#ദിനസരികള്‍ 325
അടിമത്തം ചോദിച്ചു
വാങ്ങുന്ന ജനത – മതജാതി
സംഘടനകളുടെ കാല്‍ക്കീഴിലേക്ക്
ജനാധിപത്യത്തിന്റെ
അവസാന തുരുത്തുകളേയും നീക്കിവെക്കുമ്പോള്‍ ഇങ്ങനെയല്ലാതെ എങ്ങനെയാണ് പ്രതികരിക്കുക? ഇരുപത്തിയഞ്ചു വര്‍ഷക്കാലത്തോളം ത്രിപുരയെ ഭരിച്ച ഒരു
മാനവികദര്‍ശനത്തെ പിന്‍തള്ളിക്കൊണ്ട് സങ്കുചിതവും മതാത്മകവുമായ വികലവീക്ഷണങ്ങളെ
മുന്നോട്ടുവെക്കുന്ന ആശയസംഹിതകളെ ഒരു ജനത രണ്ടു കൈയ്യും നീട്ടി
സ്വീകരിച്ചുവെങ്കില്‍ ആര്‍ക്ക് എവിടെയാണ് തെറ്റു പറ്റിയത്? സ്വന്തം പ്രതിച്ഛായയില്‍ ഒരു കളങ്കം
പോലും ഏല്പിക്കപ്പെടാത്ത , ഇന്ത്യയിലെ തന്നെ ഏറ്റവും ദരിദ്രനായ ഒരു
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പോരാട്ടത്തിനിറങ്ങിയ ഇടതുപക്ഷത്തിന്
കടപുഴകിയെങ്കില്‍ ഇനി ഒരു തുരുത്തും അതിജീവിക്കുകയില്ലെന്നാണ് മനസ്സിലാക്കേണ്ടത്. ഇന്നലെ
നവമാധ്യമരംഗത്ത് വിതറിക്കിടന്നിരുന്നത്, കറുത്ത നിറത്തില്‍ വരക്കപ്പെട്ട
ഇന്ത്യയുടെ ദക്ഷിണകോണില്‍ ഒരിറ്റു ചുവപ്പു
ചാറിയ ഒരു ചിത്രമാണ്.അധികകാലം ആ ചുവപ്പും അവിടെ കാണില്ലെന്ന ഭീഷണി എമ്പാടും ഉയര്‍ന്നു
കഴിഞ്ഞിരിക്കുന്നു.കേരളം കൂടി പിടിച്ചാലേ ബി ജെ പിയുടെ സുവര്‍ണയുഗം
ആരംഭിക്കുകയുള്ളു എന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു.ഒരു ചാറ്റല്‍ മഴയില്‍ ഒലിച്ചു
പോകാവുന്നതിനെ വെച്ച് ഒരു പേമാരിയെ നേരിടുക യെന്ന ബുദ്ധിമോശം കാണിക്കുന്നതിനുപകരം
, ഗൃഹപാഠങ്ങളുടെ വെളിച്ചത്തില്‍ ജനതയെ നവീകരിക്കുക എന്ന ദൌത്യം ഇനിയെങ്കിലും
ഇടതുപക്ഷം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ഇത്തിരിവട്ടത്തിലെ വെട്ടങ്ങളെയെങ്കിലും
നമുക്ക് സംരക്ഷിച്ചു നിറുത്തുവാന്‍ കഴിയുന്നില്ലായെങ്കില്‍ പെയ്തിറങ്ങുന്ന
കൂരിരുളിന് കീഴില്‍ നമുക്കു വിറുങ്ങലിക്കേണ്ടിവരും.
“എന്തിനാണ് ഇത്ര
ഭയപ്പാട് ?കമ്യൂണിസ്റ്റ് ഭരണത്തിലും ജനാധിപത്യവിരുദ്ധമായ മാനവികേതരമായ
എത്രയോ സംഭവങ്ങള്‍ ഉദാഹരിക്കുവാനുണ്ട് ? “ എന്നൊരു ചോദ്യം മുഴങ്ങുന്നത് ഞാന്‍ കേള്‍ക്കാതെയല്ല. കമ്യണിസം
തെറ്റു പറ്റാത്തതാണെന്നോ , പറ്റിയിട്ടില്ലെന്നോ ഞാന്‍ അര്‍ത്ഥമാക്കുന്നില്ല.
തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റായ നിഗമനങ്ങളിലെത്തിച്ചേരുകയെന്ന കെടുതി
കമ്യൂണിസത്തിനുമുണ്ടായിട്ടുണ്ട്. എന്നിരുന്നാലും എന്തൊക്കെ കോട്ടങ്ങളുണ്ടെങ്കിലും
മതാത്മകമല്ല എന്ന ഒരൊറ്റ കാരണം മതി എന്നെ സംബന്ധിച്ച് ആ വാദങ്ങളൊക്കെ
അസാധുവാകുവാന്‍.മതങ്ങളെ , അതിന്റെ വിശ്വാസപ്രമാണങ്ങളെ ഒരിക്കലും രാഷ്ട്രീയ
വ്യവഹാരങ്ങളെ നിയന്ത്രിക്കാന്‍ അനുവദിക്കരുത്. വൈദികകാലത്തെ നീതിബോധങ്ങളെ , ധാര്‍മികയുക്തികളെയൊക്കെ
സ്ഥാപിച്ചെടുക്കാന്‍ ബി ജെ പി കാണിക്കുന്ന വ്യഗ്രത നമുക്കു നന്നായി അറിയാം.ആധുനിക
ശാസ്ത്രങ്ങളെ നിരാകരിച്ചു കൊണ്ട് കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ രംഗത്തു
വന്നുകഴിഞ്ഞു.നമ്മൂടെ കുട്ടികള്‍ പഠിക്കുന്ന പാഠങ്ങളെ അവര്‍ തിരുത്തുന്നു.പുതിയ
ചരിത്രങ്ങളെ തങ്ങള്‍ക്ക് അനുകൂലമായി എഴുതിച്ചേര്‍ക്കുന്നു.വേദങ്ങളിലേക്കു മടങ്ങുക
എന്ന ആഹ്വാനത്തെ പിന്‍പറ്റുന്ന ഒരു ജനതയെ നിര്‍മിച്ചെടുക്കാനുള്ള ശ്രമങ്ങളെ നാം
കേവലമായ കക്ഷിരാഷ്ട്രീയതയുടെ ജയപരാജയങ്ങളായി ചുരുക്കിക്കെട്ടരുത്.പരാജയപ്പെടുന്നത്
സി പി ഐ എമ്മോ കോണ്‍ഗ്രസ്സോ അല്ല , മറിച്ച് ഇന്ത്യന്‍ ജനതയായിരിക്കും.
Comments