#ദിനസരികള്‍ 270

ഫത്വ എന്ന പദത്തിന് a ruling on a point of Islamic law given by a recognized authority എന്നാണ് ഗൂഗിള്‍ അര്‍ത്ഥം പറയുന്നത്.ഇസ്ലാമിക കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ ഒരധികാരകേന്ദ്രം പുറപ്പെടുവിക്കുന്ന അനുശാസനങ്ങളെയാണ് ഫത്വ എന്നതുകൊണ്ടുദ്ദേശിക്കുന്നത്.വിശ്വാസസമൂഹം , അവരുടെ അടിസ്ഥാന മത സങ്കല്പനങ്ങളില്‍ നിന്നും വ്യതിചലിക്കുകയും മതവിശ്വാസപ്രകാരം അനുവദനീയമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍‌പ്പെടുകയും ചെയ്യുമ്പോള്‍ അവരെ നിയന്ത്രിക്കുകയും മതത്തിന്റേതായ വഴികളിലേക്ക് നയിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് ഫത്വ പുറപ്പെടുവിക്കാറുള്ളത്.തങ്ങളുടെ മതവിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോഴും ഫത്വകള്‍ പുറപ്പെടാറുണ്ട്.മിക്കി മൌസിനും ടോം ആന്റ് ജെറിക്കും , ഇമോടിക്കോണുകള്‍ക്കും , സ്ത്രീകള്‍ ഫുട് ബോള്‍ കാണുന്നതിനും , ദമ്പതിമാര്‍ നഗ്നരായി ബന്ധപ്പെടുന്നതിനും , റൊമാന്റിക് നോവലുകള്‍‌ക്കെതിരേയും , സാനിയ മിര്‍സയുടെ വസ്ത്രധാരണത്തിനെതിരേയുമൊക്കെ ഫത്വകള്‍ പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട്. കാണുമ്പോള്‍ പാപപഭരിതമായ ചിന്തകള്‍ ഉണ്ടാക്കുമെന്നതിനാല്‍ ഏത്തവാഴപ്പഴം കഴിക്കരുത് എന്നുപോലും ഫത്വകളുണ്ട്. ഭര്‍ത്താവിന്റെ അച്ഛനാല്‍ ബലാല്‍സംഗം ചെയ്യപ്പട്ടാല്‍ അന്നുമുതല്‍ ഭര്‍ത്താവിന് മകന്റെ സ്ഥാനമാണ് എന്നു തുടങ്ങി സഹപ്രവര്‍ത്തകനെ മുലയൂട്ടി ബന്ധം സ്ഥാപിച്ചെടുക്കല്‍ വരെയുള്ള വിചിത്രമായ ഫത്വകളുടെ ഒരു ലോകം തന്നെയുണ്ട്. വാക്സിനുകള്‍‌ക്കെതിരേയും ഫത്വകള്‍ പുറപ്പെട്ടിട്ടുണ്ടെന്നതുകൂടി സൂചിപ്പിക്കട്ടെ. ഇന്‍റര്‍‍നെറ്റില്‍ ലഭ്യമായ വിവരങ്ങളില്‍ നിന്നാണ് ഇത്തരം ഫത്വകളെക്കുറിച്ച് ഞാന്‍ അറിയുന്നത്. ഇതൊക്കെ ശരിക്കും നിലവിലുള്ളതുതന്നെയാണോ എന്ന അത്ഭുതത്തോടെയാണ് പലതും വായിച്ചതുതന്നെ.

എന്തായാലും ഇത്തരം ഫത്വകളുടെ കൂട്ടത്തിലേക്കാണ് കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ ദാറുല്‍ ഉലൂം ദേവ്ബന്ദ് പുറപ്പെടുവിച്ച ബാങ്കിംഗ് ഫത്വയും ജാമിയ നിസാമിയയുടെ ചെമ്മീന്‍ ഫത്വയും ചേര്‍ന്നു നില്ക്കുന്നത്. ബാങ്കിംഗ് ജീവനക്കാരുടെ ശമ്പളം ഹറാമാണെന്നും കല്യാണത്തിനായി ആ ശമ്പളം കൈപ്പറ്റുന്നവരെ പരിഗണിക്കരുതെന്നുമാണ് ആദ്യഫത്വയിലെ വിധിയെങ്കില്‍ , ചെമ്മീന്‍ കഴിക്കുന്നത് ഇസ്ലാമിന് വിരുദ്ധമാണെന്നാണ് രണ്ടാമത്തെ ഫത്വ പറയുന്നത്.ഇസ്ലാമികരാജ്യങ്ങളില്‍‌പ്പോലും നിലവിലില്ലാത്ത ചട്ടങ്ങള്‍ മുസ്ലിം സമുദായത്തിലേക്ക് അടിച്ചേല്പിക്കാനുള്ള ശ്രമങ്ങളെ എതിര്‍ത്തുതോല്പിക്കാനുള്ള ശ്രമങ്ങള്‍ ആ സമുദായത്തില്‍ നിന്നുതന്നെ ഉയര്‍ന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. യാതൊരു മാനദണ്ഡവും പാലിക്കാതെ പല സ്ഥാപനങ്ങളും പുറപ്പെടുവിക്കുന്ന ഫത്വകള്‍ വിശ്വസിക്കാനും അണികളില്‍ ചിലര്‍ തയ്യാറാകുന്നുണ്ട് എന്നതാണ് വസ്തുത.അത് നാളിതുവരെ മുസ്ലിംസമൂഹം നേടിയ സാമ്പത്തിക – സാമൂഹിക – രാഷ്ട്രീയമുന്നേറ്റങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മുസ്ലിം സമുദായത്തില്‍ ഫത്വകള്‍ പുറപ്പെടുവിക്കുന്ന മതപണ്ഡിതന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് വ്യക്തമാണ്.

ത്വലാക്ക് വിഷയത്തില്‍ സര്‍ക്കാറിനും പൊതുസമൂഹത്തിനും ഇടപെടേണ്ടിവന്ന സാഹചര്യം മുസ്ലിംസമൂഹം ഒരു പാഠമായി ഉള്‍‌ക്കൊള്ളേണ്ടതാണ്. ദുരുപയോഗം ചെയ്യാവുന്നതിന്റെ പരമാവധി ദുരുപയോഗം ചെയ്തതുകൊണ്ട് മുസ്ലിംവിശ്വാസികളില്‍ നിന്നു തന്നെ ത്വലാക്കിനെതിരെ കടുത്ത വിമര്‍ശനം ഉയരുകയും അതില്‍ ഇടപെടേണ്ടത് ഒരനിവാര്യതയായി മാറുകയും ചെയ്തതുകൊണ്ടാണ് കോടതിക്കും സര്‍ക്കാറിനും നിലപാടെടുക്കേണ്ട സാഹചര്യമുണ്ടായത്. ആ സാഹചര്യത്തിലേക്ക് എത്തിച്ചത് യാതൊരു നീതിബോധവുമില്ലാത്ത ചിലരുടെ ചെയ്തികളാണെന്ന വസ്തുത കാണാതിരുന്നുകൂട. ഫത്വകളുടെ കാര്യത്തിലും മുസ്ലിംസമൂഹം കൂട്ടായി ചിന്തിച്ച് ഫലപ്രദമായ ഒരു നടപടി സ്വീകരിക്കുക തന്നെ വേണം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം