#ദിനസരികള്‍ 323
സംഗീത ചികിത്സയെപ്പറ്റി ഡോ എസ് ഭാഗ്യലക്ഷ്മി അറിയേണ്ടതെല്ലാം ഉള്‍പ്പെടുത്തി ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നു.ഡി സി ബുക്സ് പുറത്തിറക്കിയ പ്രസ്തുത പുസ്തകത്തിന്റേ പേരുതന്നെ സംഗീത ചികിത്സ അറിയേണ്ടതെല്ലാം എന്നാണ്.സംഗീതത്തോട് താല്പര്യമുള്ള ഒരാളെന്ന നിലയില്‍ ഈ പുസ്തകം എന്നെ നന്നായി ആകര്‍ഷിക്കുന്നു.സംഗീതത്തിന് രോഗത്തെ ചികിത്സിക്കാനും ഭേദമാക്കാനും കഴിവുണ്ട് എന്ന വാദഗതി അംഗീകരിക്കേണ്ടതുതന്നെ.മ്യൂസിക് തെറാപ്പി എന്ന് ഗൂഗിള്‍ ചെയ്താല്‍ കിട്ടുന്ന വിക്കിപ്പീഡിയ പോജ് പറയുന്നത് ഇങ്ങനെയാണ് “The roots of musical therapy in India, can be traced back to ancient Hindu mythology, Vedic texts, and local folk traditions.[80]It is very possible that music therapy has been used for hundreds of years in the Indian culture.” വേദകാലത്തോളം വേരുകളുള്ള സംഗീത ചികിത്സയുടെ ആധികാരികതയെക്കുറിച്ച് ഇനി സംശയിക്കുന്നതും ഉചിതമല്ലല്ലോ.അതുകൊണ്ടുതന്നെ ആ കാഴ്ചപ്പാടിന്റെ ചുവടുപിടിച്ചുകൊണ്ടാണ് ഡോ.എസ് ഭാഗ്യലക്ഷ്മി ഈ പുസ്തകം എഴുതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. എന്നു മാത്രവുമല്ല , ആധികാരികത കൂട്ടുന്നതിന് വേണ്ടി ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ നിലനിന്നിരുന്ന സംസ്കാരങ്ങളുടെ ചരിത്രത്തില്‍ നിന്നും പ്രസക്തഭാഗങ്ങള്‍ രചയിതാവ് ഉദ്ധരിക്കുന്നുമുണ്ട്. അന്യന്റെ കൂടെപ്പോയ കാമുകിയുടെ വീട് കത്തിക്കാനിറങ്ങിയ സിസിലിയന്‍ രാജാവ് ഒരു ഗാനം കേട്ടപ്പോള്‍ മനസ്സുമാറിയതടക്കമുള്ള ഉരണികളുടെ സമൃദ്ധി ഈ പുസ്തകത്തെ മനോഹരമാക്കുന്നു.പാടി തീയുല്പാദിപ്പിച്ചതും , മരിച്ചവനെ ഉയിര്‍പ്പിച്ചതും പ്രകൃതിയിലെ ക്ഷാമങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞതുമൊക്കെ സംഗീതത്തിന്റെ മാസ്മരികമായ ശക്തിവിശേഷമായി ഗ്രഥകാരി ചൂണ്ടിക്കാണിക്കുന്നുണ്ട്.താന്‍സനും ത്യാഗരാജനും മുത്തുസ്വാമി ദീക്ഷിതരുമൊക്കെ ഇത്തരത്തില്‍ മനുഷ്യനേയും പ്രകൃതിയേയും ചികിത്സിച്ച അത്ഭുത വൈദ്യന്മാരായിരുന്നുവത്രേ.പുതുലോകം അവര്‍ക്ക് നമോവാകം പറയുക.
ഏതൊക്കെ അസുഖങ്ങളെയാണ് ഇങ്ങനെ ചികിത്സിക്കാന്‍ കഴിയുക എന്നതൊരു കൌതുകകരമായ ചോദ്യമാണ്. മനസ്സന്തോഷത്തിന് ശങ്കരാഭരണം, രക്തസമ്മര്‍ദ്ദത്തിന് ആഹിര്‍ ഭൈരവി , നിദ്രക്ക് നീലാംബരി , പക്ഷാഘാതത്തിന് ഷണ്‍മുഖപ്രിയ ,വിഷാദരോഗത്തിന് ചെഞ്ചുരുട്ടി, ഹിസ്റ്റീരിയക്ക് തോഡി,അപസ്മാരത്തിന് ശുദ്ധ സാരംഗ് എന്നിങ്ങനെ ആധുനിക വൈദ്യശാസ്ത്രം അന്തിച്ചു നില്ക്കുന്ന വിവിധ രോഗങ്ങള്‍ക്ക് സംഗീത ചികിത്സ മരുന്നായി മാറുന്നുണ്ട്. പിള്ളവാതവും അല്‍ഷിമേഴ്സും പാര്‍ക്കിന്‍സണുമൊക്കെ ഈ തരത്തില്‍ ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ , എയിഡ്സ് കുഷ്ടം മുതലായ അസുഖങ്ങള്‍ക്കു മരുന്നുരാഗങ്ങളെക്കുറിച്ചും ഈ മേഖലയില്‍ ഇനിയും കണ്ടെത്തേണ്ട മറ്റു നേട്ടങ്ങളെക്കുറിച്ചുമൊക്കെ ഒരു ധാരണയുണ്ടാകാന്‍ ഈ പുസ്തകം നമ്മെ സഹായിക്കും.സംഗീത ചികിത്സയില്‍ കൂടുതല്‍ കൂടുതല്‍ ഗവേഷണം നടക്കുകയും ആയിരത്താണ്ടുകളായി -കൃത്യമായി പറഞ്ഞാല്‍ വേദകാലം മുതല്‍ - നിലനിന്നിരുന്ന ഒരു ശാസ്ത്രശാഖയെ വീണ്ടെടുക്കുയും ചെയ്യുക എന്നത് ആധുനിക മനുഷ്യസമൂഹത്തിന് കടുത്ത വെല്ലുവിളിയാണെങ്കിലും മനുഷ്യ നന്മയെക്കരുതി നാമതിനു തയ്യാറാകുക തന്നെ വേണം. അതിനു ശേഷം അലോപ്പതിയടക്കമുള്ള ചികിത്സാരീതികളെ നമുക്ക് ബഹിഷ്കരിക്കേണ്ടതുണ്ട്.
Comments