#ദിനസരികള്‍ 368


പാരമ്പര്യത്തെ മഹത്വവത്കരിക്കുന്ന ഒരു സമൂഹത്തിന് പുരോഗതി അപ്രാപ്യമാണെന്ന് സ്റ്റീഫന്‍ പിങ്കറെ ഉദ്ധരിച്ചുകൊണ്ട് കെ ബാബു ജോസഫ് എഴുതുന്നു.എന്നു മാത്രവുമല്ല, നമ്മുടെ പൂര്‍വ്വികര്‍ അവര്‍ക്കും അവരുടെ പിന്‍തലമുറകള്‍ക്കും ആവശ്യമുള്ള വിജ്ഞാനമത്രയും സംഭരിച്ചുവെച്ചിട്ടുണ്ടെന്ന ഹിന്ദുത്വവാദികളുടെ പ്രചരണം നവോത്ഥാനവിരുദ്ധമാണെന്നും ‘മൃതാവസ്ഥയിലേക്ക് മടങ്ങുന്ന ഭാരതീയ നവോത്ഥാനം’ എന്ന ലേഖനത്തില്‍ ബാബു ജോസഫ് ചൂണ്ടിക്കാണിക്കുന്നു.എല്ലാ ജ്ഞാനങ്ങളുടേയും അധിഷ്ടാനം വേദങ്ങളാണെന്ന് വാദിക്കുന്നവരുടെ കാലത്ത് ഈ പിന്നോട്ടു നടക്കലില്‍ അത്ഭുതത്തിന് അവകാശമില്ല.എന്നാല്‍ എത്രയോ സമരങ്ങളിലൂടെ നാം കൈവരിച്ച നവോത്ഥാന മൂല്യങ്ങളേയും ശാസ്ത്രജ്ഞാനങ്ങളേയും അത്രയെളുപ്പം കൈയ്യൊഴിയാമോ എന്നതു തന്നെയാണ് ജനതയുടെ മുന്നിലുള്ള പ്രധാനചോദ്യങ്ങളില്‍ ഒന്ന്.
മതാത്മകതകൊണ്ട് എന്തിനേയും അസാധുവാക്കാം എന്ന നിലയിലേക്ക് നാം എത്തിച്ചേര്‍ന്നിരിക്കുന്നു. കാന്‍സറിനും എയിഡ്സിനുമൊക്കെ മരുന്നുകള്‍ നമ്മുടെ വേദങ്ങളില്‍ നിന്നും കണ്ടെത്തിയിരിക്കുന്നുവെന്ന പ്രചാരണത്തില്‍ നാം പലപ്പോഴും ഉടക്കിനില്ക്കുന്നു.രോഗം കൊണ്ട് വലയുന്നവനിലുണ്ടാകുന്ന അതിജീവനവാഞ്ചയെ ചൂഷണം ചെയ്തുകൊണ്ട് രംഗത്തെത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ക്ക് ചുവടുറപ്പിക്കുവാന്‍ വലിയ തോതിലൊന്നും പ്രയാസപ്പെടേണ്ടതായി വന്നിട്ടില്ല.നവോത്ഥാനമുണ്ടാക്കിയെടുത്ത യുക്തിബോധത്തിന്റെ കടക്കലാണ് കത്തിവീഴുന്നതെന്ന് തിരിച്ചറിയുമ്പോഴേക്കും പലതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യമായി മാറിക്കഴിഞ്ഞിട്ടുണ്ടാകും.വിശുദ്ധിയുള്ള പശുവിന്റെ കൊമ്പുകള്‍ക്കിടയില്‍ ഒരു റേഡിയോ ഓണാക്കി വെച്ചാല്‍ ഓം എന്ന ശബ്ദംമാത്രമേ കേള്‍ക്കൂ എന്നു വാദിക്കുന്ന ഒരു സന്യാസിയുണ്ട്.എത്രയോ ആളുകളാണ് ആ പ്രസംഗത്തെ വിശ്വസിച്ചുകൊണ്ട് ഈ അത്ഭുതത്തെ പ്രചരിപ്പിക്കുന്നത് എന്നറിയുമോ? സ്വാമിജി സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പങ്കുവെച്ച ഈ ആശയത്തിന് പിന്തുണ നല്കികൊണ്ടും ശരിയാണെന്ന് സമ്മതിച്ചുകൊണ്ടും മറ്റു പലരും സംസാരിക്കുന്നത് കേട്ടിട്ടുമുണ്ട്. ഇനി ആരെങ്കിലും ഇത് പരീക്ഷിക്കുവാന്‍ മിനക്കെടുന്നവെന്നിരിക്കട്ടെ ഓം ശബ്ദം കേള്‍ക്കില്ല എന്നു വരുമ്പോഴാണ് പശു വിശുദ്ധയായിരിക്കണം എന്ന കണ്ടീഷന്‍ പ്രയോഗിക്കപ്പെടുന്നത്. പാവം പരീക്ഷകന് അടുത്ത വിശുദ്ധ പശുവിനെ തേടുക എന്നതല്ലാതെ മറ്റു വഴികളൊന്നുമില്ലാതെയാകുന്നു.
മാനവികത നവോത്ഥാനത്തിന്റെ മറ്റൊരു സന്തതിയാണ്. ഇന്ത്യയെ ഭരിക്കുന്നവരുടേയും അവരുടെ സംഘടനകളുടേയും മാനവികതയെപ്പറ്റി കണ്ടും കേട്ടും നാം ധാരാളം അനുഭവിച്ചുകഴിഞ്ഞിട്ടുണ്ട്.മാനവികമായ സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുവാന്‍ ജാതിയും മതവും അടിസ്ഥാനപ്പെടുത്തി കെട്ടിപ്പടുത്തിരിക്കുന്ന ഒരു സംഘടനക്കും കഴിയില്ല.അതുകൊണ്ടുതന്നെ നവോത്ഥാനമൂല്യങ്ങളെ മതാധിഷ്ടിത ചിന്തകള്‍ക്ക് പ്രാമുഖ്യമുള്ള ഒരു സമൂഹത്തില്‍ തേടുകയെന്നത് ശുദ്ധമായ വിഡ്ഢിത്തമായിരിക്കും.ജനാധിപത്യമെന്നത് നവോത്ഥാനത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ഉത്പന്നമാണ്.”നവോത്ഥാനം പച്ച പിടിക്കുന്നതിന് ജനാധിപത്യം അനിവാര്യമാണ്.എല്ലാ പൌരന്മാരേയും തുല്യരായി പരിഗണിക്കുന്ന ഭരണ സംവിധാനം.തന്റേതാണീ സര്‍ക്കാറെന്ന് ജനങ്ങളോരോരുത്തരും വിശ്വസിക്കണം.” എന്നാണ് ഡോക്ടര്‍ ബാബു ജോസഫ് ചൂണ്ടിക്കാണിക്കുന്നത്. മതത്തിന് മേധാവിത്തമുള്ള ഒരു രാജ്യത്ത് ജനാധിപത്യം വെറുമൊരു തമാശയാണെന്ന് ഇന്ന് നാം നേരിട്ട് അനുഭവിക്കുന്ന വാസ്തവമാണ്.
തകര്‍ന്ന റിപ്പബ്ലിക് എന്ന പ്രയോഗം അരുന്ധതി റോയിയുടേതാണ്.ഞാനതിന് അടിവരയിടുക മാത്രമാണ് ചെയ്യുന്നത്.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1