#ദിനസരികള്‍ 324




പി കെ വിയുടെ
1979  ലെ ത്യാഗസുരഭിലമായ രാജിയെ തങ്ങളുടെ രാഷ്ട്രീയ മൂല്യബോധ ത്തിന്റേയും  പ്രതിജ്ഞാബദ്ധതയുടേയും സാക്ഷ്യപത്രമായി സ്ഥാനത്തും അസ്ഥാനത്തും ഉയര്‍ത്തിക്കാണിക്കാറുള്ള സി പി ഐ , എല്‍ ഡി എഫ് എന്ന സഖ്യം നിലനിറുത്തുവാന്‍ സ്വീകരിച്ചുപോരുന്ന വിട്ടു വീഴ്ചകളെക്കുറിച്ച് പലപ്പോഴും വാചാലരാകാറുമുണ്ട്. മുതലാളിത്തത്തിന്റെ ചൊല്പടിക്കു നിന്നുകൊണ്ട് രാജ്യത്തെ വലതു വശത്തേക്ക് ആനയിക്കുകയും അതുവഴി ജനജീവിതങ്ങളെ ദുസ്സഹമായ ദുരിതക്കുഴിയിലേക്ക് തള്ളിയിടുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷികളെ പരാജയപ്പെടുത്തുകയും ഇടതുപക്ഷധാരണകളെ സംസ്ഥാപിക്കുവാന്‍ ഒറ്റക്കെട്ടായി നിലയുറപ്പിക്കുകയും ചെയ്യുക എന്ന രാഷ്ട്രീയോദ്ദേശമാണ് എല്‍ ഡി എഫ് എന്ന സങ്കല്പത്തിന്റെ കാതലെന്ന് ചുരുക്കിപ്പറയാം.ഈ ബോധത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ സംഘടനകളുടേതായ താല്പര്യങ്ങളെ ഒരു പരിധി വരെയെങ്കിലും മാറ്റി നിറുത്തുകയും എല്‍ ഡി എഫ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയധാരകളെ സജീവമായി നിലനിറുത്തുവാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക എന്നതാണ് ഈ മുന്നണിയിലെ ഓരോ ഘടകകക്ഷികളുടേയും ഉത്തരവാദിത്തം. ഈ ഉത്തരവാദിത്തം ഏറ്റെടുത്തു നടപ്പിലാക്കാന്‍ ഓരോ കക്ഷികളും മത്സരിച്ചു ശ്രമിക്കുമ്പോഴാണ് എല്‍ ഡി എഫിന്റെ ജനകീയാടിത്തറക്ക് പൊതുജനങ്ങളുടെയിടയില്‍ കൂടുതല്‍ സമ്മതി ലഭിക്കുന്നത്. എന്നാല്‍ അതാതുപാര്‍ട്ടികളുടെ സൈദ്ധാന്തികമായ അടിത്തറകളെക്കുറിച്ച് നടക്കുന്ന തര്‍ക്കങ്ങള്‍ക്കുപരി , എല്‍ ഡി എഫ് സംവിധാനങ്ങള്‍ക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കപ്പെടേണ്ട വിഷയങ്ങളില്‍ മുന്നണിനീതിക്കു നിരക്കാത്ത വിധത്തില്‍ പരസ്യമായി അഭിപ്രായ വ്യത്യാസങ്ങള്‍ രാഷ്ട്രീയ കക്ഷികള്‍ രേഖപ്പെടുത്തുന്നത് , എല്‍ ഡി എഫ് സംവിധാനത്തിന്റെ കെട്ടുറപ്പിനേയും വിശ്വാസ്യതയേയും പ്രതികൂലമായി ബാധിക്കും എന്ന് സ്പഷ്ടമാണെങ്കിലും ചിലരെങ്കിലും  നിരന്തരം അതിനു തയ്യാറാകുന്നത് എന്തുകൊണ്ടാണ്?     
മുന്നണിയിലെ പ്രബലരായ രണ്ടാം കക്ഷിയെത്തന്നെ പരിഗണിക്കുക. സി പി ഐ യോജിപ്പ് പ്രകടിപ്പിച്ച അവസരങ്ങളായിരിക്കും എല്‍ ഡി എഫിനെ സംബന്ധിച്ച് കുറവ് എന്ന കാര്യം സ്പഷ്ടമാണ്.ഏതു വിഷയത്തിലും ഒരു വിരുദ്ധമായ അഭിപ്രായം പറയുകയെന്നത് സി പി ഐയുടെ സ്വഭാവമായിരിക്കുന്നു. ഘടകകക്ഷികളുമായി ബന്ധപ്പെട്ട് മുന്നണിയല്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണെങ്കില്‍‌പ്പോലും നേരെ തെരുവിലേക്ക് വലിച്ചിഴക്കുക എന്നത് അവരെ സംബന്ധിച്ച് സാധാരണമാണ്.തോമസ് ചാണ്ടിയുടെ പ്രശ്നം തന്നെ ഉദാഹരണമായെടുക്കുക. എല്‍ ഡി എഫില്‍ തങ്ങളുടെ അഭിപ്രായ ഭിന്നത ചര്‍ച്ച ചെയ്ത് അംഗീകരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടാല്‍ മാത്രം അവസാനശ്രമമായി ഈ വിഷയം പുറത്ത് ഉന്നയിക്കുക എന്ന രീതി അവലംബിക്കുന്നതിന് പകരം ആദ്യംതന്നെ പരസ്യമായി പ്രതികരിക്കുന്ന പ്രവണതയാണ് സി പി ഐ പ്രകടിപ്പിച്ചു പോരുന്നത്.ഈയൊരു വിഷയത്തില്‍ മാത്രമല്ല ഉദാഹരിക്കുവാനാണെങ്കില്‍ ഒട്ടേറെയെണ്ണം വേറെയുമുണ്ട്.
 ചോദ്യത്തിന് മറുപടിയായി പറയാനുള്ളത്. ഒന്ന് - മുന്നണിക്കുള്ളില്‍ പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ട്. രണ്ട് കിട്ടുന്ന അവസരങ്ങളെ സ്വന്തം മുഖംമിനുക്കാനായി ഉപയോഗിക്കുന്നതുകൊണ്ട്. മുന്നണിക്കുള്ളില്‍ തങ്ങള്‍ പറയുന്ന അഭിപ്രായങ്ങള്‍ സ്വീകരിക്കപ്പെടുന്നില്ലെങ്കില്‍ അതെന്തുകൊണ്ടാണെന്ന് സ്വയംവിമര്‍ശന പരമായി സി പി ഐ വിലയിരുത്തേണ്ടതുണ്ട്.ആറു വിരലുള്ളവന്‍ അതാണ് സ്വാഭാവികം എന്നു വാദിക്കുന്നതുപോലെ തങ്ങള്‍ മാത്രമാണ് ശരി എന്ന് മറ്റുള്ളവരും അംഗീകരിക്കണം എന്ന വാശി നന്നല്ല. സി പി ഐ എമ്മിന്റെ മേല്‍‌ക്കോയ്മ എന്നൊരു ആക്ഷേപം പലപ്പോഴും സി പി ഐ ക്കാര്‍ ഉയര്‍ത്തിക്കേട്ടിട്ടുണ്ട്.സി പി ഐ എമ്മിനെ ഭയപ്പെട്ടു മറ്റു കക്ഷികള്‍ അവരെ പിന്തുണക്കുന്നു എന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടെങ്കില്‍ മുന്നണി സംവിധാനത്തില്‍ നിന്നും പുറത്തുവരികയല്ലേ ആര്‍ജ്ജവമുള്ള ഒരു കക്ഷി ചെയ്യേണ്ടത് ? എന്നിട്ട് പൊതുജന മധ്യത്തില്‍ അവരെ തുറന്നു കാണിച്ചുകൊണ്ട് ജനങ്ങളെ തങ്ങളുടെ കൂടെ നിറുത്തണം. അതിനിത്തിരി വെയിലുകൊള്ളണമെന്ന് സി പി ഐക്കറിയാം.അതുകൊണ്ടു തന്നെ എല്‍ ഡി എഫില്‍ നിന്നുകൊണ്ട് മേനി നടിക്കുക എന്നേ പരിപാടി മാത്രമേ അവര്‍ സ്വീകരിക്കുകയുള്ളു.
            ഇനി രണ്ടാമത്തെ ഉത്തരം പരിഗണിക്കുക. കൂടുതല്‍ വിശദീകരണമൊന്നും ആവശ്യമില്ലാത്ത ഒന്നാണ് അത്.തങ്ങളുടെ പിന്നിലുള്ള ജനസഞ്ചയത്തെപ്പറ്റി സിപി ഐ ക്ക് നല്ല ധാരണയുണ്ടല്ലോ. അതുകൊണ്ടു തന്നെ മാധ്യമങ്ങളുടേയും ഇതര വിഭാഗങ്ങളുടേയും പിന്തുണ അത്യാവശ്യമാണ്. അതിനുള്ള എളുപ്പവഴി എന്നു പറയുന്നത് സിപി ഐ എമ്മിനെ ഒറ്റപ്പെടുത്തുകയാണ്. അങ്ങനെ വരുമ്പോള്‍ ഇടതുപക്ഷത്തെ യഥാര്‍ഥ ഇടത് തങ്ങളാണെന്ന് സ്ഥാപിച്ചെടുക്കുവാന്‍ കഴിയും. വിപ്ലവത്തിന്റെ മിശിഹയായി കാനം രാജേന്ദ്രനും കൂട്ടര്‍ക്കും അരങ്ങു തകര്‍ക്കാനും അവസരമാകും.പക്ഷേ ദുര്‍ബലപ്പെടുന്നത് മുന്നണിയായിരിക്കുമെന്ന കാര്യം അവര്‍ മറന്നുപോകുന്നു.പൊതുജനമധ്യത്തില്‍ തങ്ങള്‍ക്കുണ്ടെന്ന് സി പി ഐ കരുതുന്ന സ്വീകാര്യതയെ ഒന്ന് പരിശോധിക്കുക. എക്കാലത്തും ഇടതുവിരുദ്ധത പ്രകടപ്പിച്ചുപോന്ന , വര്‍ഗ്ഗീയ കക്ഷികളടക്കമുള്ളവരുടേയും സി പി ഐ എമ്മിനെതിരെ നിപാടെടുത്തു പോന്നവരുടേയും ഒരു നിരയാണ് ആ ഭൂരപക്ഷത്തിന്റെ പിന്തുണ എന്ന് അപ്പോള്‍ മനസ്സിലാകും. ഒന്നു കൂടി വ്യക്തമാക്കിയാല്‍ സി പി ഐ യെ പുകഴ്ത്തി വ്യത്യസ്ത പാര്‍ട്ടിയായി മാറ്റി നിറുത്തുക വഴി ഇടതപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ഒരവസരമാണ് ലഭിക്കുന്നതെന്ന് എതിരാളികള്‍ക്ക് അറിയാം.അതവര്‍ നന്നായി ഉപയോഗിക്കുകയും ചെയ്യുന്നു.
            എന്താണ് പോംവഴി? ഒന്നുകില്‍ പുറത്തേക്ക്.അല്ലെങ്കില്‍ പൊതുവായ ഇടതുപക്ഷ മര്യാദകളെ അംഗീകരിക്കല്‍.ഇതിനിടയില്‍ മറ്റൊന്നില്ല.പുറത്തേക്ക് എന്നു പറയുമ്പോള്‍ യു ഡി എഫിലേക്ക് പോകുക എന്നതിനെക്കാള്‍ ഞാന്‍ അര്‍ത്ഥമാക്കുന്നത് , സ്വന്തം നിലപാടുകളുമായി എല്‍ ഡി എഫില്‍ നിന്നും മാറി നിന്നുകൊണ്ട് ജനങ്ങളെ നേരിടുക എന്നതാണ്. തങ്ങളുടെ നിലപാടാണ് ശരിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ സി പി ഐ എമ്മിനെക്കാള്‍ വലിയ പാര്‍ട്ടിയായി മാറാമല്ലോ.സി പി ഐ ആ ഒരു മുന്നേറ്റത്തിനു തയ്യാറാകണമെന്നാണ് ഞാനുദ്ദേശിക്കുന്നത്, ആഗ്രഹിക്കുന്നതും.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1