#ദിനസരികള്‍ 321


കൂടെക്കൂടെ കുട്ടികൃഷ്ണമാരാരുടെ ഏതെങ്കിലുമൊരു പുസ്തകമെടുത്തുവെച്ച് വായിക്കുക എന്നത് എന്റെ ശീലമാണ്.ചിന്തകള്‍ക്ക് ഒരു നവോന്മേഷം ലഭിക്കാന്‍ മാരാരിലൂടെയുള്ള ഊളിയിടല്‍ എന്നെ സഹായിക്കാറുണ്ട് എന്നതാണ് വസ്തുത. ഭാഷയുടെ സമസ്തസൂക്ഷ്മഭാവങ്ങളേയും ആവാഹിച്ചെടുത്ത് തന്റെ നിലപാടുകളെ വാദിച്ചുറപ്പിക്കാന്‍ അദ്ദേഹം പുലര്‍ത്തുന്ന ശ്രദ്ധ എടുത്തു പറയേണ്ട ഒന്നാണ്.പ്രശംസനീയമായ ആ സൂക്ഷ്മതയുടേയും അപഗ്രഥനപാടവത്തിന്റേയും പ്രത്യക്ഷമായ ഉദാഹരണമാണ് മാരാരുടെ ഭാരതപര്യടനം എന്ന നിസ്തുലമായ ഗ്രന്ഥം.ധര്‍മ്മത്തിന്റെ ഗഹനമായ ഗതിയെ പിന്തുടരുന്ന നിശിതബുദ്ധിയായ ഒരു വിമര്‍ശക കേസരിയെ നമുക്ക് ഭാരതപര്യടനം കാണിച്ചുതരുന്നുണ്ട്. ശാശ്വത മൂല്യദൃഷ്ടിയും സ്വതന്ത്ര ചിന്തയും ചേര്‍ന്ന് മാരാര്‍ മലയാളത്തിലെ കാലപരാധീനനല്ലാത്ത വിമര്‍ശനകനായിത്തീര്‍ന്നിരിക്കുന്നു.മാരാരെ ഇന്നലത്തെ വിമര്‍ശകനെന്നോ നാളത്തെ വിമര്‍ശകനെന്നോ കാലക്കുറിമാനം ചേര്‍ത്തു വിളിക്കുക സുകരമല്ല.നമ്മുടെ വിമര്‍ശന സാഹിത്യത്തില്‍ ജോസഫ് മുണ്ടശ്ശേരിക്ക് ചരിത്രപ്രാധാന്യം കൂടുമെങ്കില്‍ മാരാര്‍ക്കാണ് സ്വതപ്രാമാണ്യം കൂടുതലെന്ന് പ്രൊഫസര്‍ സുകുമാര്‍ അഴീക്കോട് പറയുന്നത് മാരാരുടെ കാമ്പും കഴമ്പും തിരിച്ചറിഞ്ഞ ഒരു നിരൂപകന്റെ നിലപാടാണ്.
            ജോസഫ് മുണ്ടശ്ശേരിയെക്കാള്‍ മാരാരോട് എനിക്ക് സര്‍ഗ്ഗാത്മകമായ പക്ഷപാതിത്വമുണ്ടെന്ന് സമ്മതിക്കാന്‍ മടിയൊന്നുമില്ല.വിശ്വസാഹിത്യത്തേയും ദര്‍ശനങ്ങളേയുമൊക്കെ മുണ്ടശേരിയോളം മാരാര്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും തന്റെ കൈവശമുള്ള കളിമണ്ണുകൊണ്ട് മാരാരുണ്ടാക്കിയ ശില്പങ്ങള്‍ ആരേയും അതിശയിപ്പിക്കാന്‍ പോന്നതാണ്.അത് അഴീക്കോട് ചൂണ്ടിക്കാണിച്ച സ്വപ്രാമാണ്യത്തിന്റെ ഗുണഫലം തന്നെയാണ്.കല കലക്കുവേണ്ടിയോ സമൂഹത്തിനു വേണ്ടിയോ എന്ന ചോദ്യത്തിനുമുന്നില്‍ നമ്മുടെ സാഹിത്യാന്തരീക്ഷം രണ്ടായി ഭിന്നിച്ചു നിന്നിരുന്ന ഘട്ടത്തില്‍ കല ജീവിതം തന്നെ എന്നാണ് മാരാര്‍ പ്രഖ്യാപിച്ചത്. കല ജീവിതം തന്നെ എന്നു നിര്‍വചിക്കുന്നതിന്നാണ് , കല കലയ്ക്കു വേണ്ടി എന്നും കല ജീവിതത്തിനുവേണ്ടി എന്നും പറയുന്നതിനെക്കാള്‍ അര്‍ത്ഥമുള്ളത്.ഒടുക്കത്തതുരണ്ടു കലകൊണ്ടു നമുക്കു നിറവേറിക്കിട്ടേണ്ട ആവശ്യങ്ങളെയാണല്ലോ നിര്‍‌ദ്ദേശിക്കുന്നത്.എന്നാല്‍ നമ്മുടെ ഏതൊരാവശ്യവും നിറവേറിക്കിട്ടുവാന്‍ കല എന്തായിരിക്കണമോ അതാണ് കല ജീവിതം തന്നെ എന്ന നിര്‍വചനത്തിന്റെ പൊരുള്‍എന്നാണ് ഈ വാദമുഖത്തെ മാരാര്‍‌ അരക്കിട്ടുറപ്പിക്കുക.
            മലയാള ഭാഷയെ ആ ഭാഷയുടെ സാഹിത്യത്തെ അറിയാനും അനുഭവിക്കാനും ആഗ്രഹിക്കുന്നവര്‍ മാരാരിലേക്ക് മടങ്ങേണ്ടിവരും.

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍