#ദിനസരികള്‍ 272
ജലക്ഷാമത്തിന് പരിഹാരമായി കുഴല്‍ കിണറുകള്‍ കുഴിക്കുക
എന്നത് എളുപ്പമുള്ള പ്രതിവിധിയായി ഏറെക്കുറെ സ്വീകരിക്കപ്പെട്ടു
കഴിഞ്ഞിരിക്കുന്നു.ഒരേ വീട്ടില്‍ത്തന്നെ രണ്ടും മൂന്നും കുഴല്‍ക്കിണറുകള്‍
കുഴിക്കപ്പെടുന്നു.ചില സ്ഥലങ്ങളില്‍ കുഴിച്ചവയില്‍ നിന്ന് വെള്ളം കിട്ടാതെ
ഉപേക്ഷിക്കപ്പെടുന്നു. കുഴല്‍ക്കിണറുകള്‍ കുഴിച്ചു
കൊടുക്കുന്ന, കുഴിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ലോബി തന്നെ നിലനില്ക്കുന്നുവെന്ന്
ആക്ഷേപങ്ങള്‍ ഉയരുന്നു. അവര്‍ കടമായും തവണകളായും അടച്ചു കൊടുത്താല്‍ മതിയെന്ന
വ്യവസ്ഥയില്‍ നാടുനീളെ കിണറുകള്‍ കുഴിച്ചു കൊടുക്കുന്നു. കുടിവെള്ളം എന്ന ആവശ്യം
മുന്‍നിറുത്തിയാകുമ്പോള്‍ എതിര്‍പ്പുകളുടെ തീവ്രത കുറയും എന്നറിയാവുന്നതുകൊണ്ട്
ഇത് ലാഭകരമായ ഒരു ബിസിനസ്സാക്കിയെടുക്കുന്നു. എത്ര കിണറുകള്‍ കുഴിച്ചു ? അവയില്‍
എത്രയെണ്ണത്തില്‍ നിന്ന് ജലം കിട്ടുന്നുണ്ട്? എത്രയെണ്ണം ഉപേക്ഷിക്കപ്പെട്ടു ?എത്ര
ശതമാനം വീടുകള്‍ കുടിവെള്ളത്തിനായി കുഴല്‍ക്കിണറുകളെ ആശ്രയിക്കുന്നുണ്ട് ?കൃഷിക്കായി ഇത്തരം കിണറുകള്‍ ഉപയോഗിക്കുന്നുണ്ടോ ? ചോദ്യങ്ങള്‍ നിരവധിയാണ്. എന്നാല്‍
ഉത്തരങ്ങളില്ല , എവിടേയും. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ കുഴല്‍ക്കിണറുകളുടെ നിര്‍മാണത്തില്‍
ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ടെന്നുള്ളത് വസ്തുതയാണ്. കുറഞ്ഞ
ആഴ്ചകളിലേക്കോ അഥവാ മാസങ്ങളിലേക്കോ നീണ്ടു നില്ക്കുന്ന അത്തരം നിയന്ത്രണങ്ങള്‍ക്കു
ശേഷം ഈ മാഫിയ കൂടുതല്‍ ശക്തമായി രംഗത്തെത്തുന്നു.
ഇങ്ങനെയുള്ള
അനിയന്ത്രിതമായ ജലമൂറ്റല്‍ പ്രകൃതിയുടെ താളത്തിന് കോട്ടം വരുത്തുന്നുവെന്നതിന്
പാലക്കാട് പ്ലാച്ചിമട സാക്ഷിയാണ്. കോളക്കമ്പനിയുടെ ചൂഷണം ഒരിക്കലും വറ്റില്ലെന്ന
കരുതിയ ഭൂഗര്‍ഭജലശേഖരത്തെപ്പോലും തരിശാക്കിമാറ്റിയപ്പോഴാണ് അധികാരികളും
പൊതുജനങ്ങളും കണ്ണുതുറന്നത്.500 – 600 അടികള്‍ക്കപ്പുറത്തേക്ക്
താഴ്ത്തിയാലും ജലം കിട്ടാത്ത അവസ്ഥയിലേക്ക് ആ നാടെത്തിക്കഴിഞ്ഞു.ഭീമന്മാരായ
കമ്പനികളുടെ ചൂഷണത്തൊടൊപ്പം
ആഗോളതാപനമടക്കമുള്ള പ്രതികൂലഘടകങ്ങള്‍ ഭൂഗര്‍ഭങ്ങളില്‍
ശേഖരിക്കപ്പെട്ടിരിക്കുന്ന ജലത്തിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടാക്കിയിരിക്കുന്നു.അത്
മനുഷ്യന്റെ ഭാവിയെക്കുറിച്ച് ആശങ്കാജനകങ്ങളായ ചോദ്യങ്ങളുയര്‍ത്തുന്നു.
ജലം
ജന്മാവകാശമാണ് എന്നത് നാം കേട്ടു പഴകിയ ഒരു മുദ്രാവാക്യമാണ്. ജലത്തിന്റെ
സ്വകാര്യവത്കരണത്തിനെതിരേയും ലഭ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയും നയങ്ങളും
നിയമങ്ങളും നിര്‍മിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉള്ളവ ചുരുങ്ങിയ
പക്ഷം ഫലപ്രദമായി നടപ്പിലാക്കുകയെങ്കിലും വേണം. അതിലുമുപരി , ജനങ്ങളില്‍ ഒരു
ജലവിവേകം ഉണ്ടാക്കിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സന്നദ്ധസംഘടനകളും വ്യക്തികളും
അധികാരികളുമൊക്കെ സംഘടിപ്പിക്കേണ്ടത് മര്‍മപ്രധാനമായ വസ്തുതയാണ്. അതിര്‍ത്തികളുടെ “ഠ” വട്ടത്തിലേക്ക് ചുരുങ്ങി നില്ക്കാത്ത ആഗോളസ്വഭാവമുള്ള
അടിസ്ഥാനവിഭവമെന്ന നിലയില്‍ ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നാം കൂടുതല്‍
ധാരണയോടെ പെരുമാറേണ്ടതുണ്ട്. അനിയന്ത്രിതമായി കുഴിക്കപ്പെടുന്ന കുഴല്‍ക്കിണറുകളുടെ
കാര്യത്തിലും അനാവശ്യമായ ദുരുപയോഗം ചെയ്യപ്പെടുന്ന ജലസ്രോതസ്സുകളുടെ കാര്യത്തിലും
ഒരു പുതിയ കാഴ്ചപ്പാടോടെ നാം പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ലോകത്തു
വ്യാപിച്ചുകൊണ്ടിരിക്കുന്ന വരള്‍ച്ച നമ്മെ പഠിപ്പിക്കുന്നുണ്ട്.
Comments