#ദിനസരികള്‍ 372


            ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് നല്കിയ ഹര്‍ജികള്‍ തള്ളിയത് , ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നവരെ ആക്ഷേപിക്കുന്ന നടപടിയാണെന്ന കാര്യത്തില്‍ സംശയമില്ല. ഈ വിധി പുറത്തുവന്ന ദിവസം കോണ്‍ഗ്രസ് പറഞ്ഞതുപോലെ ജുഡീഷ്യറിയുടെ ചരിത്രത്തിലെ കരിദിനമാണ്. ഇന്ത്യയിലെ ജുഡീഷ്യറിക്ക് എത്രമാത്രം അപകടകരവും പക്ഷപാതപരവുമായി പെറുമാറാന്‍ കഴിയും എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് ഈ വിധി തുറന്നു കാണിക്കുന്നത്. സംഘപരിവാരത്തിന്റെ വിനീത വിധേയനാണെന്ന ആക്ഷേപമുയര്‍ന്നിരിക്കുന്ന ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗസമിതിയാണ് കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നടപടികളെ സുപ്രിംകോടതിയിലെ തന്നെ മറ്റു ജഡ്ജിമാര്‍ പരസ്യമായി ചോദ്യം ചെയ്തതിന്റെ അലയൊലികള്‍ ഇതുവരെ അടങ്ങിയിട്ടില്ലെന്ന കാര്യം കൂടി ഓര്‍മിക്കുക.ബി ജെ പിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ പ്രതിസ്ഥാനത്തു വരുന്ന സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്‌ പരിഗണിക്കുന്നതിനിടയിലാണ് ദുരൂഹസാഹചര്യത്തില്‍ ജസ്റ്റീസ് ലോയ മരണപ്പെടുന്നത്. ആ കേസിലെ ഓരോ നടപടിയും സത്യസന്ധവും സുതാര്യവുമായിരിക്കേണ്ടത് നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ നിലനിറുത്താനും സംരക്ഷിക്കാനും അത്യാവശ്യമാണെന്ന ബോധം ജുഡീഷ്യറിക്ക് ഉണ്ടാകേണ്ടിയിരുന്നു.അതുകൊണ്ടു തന്നെ കോടതിയുടെ മേല്‍ നോട്ടത്തില്‍ ഒരന്വേഷണം നടത്തുക എന്ന ആവശ്യത്തെ അനുഭാവപൂര്‍ണം പരിഗണിക്കേണ്ടതുതന്നെയായിരുന്നു. പക്ഷേ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടും കോടതിയലക്ഷ്യമായി പരിഗണിക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടും തങ്ങളുടെ മുന്നിലെത്തിയ അഞ്ചുഹര്‍ജികളും തള്ളിക്കളയുകയാണ് സുപ്രീംകോടതി ചെയ്തത്.
            ഈ ഹരജികളാണ് ചീഫ് ജസ്റ്റീസ് തന്നിഷ്ടപ്രകാരം അരുണ്‍ മിശ്ര എന്ന ജൂനിയര്‍ ജഡ്ജിന് നല്കിയതും അതിനെത്തുടര്‍ന്ന് നാലു മുതിര്‍ന്ന ജഡ്ജിമാരുടെ പരസ്യപ്രതികരണങ്ങളുണ്ടായതെന്നുമുള്ള വസ്തുത കൂടി പരിഗണിക്കുക.പിന്നീട് ദീപക് മിശ്രതന്നെ കേസേറ്റെടുത്ത് ഹരജികള്‍ തള്ളാനുള്ള ഉത്തരവിടുകയായിരുന്നുവെന്നത് സംഭവത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു.സുപ്രിം കോടതി ചീഫ് ജസ്റ്റീസിനെതിരെ പരസ്യമായി രംഗത്തെത്തിയ നാലു ജഡ്ജിമാര്‍ പറയുന്നതാണ് ശരിയെന്ന് കരുതുവാനുള്ള കാരണങ്ങള്‍ കൂടി വരുന്നുണ്ടെന്നതാണ് ഈ കേസുകളിലുണ്ടാകുന്ന വിധികള്‍ വ്യക്തമാക്കുന്നത്.എല്ലാവരും ഒരൊറ്റയാളെ രക്ഷിക്കുവാനാണ് കിണഞ്ഞു പരിശ്രമിക്കുന്നത് എന്ന ദുഷ്യന്ത് ദവേ പറയുന്നതിന് പിന്നില്‍ എത്രമാത്രം ഒളിപ്പിച്ചുവെച്ചാലും അത്രപെട്ടെന്നൊന്നും മറയ്ക്കാനാകാത്ത ബി ജെ പി യുടെ അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷായുടെ മുഖമുണ്ട്.ദവേ ചൂണ്ടിക്കാണിക്കുന്നത് ഈ വസ്തുതയാണ്.ജസ്റ്റീസ് ലോയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെക്കുറിച്ചും കടുത്ത ആക്ഷേപങ്ങള്‍ നിലനില്ക്കുന്നുണ്ട്.കാരവാന്‍ മാസിക പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍ ഞെട്ടലോടെയാണ് നാം കേട്ടത്.
            എന്തായാലും ഇത്രയധികം ആക്ഷേപമുയര്‍ന്ന ഒരു മരണത്തില്‍ ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന സംശയങ്ങളേയും ആശങ്കകളേയും ദൂരീകരിക്കുന്ന ഒരു നിലപാടായിരുന്നു സുപ്രിം കോടതി സ്വീകരിക്കേണ്ടിയിരുന്നത്.അല്ലാതെ കോടതിയെപ്പോലും കളങ്കപ്പെടുത്തുന്ന തരത്തിലുള്ള തീരുമാനമെടുത്തുകൊണ്ട് ആരോപിതനായ ഒരു വ്യക്തിക്കുവേണ്ടി , ഒരു ജനതയെയാകമാനം വെല്ലുവിളിക്കുന്ന ഒന്നാണെന്ന തോന്നലുണ്ടാക്കുകയായിരുന്നില്ല വേണ്ടത്.

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍