#ദിനസരികള്‍ 369







            ദുര പെരുകി മര്‍ത്ത്യരേ നിങ്ങല്‍ ചെയ്യും
            ദുരിതമിനി നിങ്ങളെത്തേടിയെത്തും
            കരുണയുടെ തുള്ളിയും കണ്ടിടാതെ
            പൊരിയുമിനി നിങ്ങള്‍ തന്‍ ജീവിതങ്ങള്‍ - അതിര്‍ത്തി നിര്‍ണയിച്ചിട്ടില്ലാത്ത ബ്രഹ്മാണ്ഡകടാഹത്തില്‍ ഒഴുകി നടക്കുന്ന ഭൂമിയെന്ന ഒരു കുഞ്ഞുതുള്ളിയില്‍ പറ്റിപ്പിടിച്ചിരുന്ന് ലോകം കീഴടക്കിയെന്ന് വമ്പടിക്കുന്നവനെ നാം മനുഷ്യനെന്ന് വിളിക്കുക.ആ വിളിക്ക് പൂവെന്നും , പുഴുവെന്നും പൂമ്പാറ്റയെന്നും വിളിക്കുന്നതിന് അപ്പുറമുള്ള എന്തെങ്കിലും സവിശേഷമായ അധികാരാവകാശങ്ങളുണ്ടെന്ന് നാം ഭാവിക്കുന്നുവെങ്കില്‍ അതില്‍പ്പരം എന്താണ് അല്‍‌പ്പത്തരം? അവനവന്റെ ധാരണകള്‍ക്കു വേണ്ടി അവസാനത്തെ ആയുധവും അന്യന്റെ നെഞ്ചിലേക്കെയ്യുന്ന വന്‍ നേടിയെന്നാണ് ഭാവിക്കുന്നതെങ്കില്‍ എത്ര ശുഷ്കമായിരിക്കണം നേട്ടങ്ങളെക്കുറിച്ചുള്ള അവന്റെ സങ്കല്പങ്ങളെന്ന് ആലോചിക്കുക. ഞാന്‍ മാത്രമാകുമ്പോഴല്ല നാമാകുമ്പോഴാണ് മനുഷ്യന്‍ ബലവാനാകുന്നതെന്ന് എന്നാണ് നാം മനസ്സിലാക്കുക?
            എല്ലാ ആക്രമണങ്ങളും ദുരയുടെ ഫലമായി ഉണ്ടാകുന്നതാണ്.തന്റെ ആശയം മാത്രം വിജയിക്കണമെന്ന ദുര , താന്‍ വിചാരിക്കുന്നതു മാത്രമാണ് ശരിയെന്ന ദുര, താന്‍ പഠിച്ചതിനപ്പുറമുള്ളവയെ അംഗീകരിക്കില്ലെന്ന ദുര ദുരകളാണ് ആയുധികളുടെ സഞ്ചയത്തിന് നിദാനമാകുന്നത്.താന്‍ ചിന്തിക്കുന്ന ദുരയുടെ വിജയത്തിന് വേണ്ടി സംസാരിക്കുന്നത് ആയുധങ്ങളായിരിക്കണം എന്നു ചിന്തിക്കുന്ന ചേലുകള്‍ക്ക് നാം പല പരിവേഷങ്ങളും പതിച്ചു കൊടുക്കാറുണ്ടെന്നു മാത്രം.വാക്കു കൊണ്ടു പ്രവര്‍ത്തികൊണ്ടും ഒരു പോലെ നാം ദുരയുടെ വിതാനങ്ങളെ സൃഷ്ടിച്ചെടുക്കുന്നു.ഉപയോഗിക്കപ്പെടുന്ന ആയുധമെന്തു തന്നെയായാലും അത് അപരനില്‍ ആഴത്തിലുള്ള മുറിവുകള്‍ സൃഷ്ടിക്കപ്പെടണമെന്നതില്‍ മാത്രമാണ് വിട്ടുവീഴ്ചയില്ലാത്തത്.
            കാമത്താല്‍ , ദുരയാല്‍ , മദത്താല്‍, മാത്സര്യത്താ-
            ലീ മനുഷ്യരാം നമ്മളന്തരാ രോഗാര്‍ത്തന്മാര്‍
            രോഗിയെ ശുശ്രൂഷിച്ചു കനിവാല്‍ , വന്നാക്രമി
ച്ചാകിലോ നിരോധിച്ചൂ കരുത്താല്‍ , അവന്‍ തൂവ്വി
പ്പോകിലും തുടയ്ക്കുന്നൂ ക്ഷമയാല്‍ പ്രതികാര
മോഹിതനാകാ വൈദ്യന്‍ - അമ്മട്ടു വേണ്ടൂ നമ്മള്‍ .
ഒന്നും മനസ്സിലാകുന്നില്ല , എന്താണെന്നാണോ നിങ്ങള്‍,  വായനക്കാരാ ചോദിക്കുന്നത്? ഒന്നുമില്ല . എനിക്കു വയസ്സായി എന്നു പറഞ്ഞതാണ്. തലയില്‍ നര ചൂടിയിരിക്കുന്നു. പക്ഷേ ഒന്നോര്‍ക്കുക. തലയില്‍ നരചൂടാന്‍ കാലം കഴിയുകതന്നെ വേണം.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1