മുതിര്‍ന്നു മെല്ലെച്ചെറുപിച്ചവെപ്പാന്‍
            തുടര്‍ന്ന നാള്‍ തൊട്ടു പിരിഞ്ഞിടാതെ
            ഒരമ്മ തന്‍ രണ്ടു കിടാങ്ങളെന്ന പോലെ കഴിച്ച ആ നാളുകളെക്കുറിച്ച് കവി അനുസ്മരിക്കുന്നുണ്ട്.മനോഹരമായ ആ സ്മരണകളിലും തങ്ങള്‍ കൂടിച്ചേര്‍ന്നതിന്റെ സന്തോഷത്തിലും വിരഹകാലത്തിന്റെ കെട്ടനിമഷങ്ങളെ മറന്നുതുടങ്ങിയ സമയത്തായിരുന്നു മരണമെന്ന മഹാവ്യാധി അവരുടെ ജീവിതത്തിന്റെ പ്രഭാപ്രസരങ്ങളെ തല്ലിക്കൊഴിക്കുന്നത്.ആരാണ് ഒന്ന് പതറാതിരിക്കുക? ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും വിധിയുടെ ക്രൂരമായ വിളയാട്ടങ്ങളെക്കുറിച്ചും കവി ആലോചിക്കുന്നു.ഒരെത്തും പിടിയും കിട്ടാത്ത ജീവിതമെന്ന പ്രഹേളികയുടെ മുന്നില്‍ സ്തംഭിച്ചു നില്ക്കുക എന്നതല്ലാതെ ഈ കൂരിരുട്ടില്‍ എങ്ങനെയാണ് മുന്നോട്ടു പോകുക എന്നാണ് കവി അന്വേഷിക്കുന്നത്. ആ ചോദ്യത്തിനുള്ള ഉത്തരം തേടലാണ് കണ്ണുനീര്‍ത്തുള്ളി
            നശ്വരമായ ജീവിതത്തിന്റെ സ്വഭാവത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടാണ് കവി ആരംഭിക്കുന്നത്.ലോകത്തിന്റെ പൊതുസ്വഭാവം ഈ നശ്വരതയാണെന്നും അതിനപ്പുറമെന്തെങ്കിലും ആഗ്രഹിക്കുന്നത് അസ്ഥാനത്തായിരിക്കുമെന്നുമുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുന്നിടത്ത് നിരാശാഭരിതനായ കവിയുടെ മനസ്സ് തുറന്നുകാണിക്കപ്പെടുന്നുണ്ട്.ആരോ വരച്ചിടുന്ന കളങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് താന്താങ്ങളുടേതായ ഭാഗങ്ങളെ അഭിനയിക്കാന്‍ മാത്രം അനുവദിക്കപ്പെട്ടവരാണെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. എന്താണ് ഈ ക്രിയയുടെ രഹസ്യം? ആരാണ് ഇത്തരം പ്രക്രിയകളെ രംഗത്തവതരിപ്പിക്കുന്നതിലൂടെ സന്തോഷം അനുഭവിക്കുന്നത്? കടല്‍പ്പുറത്ത് കാറ്റ് പൊടിമണ്ണടിച്ചുകൂട്ടി വിവിധങ്ങളായ രൂപങ്ങള്‍ ആരചിക്കുന്നതുപോലെ ഒരുദ്ദേശവുമില്ലാതെ ഇക്കാണായതൊക്കെ ഇവിടെ വെറുതെ വന്നുകൂടുന്നതാണോ? അടുത്ത കാറ്റില്‍ പടര്‍ന്നലിഞ്ഞ് അടയാളങ്ങള്‍ പോലുമില്ലാതെ അവയാകെയും രംഗത്തുനിന്നും നിര്‍ഗ്ഗമിച്ചു പോകുന്നു. ആരാണ് ഇതൊക്കെ ഇങ്ങനെ നിറവേറ്റപ്പെടണം എന്നു നിശ്ചയിച്ചുവെച്ചിരിക്കുന്നത്? ചോദ്യങ്ങള്‍ തടം തുറന്നുവിട്ടതുപോലെ ഒഴുകി വരുന്നുവെങ്കിലും ഒന്നിനും കൃത്യമായ ഒരുത്തരം ലഭിക്കുന്നില്ല.ഏതറ്റം  വരെ പോയാലും കൃത്യമായ ഒരുത്തരം ലഭിക്കുകയുമില്ലെന്ന് മനസ്സിലാക്കിയ കവിയാകട്ടെ സ്വയം ആശ്വസിപ്പിക്കുന്നത് ഇങ്ങനെയാണ്:-
                        അനന്തമജ്ഞാതമവര്‍ണനീയം
                        ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
                        അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
                        നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു?
ഈശ്വരനേയും ആ ഈശ്വരന്‍ നടപ്പിലാക്കുന്നുവെന്ന് കരുതുന്ന വിധിയേയും വെല്ലുവിളിക്കാന്‍ കെല്പില്ലാത്ത സാധാരണക്കാരായ മനുഷ്യര്‍ ആത്യന്തികമായി ഈ തങ്ങളുടെ അഭയമായി പരിഗണിക്കുന്നത് ഇത്തരം ന്യായവാദങ്ങളെത്തന്നെയാണ്.
ജീവിതത്തിലുണ്ടാകുന്ന മുഴുവന്‍ സംഭവങ്ങളേയും യുക്തിയുടെ കോലുകളുപയോഗിച്ച് അളന്നാല്‍ അത് എത്രമാത്രം വിരസമായിരിക്കും ? മരിച്ച മകനെ മടിയില്‍ കിടത്തിയിരിക്കുന്ന ഒരമ്മ എന്റെ ദൈവമേ എന്നു വിളിച്ച് വിലപിക്കുമ്പോള്‍ നാം ഹൃദയപൂര്‍വ്വം ആയതിനെ അംഗീകരിച്ചുകൊടുക്കുകയാണ് വേണ്ടത്.അല്ലാതെ ദൈവമില്ലെന്ന യുക്തിയെ പ്രഖ്യാപിക്കുകയല്ല.
            അതുകൊണ്ടാണ് കവി ഇങ്ങനെ വിലപിക്കുന്നത്
            ബ്രഹ്മാണ്ഡമേ നിന്നുടെ കയ്യിലുള്ള
            തെല്ലാമിവണ്ണം വിലകെട്ടതാണോ?
            എനിക്കു വൈകുണ്ഠസുഖം വളര്‍ത്താ
            ദ്ദിവ്യത്വവും വന്മറിമായമാണോ?
            തന്റേയും തന്റെ പ്രാണപ്രേയസിയായിരുന്നവളുടേയും ബാല്യകാലത്തെ കവി ചിത്രീകരിക്കുന്നത് വളരെ മനോഹരമായിട്ടാണ്.
ഒരേ കളിപ്പാട്ടമൊരേ കളിക്കൂ                       
ത്തൊരേ കളിക്കൊ,ട്ടിലൊരേ വികാരം
ഒരാള്‍ക്കു മറ്റാള്‍ തണല്‍ - ഈ നിലയ്ക്കാ
യിരുന്നു ഹാ കൊച്ചു കിടാങ്ങള്‍ ഞങ്ങള്‍ -
ഓടിക്കളിച്ചൊട്ടു വിശന്നു ചെന്ന
ങ്ങമ്മേ പഴം പാലവിലെന്നു കെഞ്ചി
ച്ചേറാണ്ട ചെംതാരെതിര്‍ പിഞ്ചുകൈയ്യാല്‍
ച്ചേലാഞ്ചലത്തില്‍ക്കസവിട്ടുടുമ്പോള്‍
ഒരാളെയായ്ത്തന്‍ മടിയില്‍ക്കരേറ്റാന്‍
കൈ നീട്ടിയീ ഞങ്ങളെ മാറി മാറി
ശാഠ്യം പിടിപ്പിക്കുകയാണു തായ
മാര്‍ക്കന്നു വാത്സല്യപരം വിനോദം
മണ്ണില്‍ സ്വയം വിണ്ണിനെയാരചിയ്ക്കു
മാശ്ശൈശവത്തിന്റെ തപോബലത്തെ
കെടുക്കുവാന്‍ വേണ്ടി കൌമാരം കടന്നുവരുന്നതിനേയും കവി ചിത്രീകരിക്കുന്നത് അതിമനോഹരമായിട്ടാണ്.
കെ എം പണിക്കര്‍ ഈ കാവ്യത്തിന്റെ ഒന്നാംപതിപ്പിന്റെ അവതാരികയില്‍ പറഞ്ഞിരിക്കുന്നതു നോക്കുക സങ്കേതവസ്തുക്കള്‍ക്ക് കവിതയില്‍ ന്യായമായുള്ള സ്ഥാനത്തെപ്പറ്റി തര്‍ക്കിക്കുന്നതിന് ഞാന്‍ തയ്യാറില്ലെങ്കിലും കണ്ണുനീര്‍ത്തുള്ളിയില്‍ കോകങ്ങളേയും അരയന്നങ്ങളേയും എല്ലാം ഒന്നുപേക്ഷിച്ചു കണ്ടതില്‍ സന്തോഷമേയുള്ളുപരമ്പരാഗതമായ കാവ്യബോധങ്ങളില്‍ നിന്നും അകന്നുമാറി തന്റേതായ ഒരു തനതുവഴിയെ വേറിട്ടുണ്ടാക്കാന്‍ നാലാപ്പാട്ടിന് കഴിഞ്ഞിട്ടുണ്ട് എന്നതല്ലേ പണിക്കര്‍ സൂചിപ്പിക്കുന്നത്? മറ്റെന്തൊക്കെ കുറവുകള്‍ ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും ചരിത്രപരമായ ഈ പ്രധാന്യത്തെ നാം അവഗണിക്കാതിരിക്കുക.
            കണ്ണുനീര്‍ത്തുള്ളിയില്‍ നിന്നും ആരേയും ആകര്‍ഷിക്കുന്ന ചില വരികള്‍ കൂടി ഉദ്ധരിച്ചു കൊണ്ട് വിരമിക്കട്ടെ
1
ഉരുക്കിടുന്നു മിഴിനീരിലിട്ടു
മുക്കുന്നു വീണ്ടും ഭുവനൈകശില്പി
മനുഷ്യഹൃത്താം കനകത്തെയേതോ
പണിത്തരത്തിന്നുപയുക്തമാക്കാന്‍
2
ഇരിപ്പിടം തീക്കനല്‍ , ചുറ്റപാടും
ഗുഹപ്പിള,ര്‍പ്പേകനിവന്‍ വരാകന്‍
അസ്വസ്ഥമിക്കണ്ണു മുകള്‍പ്പരപ്പിന്‍
നേര്‍‌ക്കോടിയിട്ടെന്ത? തു ദൂരദൂരം.
3
നിസ്സാരമീസ്സംസൃതിയെന്നു ചൊല്‍വൂ
ബ്രഹ്മജ്ഞരാം പണ്ഡിതര്‍ -ആയിരിക്കാം
പ്രേമാര്‍ദ്രമാത്തൂമുഖമുല്ലസിക്കേ
വിലപ്പെടുന്നൊന്നിവനീ പ്രപഞ്ചം
4
ഇരുട്ടു തട്ടാത്ത നവപ്രഭാത
മിടക്കു നില്ക്കാത്ത വിലാസഗാനം
കണ്‍‌കൊണ്ടു കാണാവുമിളംകുളിര്‍ക്കാ
റ്റനക്ഷരം കിഞ്ചന ദിവ്യകാവ്യം
5
ആഴത്തില്‍ മണ്ണിന്നടിയില്‍ക്കിനിഞ്ഞു
മാരണ്യമാര്‍ഗ്ഗത്തിലൊളിഞ്ഞലഞ്ഞും
അദൃശ്യയായിപ്പല നാള്‍ കഴിഞ്ഞാ
ണാറിങ്ങു നമ്മള്‍ക്കമൃതേകിടുന്നു
6
പൂംതിങ്കളില്‍ പങ്കമണച്ചുധാതാവ
വപൂര്‍ണതയ്ക്കേ വിരചിച്ചു വിശ്വം
വിടര്‍ന്ന തങ്കപ്പനിനീര്‍സുമത്തി
ന്നതിങ്കല്‍ നില്പെത്ര നിമേഷമുണ്ടാം?

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം