#ദിനസരികള്‍ 273
ദുരിതനിവാരണഫണ്ടില്‍
നിന്നാണ് മുഖ്യമന്ത്രിയുടെ യാത്രാച്ചെലവിന്റെ തുക നല്കിയതെങ്കില്‍ അതു
തെറ്റുതന്നെയാണ്.ഇക്കാര്യം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്
മറ്റാരെങ്കിലും പറഞ്ഞുകൊടുത്തിട്ടുവേണം മനസ്സിലാകാനെന്ന് ധരിക്കുന്നത്
വിഡ്ഢിത്തമാണ്. എന്നാല്‍ ഓഖിഫണ്ട് വകമാറ്റി എന്ന ആരോപണമുന്നയിച്ച് നമ്മുടെ മാധ്യമങ്ങള്‍
പറപ്പിച്ചു കളിക്കുന്ന ആരോപണത്തിന്റെ കുമിളകള്‍ മുഖ്യമന്ത്രിയുടെ വ്യക്തവും
കൃത്യവുമായ നിലപാടോടെ തകര്‍ന്നടിഞ്ഞിരിക്കുന്നു.എങ്കിലും മഴ പെയ്തുകഴിഞ്ഞാലും മരം
പെയ്യുന്നതുപോലെ ഇപ്പോഴും ചില കേന്ദ്രങ്ങളില്‍ നിന്നും മുറുമുറുക്കലുകള്‍
കേട്ടുകൊണ്ടിരിക്കുന്നത് , വീണുകിട്ടിയ ഒരവസരം ഫലപ്രദമായി ഉപയോഗിക്കാന്‍
കഴിയുന്നതിനുമുമ്പുതന്നെ സര്‍ക്കാര്‍ തിരുത്തിയതിന്റെ വിഷമം കൊണ്ടാണെന്ന്
മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് അത്ര പ്രയാസപ്പെടേണ്ടതില്ല.
ഓഖി
ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ കേന്ദ്രസംഘവുമായി സംസാരിക്കുവാന്‍
കഴിഞ്ഞിരുന്നില്ലയെങ്കില്‍ എന്തായിരിക്കും നമ്മുടെ നാട്ടിലെ ആളുകളുടേയും
മാധ്യമങ്ങളുടേയും പ്രതികരണം എന്ന് പിണറായി വിജയന്‍ ചോദിക്കുന്നത്
ശ്രദ്ധിക്കുക.കേന്ദ്രസംഘത്തെ കേരളം അവഗണിച്ചു, മുഖ്യമന്ത്രി കാണാന്‍ പോലും
കൂട്ടാക്കിയില്ല എന്ന എട്ടുകോളം വാര്‍ത്തകള്‍ കൊണ്ടും അന്തിച്ചര്‍ച്ചകള്‍ കൊണ്ടും
വേദി കീഴടക്കാന്‍ കത്തിവേഷങ്ങളുടെ ഘോഷയാത്ര തന്നെ ഉണ്ടാകുമായിരുന്നു. ആ ഒരു
സാഹചര്യം ഒഴിവായിപ്പോയി എന്നതിലെ നിരാശയും ഈ വിവാദമുയര്‍ത്തിക്കൊണ്ടുവരുന്നവര്‍ക്കുണ്ട്
എന്നത് വ്യക്തം. സ്വാഭാവികമായും ചില ഘട്ടങ്ങളില്‍ ഇത്തരം യാത്രകള്‍ ഏതു
മുഖ്യമന്ത്രിയെ സംബന്ധിച്ചും ഉണ്ടാകുന്നതാണ്. ഇരുപത്തിയെട്ടു ലക്ഷം രൂപ മുടക്കി
മുന്‍മുഖ്യമന്ത്രി യാത്ര ചെയ്തതിന്റെ
രേഖകള്‍ വേണമെങ്കില്‍ നമുക്കു ലഭിക്കും.പിന്നെ ലോകരാജ്യങ്ങളിലേക്ക് നിത്യസഞ്ചാരം
നടത്തുന്ന പ്രധാനമന്ത്രിയുടെ അനുയായികളുടെ ക്രഡിബിലിറ്റിയെക്കുറിച്ച് അവര്‍
സ്വയമൊന്ന് വിലയിരുത്തുന്നത് നന്നായിരിക്കും.
ഇനി
മുഖ്യമന്ത്രിയുടെ യാത്രയെക്കുറിച്ചല്ല അതിന് അനുവദിച്ച ഫണ്ടിനെക്കുറിച്ചാണ്
അഭിപ്രായവ്യത്യാസം എന്നാണ് പറയുന്നതെങ്കില്‍ ദുരിതനിവാരണഫണ്ടില്‍ നിന്നും
യാത്രയുടെ തുക ഈടാക്കാനുള്ള തീരുമാനം തിരുത്തിയതോടെ അവസാനിക്കേണ്ടതാണ്.മാന്യതയുള്ള
മാധ്യമപ്രവര്‍ത്തകരും മറ്റുള്ളവരും ഈ തിരുത്തലിനെ അംഗീകരിക്കുകയാണ് വേണ്ടത്.പക്ഷേ
പിണറായി വിജയനെ അടിക്കാന്‍ കിട്ടിയ ഒരവസരം പാഴാക്കരുതെന്ന് നിര്‍ബന്ധമുള്ള ഒരു ലോബിതന്നെ
കാലങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നമുക്കറിയാവുന്നതാണല്ലോ.അതുകൊണ്ട്
വസ്തുതകളെ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ മനസ്സിലാക്കുക.എല്ലാവിധ
ജനാധിപത്യസംവിധാനങ്ങളുടേയും പ്രത്യേകിച്ച് കോടതിയുടേയും മുകളില്‍ സ്വന്തം
മനസ്സാക്ഷിയെ സ്ഥാപിക്കുകയും ആ മനസ്സാക്ഷിമാത്രമാണ് ശരി എന്ന് പ്രഖ്യാപിക്കുകയും
ചെയ്തവരുടെ അനുയായികളുടെ തെരുക്കൂത്തുകളെ കൌതുകപൂര്‍വ്വം നോക്കിക്കാണുക.അത്രമാത്രം.
Comments