#ദിനസരികള്‍ 392


മാധ്യമം ആഴ്ചപ്പതിപ്പിലെ അഭിമുഖത്തില്‍ കെ എന്‍ പണിക്കര്‍ , ഇടതുപക്ഷത്തിന് മേല്‍‌ക്കൈയുള്ള ത്രിപുരയിലടക്കം ബി ജെ പി അധികാരത്തിലെത്തിയ ഘട്ടത്തിലും കേരളത്തില്‍ ബിജെപിക്ക് ഒരു എം എല്‍ എ മാത്രമാണല്ലോ ഉള്ളത്.വര്‍ഗ്ഗീയതക്കെതിരായ നമ്മുടെ പ്രതിരോധം തളരുമെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമായി ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു കേരളത്തില്‍ ബി ജെ പിക്ക് ഒരു എം എല്‍ എയെ കിട്ടി എന്നതിന് ഞാന്‍ വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല.കേരളത്തില്‍ അവര്‍ക്ക് പതിനേഴുശതമാനം വോട്ടുകിട്ടി എന്നുള്ളതാണ് ഞാന്‍ പ്രധാനമായി കാണുന്നത്.കേരളീയ സമൂഹത്തില്‍ പതിനേഴുശതമാനം ആളുകള്‍ ഹിന്ദു വര്‍ഗ്ഗീയതയെ സ്വീകരിക്കുവാന്‍ തയ്യാറായി എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം.മതേരത്വത്തില്‍ വിശ്വസിക്കുന്ന വ്യക്തികളും പാര്‍ട്ടികളും ഇരുന്നാലോചിക്കേണ്ട വിഷയമാണ് ഇത്.പതിനേഴുശതമാനം വലിയൊരു ശക്തിയാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.അടുത്ത തിരഞ്ഞെടുപ്പില്‍ ഏഴെട്ടുശതമാനം വോട്ടുകൂടി നേടി ഇരുപത്തഞ്ചിലേക്ക് എത്തിയാല്‍ കേരളത്തിലെ നിലവിലെ സാമൂഹിക രാഷ്ട്രീയയാവസ്ഥ എന്താവും എന്ന ചോദ്യമാണ് നാം ഉന്നയിക്കേണ്ടത്
            നാം അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്, കെ എന്‍  പണിക്കുരുടെ വാക്കുകള്‍.പക്ഷേ നാം അതിനെക്കുറിച്ച് എത്രമാത്രം ബോധവാന്മാരാണ് എന്നതാണ് ചോദ്യം. നവോത്ഥാനമുന്നേറ്റങ്ങളുണ്ടാക്കിത്തന്ന ഒരടിത്തറയില്‍ നിന്നു എന്നല്ലാതെ , ആ അടിത്തറയെ സംരക്ഷിക്കുന്നതിനോ, അതിനൊരു മേല്‍പുര കെട്ടുന്നതിനോ വേണ്ടിയുള്ള സൂക്ഷ്മവും ഫലവത്തായതുമായ ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നു വിശ്വസിക്കുന്നവനാണ് ഞാന്‍. നാം നവോത്ഥാനത്തെക്കുറിച്ചും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെക്കുറിച്ചുമൊക്കെ മേനി നടിക്കാറുണ്ട്.പ്രസംഗപീഠങ്ങളില്‍ യഥേഷ്ടം പുകഴ്ത്താറുമുണ്ട്. കേരളം നിലനില്ക്കുന്നത് നവോത്ഥാനമൂല്യങ്ങളുടെ പുറത്താണെന്നും അതിലൊരു വിള്ളല്‍ വീഴ്ത്താന്‍ കഴിയില്ലെന്നുമുള്ള ധാരണകളെ നാം നിരന്തരം പ്രക്ഷേപിക്കാറുമുണ്ട്. ആ ധാരണകളെയൊക്കെ അട്ടിമറിച്ചുകൊണ്ട് വര്‍ഗ്ഗീയതയെ പുണരുന്ന പതിനേഴുശതമാനം നമ്മെ നോക്കി പല്ലിളിക്കുന്നത് കാണാതിരിക്കുന്നതെങ്ങനെ?
            ഇനി പോംവഴികളെന്ത് എന്നാണ് ചിന്തിക്കേണ്ടത്. കേരളത്തില്‍ മണ്ണില്‍ വര്‍ഗ്ഗീയത വേരു പിടിക്കില്ലെന്ന മിഥ്യാധാരണ വേരോടെ പിഴുതുമാറ്റുകയാണ് ആദ്യംതന്നെ ചെയ്യേണ്ടത്.നാം എല്ലാംതന്നെ ആദ്യംമുതലേ തുടങ്ങേണ്ടിയിരിക്കുന്നു.ആരൊക്കെ നിഷേധിച്ചാലും അനുകൂലമാണെന്ന് കണ്ടാല്‍ കേരളം മതരാഷ്ട്രീയത്തിലേക്ക് മറിയും എന്നൊരു ഘട്ടത്തിലേക്കെത്തിയിരിക്കുന്നുവെന്നത് വസ്തുതയാണ്. അത്രമാത്രം മതത്തെ മനസ്സുകളിലേക്ക് തുളച്ചു കയറ്റാന്‍ വര്‍ഗ്ഗീയതക്ക് കഴിഞ്ഞിരിക്കുന്നു.മറ്റെന്തിനെക്കാളും മതമാണ് പ്രധാനം എന്ന് കേരളം ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്നത് തിരിച്ചറിയാന്‍ നാമിനിയും വൈകിക്കൂട.മുറിയില്‍ വെളിച്ചമുള്ളതുകൊണ്ട് പുറത്തു വ്യാപിച്ചിരിക്കുന്ന ഇരുളിനെക്കുറിച്ച് നിങ്ങള്‍ വേവലാതിപ്പെടുന്നില്ലായെങ്കില്‍ എന്തു പറയാന്‍?

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1