#ദിനസരികള്‍ 319







            സച്ചിദാനന്ദന്റെ കവിതകളില്‍ നിന്ന് തനിക്കിഷ്ടപ്പെട്ടവയെ ബാലചന്ദ്രന്‍ ചുള്ളിക്കാട് തിരഞ്ഞെടുത്താല്‍ എങ്ങനെയുണ്ടാകും എന്ന ചിന്തയുടെ ഫലമാണ് ബോധി പുറത്തിറക്കിയിരിക്കുന്ന എന്റെ സച്ചിദാനന്ദന്‍ കവിതകള്‍ എന്ന പുസ്തകം.ഈ സംരംഭത്തെക്കുറിച്ച് പ്രസാധകര്‍ പറയുന്നതു കേള്‍ക്കുക :-   ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേതാണ് കവി കവിത എന്ന പരമ്പരയുടെ ആശയം. മലയാളത്തില്‍ ഇത്തരമൊരു പുസ്തകം ആദ്യമാണ്.ഒരേ ഭാഷയില്‍ത്തന്നെ കാവ്യരചനയിലേര്‍‌പ്പെട്ടിരിക്കുന്ന രണ്ടു കവികളുടെ ഹൃദയസമാനതയാണ് ഇവിടെ പ്രകടമാകുന്നത്.പ്രസധാകര്‍ അവകശപ്പെടുന്നതുപോലെ ഇത്തരമൊരു ആശയം ഈ പുസ്തകം പുറത്തിറങ്ങിയ സമയത്ത് സമാനതകളില്ലാത്തതായിരുന്നു.
            തുല്യകാലത്തിന്റെ നീതിബോധങ്ങളെ പങ്കുപറ്റി രചനാജീവിതം നയിക്കുന്ന രണ്ടു കവികള്‍ പരസ്പരപൂരകങ്ങളാകാനുള്ള സാധ്യത എത്രമാത്രമുണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് ഈ പുസ്തകം.സച്ചിദാനന്ദന്റെ മുപ്പത്തിരണ്ടു കവിതകളാണ് ചുള്ളിക്കാട് തിരഞ്ഞെടുത്തിരിക്കുന്നത്. ഓപ്പോള്‍ , എഴുത്തച്ഛനെഴുതുമ്പോള്‍ , പനി , തേക്കിന്‍ കാട്ടിലെ തെരുവു ചിത്രകാരന്‍ , ഒടുവില്‍ ഞാനൊറ്റയാകുന്നു, ഓര്‍മ്മയില്‍ കാടുള്ള മൃഗം എന്നിങ്ങനെ പ്രസിദ്ധവും അപ്രസിദ്ധവുമായ കവിതകളുടെ ഒരു നിരയാണ് ബാലചന്ദ്രന്‍  ചുള്ളിക്കാട് പ്രദര്‍ശിപ്പിക്കുന്നത്. ഇവ ഞാന്‍ പഠിച്ച കവിതകളല്ല , അനുഭവിച്ച കവിതകളാണ്. സമാന ഹൃദയര്‍ക്കു മാത്രമായി സമര്‍പ്പിക്കപ്പെടുന്ന ഈ സമാഹാരം പാഠപുസ്തകമല്ലാത്തതിനാല്‍ കവിതകളുടെ അര്‍ത്ഥവിചാരവും ശില്പവിചാരവും അടിക്കുറിപ്പുകളുമൊന്നും ഇതൊടൊപ്പമില്ല.അവയൊന്നും കവിതക്കു പകരം നില്‍ക്കുകയുമില്ലല്ലോഎന്ന് ചുള്ളിക്കാട് പറയുന്നത് , കവിതകള്‍ അനുഭവിക്കുക തന്നെ വേണം എന്ന ബോധ്യത്തില്‍ ചവിട്ടി നിന്നുകൊണ്ടാണ്.
            ആസന്ന മരണ ചിന്തകള്‍ എന്ന കവിത മറ്റു കവിതകളെക്കാള്‍ എന്നെ ഒരു ചുഴലിക്കാറ്റുകണക്കേ പിടികൂടി അവാച്യമായ അനുഭൂതിയുടെ ഏതോതോ ശൃംഗങ്ങളിലേക്ക് വലിച്ചു കയറ്റുന്നു. ഈ സമാഹാരത്തില്‍ എനിക്കു പ്രിയപ്പെട്ടതായ ആ കവിതയെ പൂര്‍ണമായും ഇവിടെ പകര്‍ത്തട്ടെ.
            സമയമായച്ഛാ
            ചിലന്തി നൂല്‍ നെയ്ത
ഭ്രമവല പൊട്ടിനുറുങ്ങുകയായി
സ്ഫടികജാലകമുടയുകയായി
ചുവന്നൊരുത്തരക്കിളിയുമാകാശം
തുളച്ചു രാത്രിയില്‍ പൊലിയുകയായി
ഹൃദയം പൊട്ടിയ ഗഗനത്തിന്‍ കീഴില്‍
കടലുപ്പിന്‍ രസം നുണയും കാറ്റിന്റെ
കരയും കൈകളില്‍ പഴയ വേണുവില്‍
പതയും ദുഖത്തിന്‍ കുശഞൊറികളില്‍
നിഴലുകള്‍ തുപ്പും വൃഥാ നിലാവുകള്‍
തുളുമ്പിയ ദീര്‍ഘനിശകളില്‍ , പച്ച
മിഴിതന്‍ നാഭിയിലുയര്‍‌ത്തെഴുന്നേല്ക്കും
സരോരുഹത്തിന്റെ കവിതയില്‍, എന്നെ
മഹാവ്യഥയുടെ ലിപികള്‍ കാട്ടിയ
പുരുഷ , നീണ്ടൊരീ നിലവിളി നിര്‍ത്തി
നയന ദീപങ്ങള്‍ കെടുത്തിക്കാത്തിരി
പ്പൊടുക്കി യെന്റെയായിടാത്തൊരിക്കരിം
തടാകത്തില്‍ തന്നെ പിടഞ്ഞു വീഴുവാന്‍
പ്രശാന്തി തേടുവാന്‍ , സമയമായച്ഛാ.



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1