#ദിനസരികള്‍ 320


ടി പി ചന്ദ്രശേഖരന്‍ ആര്‍ എം പി രൂപീകരിക്കുമ്പോള്‍ സി പി ഐ എമ്മിനോടുള്ള പടലപ്പിണക്കം എന്നതിലുപരി മറ്റൊരു രാഷ്ട്രീയ മൂല്യവും മുന്നോട്ടു വെച്ചിരുന്നില്ല.ഏറാമല പഞ്ചായത്തിന്റെ പ്രസിഡന്റു സ്ഥാനം കൈമാറാനുള്ള മുന്‍തീരുമാനം നടപ്പിലാക്കാന്‍ തയ്യാറായതിനെതിരെ പ്രാദേശികമായി ഒരു വികാരമുണ്ടാക്കിയെടുക്കുകയും അത് ഊതിപ്പെരുപ്പിച്ച് ആറെം പിയോളം വളര്‍ത്തുകയും ചെയ്തു എന്നതല്ലാതെ എന്തെങ്കിലും വേറിട്ട കാഴ്ചപ്പാടുകളെ ആ കക്ഷി ചന്ദ്രശേഖരനുശേഷവും മുന്നോട്ടു വെച്ചിട്ടില്ല. എന്നു മാത്രവുമല്ല . ചന്ദ്രശേഖരന്റെ അപലപനീയമായ കൊലപാതകത്തോടുകൂടി സി പി എമ്മിനോടുള്ള വൈരം എന്ന ഒരൊറ്റ അജണ്ടയിലേക്ക് ആ കക്ഷി സ്വാഭാവികമായും കൂപ്പുകുത്തുകയും ചെയ്തു. കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതികരിക്കുകയെന്നത് ആറെംപിയുടെ പ്രധാനപ്പെട്ട സമീപനമായിരുന്നു.എന്നാല്‍ ഇപ്പോഴാകട്ടെ ആറെംപിയുടെ ഓഫീസില്‍ നിന്നു തന്നെ വെട്ടുകത്തിയും വടിവാളുമടക്കമുള്ള ആയുധങ്ങളെ റെയ്ഡിലൂടെ പോലീസ് കണ്ടെത്തിയിരിക്കുന്നു. സ്വയംപ്രതിരോധത്തിനു വേണ്ടി സംഭരിച്ചതാണെന്ന ന്യായീകരണത്തെ മുന്‍കൂറായി ഞാനും അംഗീകരിക്കുന്നു. ചോദ്യം ഇതാണ് :- കേവലം അന്ധമായ സി പി ഐ എം വിരോധത്തെ മുന്‍നിറുത്തി എത്രകാലം ആറെംപി മുന്നോട്ടു പോകും?
               ഈ ചോദ്യം ഉന്നയിക്കാന്‍ കാരണം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2018 മാര്‍ച്ച് 4 ) കെ കെ രമയുമായി താഹാ മാടായി നടത്തിയ അഭിമുഖമാണ്.സംവാദത്തിനു പകരം വിവാദം ലക്ഷ്യമിട്ടുകൊണ്ടുതന്നെയാണ് ഈ അഭിമുഖം തയ്യാറാക്കിരിക്കുന്നതെന്ന വ്യക്തമാക്കുന്നതാണ് പക രാഷ്ട്രീയം സി പി എമ്മിന്റെ മാത്രം പ്രത്യേകതയാണ് എന്ന പേരുതന്നെ.കെ കെ രമയും ആറെംപിയുടെ നേതാക്കളും കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ഈ ആരോപണത്തിനെ അല്പസ്വല്പം വികസിപ്പിച്ചു പറയുന്നുവെന്നല്ലാതെ വര്‍ത്തമാനകാലസാഹചര്യങ്ങളോട് രാഷ്ട്രീയമായി പ്രതികരിക്കേണ്ടതിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്ന ചര്‍‌ച്ചയിലേക്ക് ഈ അഭിമുഖം കടക്കുന്നില്ല.ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ആശയപരമായി ഉയര്‍ന്നു നില്ക്കണം എന്ന ചിന്തകള്‍ക്കു പകരം അടുക്കളക്കുശുമ്പു വിളമ്പുന്നതുപോലെ  പാര്‍ട്ടിയിലെ സ്ത്രികള്‍ ശബ്ദമുയര്‍ത്താറില്ലെന്നും സി പി ഐ എം ഒരു ആണ്‍പാര്‍ട്ടിയാണെന്നും രമ അഭിമുഖത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. പക്ഷേ തനിക്കിഷ്ടം ഗൌരിയമ്മയെയാണെന്നും ആരേയും കൂസാത്ത അവരുടെ നിലപാടുകളും പെരുമാറ്റങ്ങളുമാണ് താന്‍ ഏറെയിഷ്ടപ്പെടുന്നതെന്നും രമ പറയുമ്പോള്‍ സ്ത്രീകള്‍ സി പി എമ്മില്‍ അടിച്ചമര്‍ത്തപ്പെട്ട നിലയിലാണ് തുടരുന്നത് എന്ന് രമ തന്നെ പറയുന്നതിന്റെ പൊള്ളത്തരമാണ് പുറത്താകുന്നത്. എന്തുതന്നെയായാലും ഗൌരിയമ്മയെ സൃഷ്ടിച്ചെടുക്കുന്നതില്‍ ആണ്‍കോയ്മപ്പാര്‍ട്ടി എന്ന് രമ പരിഹസിക്കുന്ന സി പി ഐ എമ്മിന്റെ പങ്ക് അത്രയെളുപ്പം തള്ളിക്കളയാന്‍ ആര്‍ക്കും കഴിയില്ലല്ലോ.
                താഹാ മാടായിയുടെ പതിവു സംഭാഷണങ്ങളെപ്പോലെതന്നെ കേവലം ഉപരിപ്ലവമായ  ചോദ്യങ്ങളാണ് രമയുടെ നേരേയും നീട്ടപ്പെടുന്നത്. താനുദ്ദേശിക്കുന്ന ഉത്തരം അവരെക്കൊണ്ട് പറയിപ്പിക്കാനും അതുവഴി വിവാദങ്ങളെ സൃഷ്ടിച്ചെടുക്കാനുമുള്ള ശ്രമത്തിന് എത്രയോ ഉദാഹരണങ്ങളുണ്ട് , അഭിമുഖത്തില്‍.നോക്കുക. ചോദ്യം ഫ്യൂഡല്‍ ഹാങ്ങോവറുള്ള ഒരു തമ്പ്രാനിസം ഈ പാര്‍ട്ടിക്കുള്ളതായി തോന്നിയിട്ടുണ്ടോ? ചുരുങ്ങിയ പക്ഷം ചില നേതാക്കന്മാരിലെങ്കിലും? ഈ ചോദ്യത്തിനുള്ള മറുപടി എന്തായിരിക്കുമെന്ന് താഹമാടായിക്കു മാത്രമല്ല അരിയാഹാരം കഴിക്കുന്ന ആര്‍ക്കും വ്യക്തമാണല്ലോ? ഉത്തരം പറയുമ്പോള്‍ രമ പ്രകടിപ്പിക്കുന്ന ആവേശം കാണുക ഉണ്ട് ........ ഉണ്ട്........അത് തോന്നിയിട്ടുണ്ട്.സി പി എം തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയാണെന്ന് തോന്നുന്നേയില്ല ഇപ്പോള്‍ ഇങ്ങനെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ അഭിമുഖത്തിലാകെത്തന്നെ.( അഭിമുഖകാരന്റെ റേഞ്ച് മനസ്സിലാക്കിത്തരുന്ന  ഒരൊന്നാന്തരം ചോദ്യമുണ്ട് അവസാനമായി “:- ഭാവിയില്‍ ഏതെങ്കിലും ഘട്ടത്തില്‍ ഒരു നല്ല കൂട്ടുകാരനെ കണ്ടെത്തുകയാണെങ്കില്‍ ഒപ്പം കൂട്ടുമോ എന്നതാണ് ആ ചോദ്യം.ഫാ എന്നൊരാട്ടിനു പകരം രമ വിശദമായിത്തന്നെ ഒരുത്തരവും ആ ചോദ്യത്തിനു വേണ്ടി പറയുന്നുണ്ട് എന്നത് മറ്റൊരു കൌതുകമാണ്.  )
               ആറെം പി എന്ന കക്ഷി എത്രകാലത്തേക്കുണ്ടാകും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ അഭിമുഖം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1