#ദിനസരികള്‍ 274

എട്ടാണ്ടെത്തിയ മോരുമെന്റെ ശിവനേ
ചുണ്ണാമ്പുചോറും പുഴു –
ക്കൂട്ടം തത്തിടുമുപ്പിലിട്ടതുമഹോ
കൈപ്പേറുമുപ്പേരിയും
പൊട്ടച്ചക്കയില്‍ മോരൊഴിച്ചു വഷളാ
ക്കിത്തീര്‍ത്ത കൂട്ടാനുമീ
മട്ടില്‍ ഭക്ഷണമുണ്ടു ഛര്‍ദ്ദിവരുമാ
റെര്‍ണാകുളം ഹോട്ടലില്‍ - കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എഴുതപ്പെട്ട ഒരു മുക്തകത്തില്‍ എറണാകുളത്തെ ഏതോ ഒരു ഹോട്ടലില്‍ വിതരണം ചെയ്യപ്പെടുന്ന ഭക്ഷണത്തിന്റെ അവസ്ഥ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. “പുഴുക്കൂട്ടം തത്തിടും” എന്ന ആക്ഷേപമൊഴിച്ചു നിറുത്തിയാല്‍ ( ഭക്ഷണത്തില്‍ നിന്നും എലിക്കുഞ്ഞിനേയും തൈരില്‍ നിന്നും പുഴുവിനേയും കിട്ടിയ അനുഭവമുണ്ട് എനിക്ക്, എന്നാലും ) ഇപ്പോഴും നമ്മുടെ ഭക്ഷണശാലകളുടെ അവസ്ഥ പരമദയനീയമാണ്.

എന്റെയീ കൊച്ചു പട്ടണമായ മാനന്തവാടിയുടെ കഥ തന്നെയെടുക്കുക. ഹോട്ടലുകള്‍ , ചായക്കടകള്‍ , കുമ്മട്ടികള്‍ , തട്ടുകടകള്‍ എന്നിങ്ങനെ വിവിധ തരത്തിലും തലത്തിലുംപെട്ട ഭക്ഷണവ്യാപാരകേന്ദ്രങ്ങള്‍ എത്രയെണ്ണമുണ്ടെന്ന് അധികാരികള്‍ക്കുപോലും അറിവുണ്ടെന്ന് തോന്നുന്നില്ല.പക്ഷേ ഗുണത്തില്‍ മികച്ചു നില്ക്കുന്ന എത്ര സ്ഥാപനങ്ങളുണ്ട് എന്ന കണക്കെടുക്കുമ്പോഴാണ് ദയനീയമായ അവസ്ഥ ബോധ്യമാകുക. കൊള്ളാമെന്നു പറയാനായി കൂടിവന്നാല്‍ ഒരു കൈയ്യുടെ വിരലില്‍ എണ്ണിത്തീര്‍ക്കാന്‍ കഴിയുന്നത്ര സ്ഥാപനങ്ങളേയുള്ളു എന്നതാണ് വസ്തുത. കടയുടെ മുന്‍ഭാഗവും അകവശത്ത് ആളുകള്‍ കാണുന്നിടവുമൊക്കെ പല ഹോട്ടലുകളും കുറച്ച് വൃത്തിയായി സൂക്ഷിക്കാറുണ്ട്.എന്നാല്‍ മറ്റുള്ള ഭാഗങ്ങളുടെ അവസ്ഥ പറയാതിരിക്കുകയാകും നല്ലത്.വൃത്തി എന്നൊരു വാക്കുണ്ടെന്നുതന്നെ അതു നടത്തുന്നവര്‍ക്ക് അറിയില്ലെന്ന രീതിയിലാണ് മിക്കഹോട്ടലുകളിലേയും അകവശത്തെ കാര്യങ്ങള്‍.അടുക്കളയിലേക്ക് കടന്നാല്‍പ്പിന്നെ കഴിഞ്ഞു.

ഇനി ഭക്ഷണത്തിന്റെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. വായില്‍ വെച്ചു കഴിക്കാന്‍ പറ്റുന്ന ഭക്ഷണം നല്കുന്നത് എന്തോ അപരാധമാണെന്ന് ഉടമകള്‍ ചിന്തിക്കുന്നുണ്ടോയെന്ന് സംശയം തോന്നിയാല്‍ അത്ഭുതപ്പെടാനില്ല.മുകളിലെ ശ്ലോകം അതേപടി പകര്‍ത്തിയ പോലെതന്നെ ഭക്ഷണം വിളമ്പുന്നവരുമുണ്ട്. അതുപോലെ വിളമ്പിത്തരുന്ന ആളുകളുടെ പെരുമാറ്റം പ്രത്യേകം എടുത്തു പറയേണ്ട മറ്റൊരു സംഗതിയാണ്. വേണമെങ്കില്‍ കഴിച്ചേച്ചു പോടാ എന്ന രീതിയിലുള്ള അവരുടെ പരിചരണംകൂടിയാകുമ്പോള്‍ എല്ലാംകൊണ്ടും കേമമാകും കാര്യങ്ങളെന്നേ പറയുന്നുള്ളു. വഴിവക്കിലെ രാത്രികാലങ്ങളിലെ തട്ടുകടകളുടെ കാര്യം നാം മറക്കാനേ പാടില്ല.വാഹനങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന പൊടിയും പുകയും അടിച്ച് ഒരു പരുവത്തിലായിക്കുന്ന പൂരി , പത്തിരി ഇത്യാദികളുടേയും, ഈ പലഹാരങ്ങളുണ്ടാക്കുന്ന എണ്ണച്ചട്ടിയുടേയും കാലങ്ങളായി മാറ്റാതെതന്നെ ഉപയോഗിച്ചുപോരുന്ന എണ്ണയുടേയും കഥ ശരിക്കും കഥതന്നെയാണ്.



എല്ലാം മോശമാണെന്നു പറയുന്നത് മോശമല്ലേ? അതുകൊണ്ട് ഒട്ടും മോശമല്ലാത്ത ഒന്നിനെക്കുറിച്ച് പറയാതെ പോകുന്നത് ശരിയല്ല. അത് വിലയാണ്. വിലയെ മോശമാക്കുന്ന ഒരു മോശം പരിപാടിക്കും ഇവരെ കിട്ടില്ല.അതെങ്കിലും മോശമാകാതെ കൊണ്ടു നടക്കുന്നുണ്ടല്ലോ എന്ന ആശ്വാസം നമുക്കിരിക്കട്ടെ.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം