#ദിനസരികള്‍ 371




||ചോദ്യോത്തരങ്ങള്‍||

ചോദ്യം : പൈങ്കിളി സാഹിത്യങ്ങള്‍ വായിക്കാറുണ്ടോ?
ഉത്തരം : പൈങ്കിളി സാഹിത്യമെന്ന് പറയുമ്പോള്‍ അതെന്തോ മോശമായ ഒന്നാണെന്ന ഒരു ധ്വനി നിങ്ങളുടെ ചോദ്യത്തില്‍ അടങ്ങിയിട്ടുണ്ടോയെന്ന് ഞാന്‍ സംശയിക്കുന്നു.എന്നെ സംബന്ധിച്ചാകട്ടെ പൈങ്കിളി സാഹിത്യമെന്ന ജനപ്രിയ സാഹിത്യത്തിന് ഒരു തരത്തിലുള്ള ശീലക്കേടുകളുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.ജീവിതത്തെ വ്യാഖ്യാനിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുക എന്ന കര്‍ത്തവ്യമാണ് ഏതൊരു എഴുത്തുകാരനും , തന്റെ മാധ്യമം ഏതാണെങ്കിലും ചെയ്തുപോരുന്നത്.അതിനുപയോഗിക്കുന്ന രീതികളെക്കുറിച്ച് എത്രയോ നൂറ്റാണ്ടുകളായി സാഹിത്യലോകം ചര്‍ച്ച ചെയ്തകൊണ്ടിരിക്കുന്നു. ഏതെങ്കിലും ഒന്ന് മോശം , മറ്റേത് നല്ലത് എന്ന തലത്തില്‍ അനിഷേധ്യമായ ഒരു തീര്‍പ്പ് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മാത്രവുമല്ല, ഇനിയൊട്ട് ഉണ്ടാകുകയുമില്ല.പിന്നെ മറ്റൊരു കാര്യം സാഹിത്യം പൈങ്കിളിയാകുന്നതും അല്ലാതെയാകുന്നതുമൊക്കെ കേവലം ആപേക്ഷികമായ മാത്രം കാര്യങ്ങളാണ്. ഉദാഹരണത്തിന് ജയിംസ് ജോയ്സിന്റെ മുന്നില്‍ മലയാളത്തിലെ ഏതൊരു സാഹിത്യകാരനും പൈങ്കിളി സാഹിത്യകാരനായിപ്പോകുമെന്നു മനസ്സിലാക്കുമ്പോള്‍ ഈ പൈങ്കിളിയെന്നു ആക്ഷേപിക്കപ്പെടുന്ന എഴുത്തുരീതിയുടെ വിതാനങ്ങള്‍ മാറുന്നുണ്ട്.ഞാന്‍ പറയുന്നത് , രണ്ടു ലോകത്തു നിന്നുകൊണ്ട് ആശയങ്ങളെ  ആവിഷ്കരിക്കുമ്പോള്‍ പ്രതിപാദനരീതികളില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ വന്നുപെടും.എന്നുവെച്ച് ഒന്ന് അധമവും മറ്റേത് അത്യുന്നതവുമാണെന്ന തീര്‍പ്പിലേക്കെത്തുകയല്ല വേണ്ടത് , മറിച്ച് രണ്ടിനും രണ്ടിന്റേതായ അനുഭവമണ്ഡലങ്ങളുണ്ട എന്നതാണ്.അതുകൊണ്ട് പൈങ്കിളി സാഹിത്യമെന്ന പ്രയോഗത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇകഴ്ത്തലിന്റെ ധ്വനിയുണ്ടെങ്കില്‍ അത് പാടേ ഉപേക്ഷിക്കണം എന്നാണ് എനിക്ക് ആദ്യമായി പറയാനുള്ളത്.
            ആലിപ്പഴവും, അഞ്ചുസുന്ദരികളും, കരിമ്പനയും , സീതേ നീ കരയരുതും , ചുവന്ന അങ്കിയും , രക്തമില്ലാത്ത മനുഷ്യനുമൊക്കെ എന്റെ ഓര്‍മകളിലെ വസന്തോത്സവങ്ങളാണ്.അതുകൊണ്ട് ഒ വി വിജയനേയും മാത്യുമറ്റത്തേയും ആനന്ദിനേയും ബാറ്റണ്‍‍‌ബോസിനേയും വൈലോപ്പിള്ളിയേയും മുരുകന്‍ കാട്ടാക്കടയേയും ഇടശ്ശേരിയേയും അനില്‍ പനച്ചൂരാനെയുമൊക്കെ വായിക്കുക.സാഹിത്യത്തിന്റെ മൂല്യങ്ങള്‍ ആപേക്ഷികമാണെന്നും സംസ്കാരത്തിന്റെ ഗതിവിഗതികളില്‍ അവ മാറിയും മറിഞ്ഞും അവതരിപ്പിക്കപ്പെടുമെന്നും മനസ്സിലിരിക്കട്ടെ.ചാപ്പകുത്തലുകള്‍ അവസാനിപ്പിച്ചേക്കുക.
            ചോദ്യം :എന്തുകൊണ്ടാണ് മുരുകന്‍ കാട്ടാക്കടയേയും അനില്‍ പനച്ചൂരാനെയുമൊക്കെ പരാമര്‍ശിച്ചത്?
ഉത്തരം : ജനപ്രിയ നോവല്‍ സാഹിത്യത്തില്‍ മാത്യുമറ്റമടക്കമുള്ള പ്രഭൃതികള്‍ നിര്‍വഹിച്ച അതേ പ്രവര്‍ത്തിതന്നെയാണ് കവിതയില്‍ മുരുകന്‍ കാട്ടാക്കടയും അനില്‍ പനച്ചൂരാനുമൊക്കെ നിര്‍വഹിക്കുന്നത്.അതുകൊണ്ടാണ് അവരേയുംകൂടി പരാമര്‍ശിക്കുന്നത്.ആവിഷ്കാരത്തിന്റെ എല്ലാ ഭാവങ്ങളിലും ഇത്തരത്തിലുള്ള മാതൃകകള്‍ കാണാം. ഒന്ന് സാധാരണക്കാരന്റെ ഭാഷയില്‍ അവന്‍ ചേര്‍ന്നു നില്ക്കുന്ന ഇടങ്ങളെ തൃപ്തിപ്പെടുത്തുന്നതാണ്. മറ്റേത് സംസ്കാരത്തിന്റെ മറ്റൊരു തലത്തെ പ്രിയമെന്നു കരുതി പ്രണയിച്ചു പോരുന്നവരുടേതാണ്. ഒന്ന് മികച്ചത് മറ്റേത് മോശം എന്നു പറയുന്നത് അപരാധമാകുകതന്നെ ചെയ്യും.

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍