#ദിനസരികള്‍ 275
ഭാരതീയ തത്വചിന്ത,
ഹൈന്ദവതത്വചിന്തയായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല പരിതോവസ്ഥകളിലൂടെ നാം
കടന്നുപോകുമ്പോള്‍ , അതുവരെ നിലനിന്നിരുന്ന എല്ലാ തരത്തിലുമുള്ള ജീവിതാവബോധങ്ങളോട്
വിപ്രതിപത്തി പ്രകടിപ്പിച്ച ഉപനിഷത്തുകള്‍പോലും രാഷ്ട്രീയലക്ഷ്യങ്ങളിലുറച്ച
വ്യാഖ്യാനങ്ങളുടെ പുറത്തേറി മതത്തിന്റെ പരിവേഷമണിഞ്ഞ് തെരുവുകളിലേക്ക്
കൂപ്പൂകുത്തുന്നു.ബാഹ്യകര്‍മങ്ങളായ യജ്ഞങ്ങളെ നിരാകരിക്കുകയും സത്യത്തിന്റേതായ
ഉറച്ച നിലപാടുതറകളെ തേടുകയും ചെയ്ത ഉപനിഷത്തുകള്‍ പരസ്പരം വിഘടിപ്പിക്കുന്നതായ
എല്ലാതരം കാഴ്ചപ്പാടുകളേയും നിരാകരിക്കുകയും ഏകവും ശാശ്വതവുമായ ഉത്തരത്തെ
അന്വേഷിക്കുകയും ചെയ്യുന്നു. ഉപനിഷത്തുകളിലെ ചിന്തകര്‍ കണ്ടെത്തിയ ആ
ഉത്തരങ്ങളെക്കുറിച്ച് നമുക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. പക്ഷേ അവര്‍ തേടിയത്
പരമമായ സത്യത്തെ ആയിരുന്നു , അതില്‍ കുറഞ്ഞ ഒന്നിനും അവരെ കീഴടക്കാനായില്ല എന്നത്
പ്രശംസനീയംതന്നെയാണ്. മുണ്ഡകോപനിഷത്തിലെ ഏറെ ഘോഷിക്കപ്പെടുന്ന ഒരു ചോദ്യം നോക്കൂക.
“ കസ്മിന്‍ നു ഭഗവോ
വിജ്ഞാതേ
സര്‍വ്വമിദം വിജ്ഞാതം ഭവതി”
ശൌനകന് അംഗിരസ്സിനോട് ഉന്നയിച്ച ഈ ചോദ്യത്തിന്റെ അര്‍ത്ഥം
ഏതൊന്നിനെ അറിഞ്ഞാലാണ് സര്‍വതിനേയും അറിയാന്‍ കഴിയുന്നത് എന്നാണ്.തങ്ങളുടെ
ചിന്തകള്‍ക്ക് അവര്‍ നിര്‍ണയിച്ചു വെച്ചിരിക്കുന്ന മാനദണ്ഡം പരമമായ ശരി എന്നതു
തന്നെയായിരുന്നു.ലോകത്തിനാകെ ശരിയായി ഭവിക്കുന്ന , മുറിവുകളില്ലാത്ത,
വ്യാഖ്യാനഭേദങ്ങളാല്‍ അലങ്കോലപ്പെടാത്ത ഒരു നിഗമനത്തിലേക്ക് ചെന്നുചേരുവാനുള്ള
വ്യഗ്രതയായിരുന്നു ആ ചോദ്യങ്ങളില്‍ മുഴങ്ങിനിന്നിരുന്നത്. ഉപനിഷത് ഋഷിമാര്‍
ഉന്നയിച്ച ഉത്തരങ്ങളെന്നതിനെക്കാള്‍ അക്കാലത്ത് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുവാന്‍
അവര്‍ കാണിച്ച വിശാലമനസ്കതയെ
അഭിനന്ദിക്കുക തന്നെ വേണം.ഭാരതീയ ചിന്തയില്‍ കെ ദാമോദരന്‍ എഴുതുന്നു :-“
ഐഹികസത്യങ്ങള്‍ക്കപ്പുറത്തുള്ള
പരമസത്യത്തെയാണ് ഉപനിഷത്തുകളിലെ ചിന്തകന്മാര്‍ അന്വേഷിച്ചത്.അവര്‍ പ്രപഞ്ചത്തിന്റെ
ഉല്‍പത്തിയെപ്പറ്റിയും ജീവിതത്തിന്റെ ചഞ്ചലതയെപ്പറ്റിയും മനുഷ്യനും പ്രപഞ്ചവും
തമ്മിലുള്ള ബന്ധത്തപ്പറ്റിയും ഇവക്കെല്ലാമടിയിലുള്ള
നിഗൂഢപ്രതിഭാസങ്ങളെപ്പറ്റിയുമെല്ലാം ഗാഢമായി ചിന്തിക്കുകയും പല തരത്തിലുള്ള
അനുമാനങ്ങളിലെത്തിച്ചേരുകയും ചെയ്തു.അവരുടെ ബൌദ്ധികമായ ധീരതയുടേയും പതറാത്ത
സത്യാന്വേഷണതല്പരതയുടേയും ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും കണ്ടെത്താനുള്ള
അദമ്യമായ അഭിനിവേശത്തിന്റേയും തെളിവുകള്‍ ഉപനിഷത്തുകളില്‍ ഉടനീളം കാണാം”
സൂക്ഷ്മഗ്രാഹിയായ ഒരു ചിന്തകന്റെ സത്യസന്ധമായ കണ്ടെത്തലുകള്‍
ദാമോദരന്റെ ഈ പ്രസ്ഥാവനയില്‍ കാണാവുന്നതാണ്.
ഇക്കാലങ്ങളിലാകട്ടെ, ഒരിക്കലും ഉപനിഷത്തുകളേയും അവയിലെ
ചിന്തകളേയും ബാധിക്കരുതെന്ന് ഋഷിമാര്‍ ആഗ്രഹിച്ച സങ്കുചിതമായ കാഴ്ചപ്പാടുകള്‍
കൊണ്ട് ഈ വിശ്വാവ്യാപിയായ ദര്‍ശനങ്ങളെ പ്രാദേശികമായ താല്പര്യങ്ങള്‍ക്കുവേണ്ടി
വ്യാഖ്യാനിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുന്നു.എന്താണോ ഉപനിഷത്തുകള്‍ ലക്ഷ്യം
വെച്ചത്, പരമമായ സത്യത്തെ മാനവരാശിയുടെ മുഴുവന്‍ ക്ഷേമത്തിനും വേണ്ടി എന്തിനാണോ
അവര്‍ തേടിയത് ആ ഉദ്ദേശലക്ഷ്യങ്ങളെ ആകപ്പാടെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍
കൊണ്ടു പിടിച്ചു നടക്കുന്ന വര്‍ത്തമാനകാലത്ത് , മാനവസംസ്കൃതിയുടെ
ആദ്യകാലചുവടുകളുടെ അടയാളങ്ങളായ ഉപനിഷത്തുകളിലെ അന്വേഷണങ്ങളെന്തെല്ലാമെന്നും അവ
മനുഷ്യകുലത്തിന് എങ്ങനെ ഒരു പുതിയ കാഴ്ചപ്പാട് സംഭാവന ചെയ്തുവെന്നും
മനസ്സിലാക്കുന്നത് നമ്മുടെ കടമയാണ്. ടോയന്‍ബി പറയുന്നതുപോലെ , നമ്മുടെ
ഈടുവെപ്പുകളെക്കുറിച്ച് കൂടുതലറിയുകയും പതിരുകളെ പാറ്റിക്കളയുകയും ചെയ്തുകൊണ്ട്
കൂടുതല്‍ കൂടുതല്‍ മാനവീകരിക്കാനുള്ള ശ്രമം മനുഷ്യവംശം നടത്തേണ്ടതുതന്നെയാണ്.
അതുകൊണ്ട് ഉപനിഷത്തുകളിലേയും പ്രാചീന ഭാരതത്തിലെ ഇതരകൃതികളേയും പുനര്‍വായനക്കു
വിധേയമാക്കുകയും സമകാലികമായ ദുരുപയോഗങ്ങളില്‍ നിന്ന് അവയെ സംരക്ഷിക്കുകയും വേണം.
Comments