#ദിനസരികള്‍ 276
നീതിബോധം മുടിഞ്ഞുപോയ
പുഴുക്കുത്തുകളെ പോലീസില്‍ നിന്ന് മാറ്റി നിറുത്തി സേനയെ നവീകരിച്ചെടുക്കണം എന്ന
ആവശ്യത്തിന് കൃത്യമായ പ്രതികരണമുണ്ടായിരുന്നെങ്കില്‍ സ്വന്തം ജീവിതം നിരത്തിലേക്ക്
വലിച്ചെറിഞ്ഞുകൊണ്ട് ഒരു യുവാവിന് 765 ദിവസമായി ഭരണസിരാകേന്ദ്രത്തിന്റെ
വിളിപ്പാടിനുള്ളില്‍ സമരം നടത്തേണ്ട ഗതികേടുണ്ടാകുമായിരുന്നില്ല.താന്‍
ഭരിക്കുമ്പോള്‍ നടന്ന ഒരു തെമ്മാടിത്തരത്തിനെതിരെ അന്ന് ഉചിതമായ നടപടിയെടുക്കാന്‍
ഇന്നത്തെ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിരുന്നുവെങ്കില്‍ സമരസ്ഥലം സന്ദര്‍ശിച്ച്
നാണംകെട്ട് ഓടേണ്ടിവരുമായിരുന്നില്ലെന്നു മാത്രവുമല്ല , കേരളത്തിലെ ജനങ്ങളെ
മുഴുവന്‍ ആക്ഷേപിക്കുന്ന എന്തോന്ന് പൊതുജനം എന്ന പുച്ഛം തുപ്പേണ്ട
സാഹചര്യമുണ്ടാകുമായിരുന്നുമില്ല.കാക്കിയുടെ തിളക്കത്തിനുമുന്നില്‍ നിങ്ങളുടെയൊക്കെ
ജനാധിപത്യബോധം വാലുമടക്കി നില്ക്കുകയാണോയെന്ന് പൊതുജനങ്ങള്‍ക്ക് വിളിച്ചു
ചോദിക്കേണ്ടിവരുമായിരുന്നില്ല.
ശ്രീജിത്തിന് നീതി കിട്ടിയേ പറ്റൂ. പോലീസിന്റെ ക്രൂരത ആവോളം
സ്വന്തം ജീവിതത്തില്‍ ഏറ്റുവാങ്ങിയ പിണറായി വിജയനെപ്പോലുള്ള ഒരാള്‍ കേരളം
ഭരിക്കുമ്പോള്‍ പൊലീസ് കംപ്ലൈയിന്റ് അതോറിറ്റിയുടെ ഉത്തരവ് നടപ്പിലാക്കാന്‍
അമാന്തമുണ്ടാകരുത്.സാങ്കേതികമായി എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ ഉടനടി അത്
നീക്കുവാനാവശ്യമായ ഇടപെടലുകളുണ്ടാകണം.സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ മുന്‍കൈ
എടുക്കുമെന്ന പ്രസ്ഥാവന ആശ്വാസപ്രദമാണെങ്കിലും ജസ്റ്റീസ് നാരായണക്കുറിപ്പിന്റെ
ഉത്തരവ് നടപ്പിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കുറ്റക്കാരെന്ന് അദ്ദേഹം കണ്ടെത്തിയ
ഉദ്യോഗസ്ഥരെ മാറ്റിനിറുത്തുക. അത് സര്‍ക്കാറിലുള്ള ജനങ്ങളുടെ പ്രതീക്ഷയും
വിശ്വാസവും വര്‍ദ്ധിപ്പിക്കുകയേയുള്ളു.തങ്ങള്‍ കളങ്കമില്ലാത്ത ജനസേവകരാണെന്ന
ബോധ്യമുള്ള ഒരു സേനയുടെ ആത്മവിശ്വാസം തകരാതെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍
പ്രതിജ്ഞാബദ്ധമാണെങ്കിലും പോലീസിലെ കുറ്റവാളികള്‍ സംരക്ഷിക്കപ്പെടുമെന്നുള്ള ചിന്ത
ജനിപ്പിക്കുന്ന തരത്തിലുള്ള ഒരു ചെറിയ നീക്കം പോലും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്.
വിനായകന്റെ അമ്മയുടെ വിലാപങ്ങള്‍ കേരളം
മറന്നുകഴിഞ്ഞിട്ടില്ല.സഹികെട്ട് ശ്രീജിത്തിന്റെ കണ്ണുനീരില്‍ കലര്‍ന്ന് ഈ ജനത ഒരു പെരുംപ്രവാഹമായി
ഭരണകേന്ദ്രങ്ങളുടെ കാവല്‍ക്കോട്ടകളിലേക്ക് വന്നടിച്ചു കയറിയാല്‍ തടുത്തുനിറുത്തുവാന്‍
തക്ക ശക്തിയുള്ള ഒരു കല്‍ക്കെട്ടും നിലവിലില്ല എന്നത് ആരും വിസ്മരിക്കരുത്.മുളയിലേ
നുള്ളാന്‍ കഴിയൂ. വന്മരമായാല്‍ വേരറ്റുവീണാല്‍ പോലും ഒരു പ്രദേശത്തെ നശിപ്പിക്കാന്‍
അതിനുകഴിയും എന്നതു വസ്തുതയാണ്.നിരവധി നല്ലവരായ പോലീസുകാരുടെ ജീവിതം സമര്‍പ്പിച്ചിട്ടാണ്
സേന ജനങ്ങളുടെ ഇടയില്‍ വിശ്വാസം ആര്‍ജിച്ചെടുത്തത്.അത് തകര്‍ത്തുകളയാന്‍
അവരുടെയിടയിലുള്ള കുറച്ച് തെമ്മാടികളെ അനുവദിക്കരുത്. ആ തെമ്മാടികള്‍ ചെയ്യുന്ന
തോന്ന്യവാസത്തിന്റെ പാപഭാരം സര്‍ക്കാര്‍ ഏറ്റെടുക്കുകയുമരുത്.
Comments