|| സ്വാതന്ത്ര്യ ദിന ചിന്തകള്‍ ||

 

 

            ഇന്ത്യന്‍ ജനതയുടെ ദേശസ്നേഹത്തിന്റെ അളവെടുക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ആര്‍ എസ് എസ്, സ്വാതന്ത്ര്യ പൂര്‍വ്വ കാലത്ത് സ്വീകരിച്ചിരുന്ന നിലപാടിലേക്ക് അന്നത്തെ നെഹ്രുവടക്കമുള്ള ദേശീയ നേതാക്കള്‍ എത്തിച്ചേര്‍ന്നിരുന്നുവെങ്കില്‍ ഇന്നു കാണുന്ന ഈ ഭാരതം ഉണ്ടാകുമായിരുന്നില്ല എന്ന കാര്യം നമുക്കറിയാം. ദേശീയ പ്രസ്ഥാനത്തിനെതിരേയും ബ്രിട്ടീഷ് ഭരണത്തിന് അനുകൂലമായും പരസ്യമായി നിലപാടു സ്വീകരിച്ചിരുന്ന  ആര്‍ എസ് എസ് , ഇനി അഥവാ നാടിന്റെ ഏതെങ്കിലും സാഹചര്യത്തില്‍ സ്വാതന്ത്ര്യം കിട്ടുകയാണെങ്കില്‍ , ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെയെല്ലാം സംരക്ഷിച്ചു നിലനിറുത്തണം എന്ന വാദക്കാരുമായിരുന്നു. അതായത് സ്വാതന്ത്ര്യം കിട്ടുകയാണെങ്കില്‍‌പ്പോലും ഒരു ഏകീകൃത ഇന്ത്യ ഉണ്ടാകരുത് എന്നതായിരുന്നു ആര്‍ എസ് എസിന്റ ആഗ്രഹം. തിരുവിതാംകൂര്‍ , സര്‍ സി പിയുടെ ഗൂഢ തന്ത്രങ്ങളുടെ ഫലമായി ഇന്ത്യന്‍ യൂണിയനില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഒരു സ്വതന്ത്ര രാജ്യമായി മാറുകയും ചെയ്തപ്പോള്‍ ആ തീരുമാനത്തെ ഏറ്റവും സന്തോഷത്തോടെ സ്വീകരിച്ച് അഭിനന്ദന സന്ദേശം അയച്ചയാളാണ് വി ഡി സവര്‍ക്കര്‍ ! ഹിന്ദുക്കളായ നാട്ടുരാജാക്കന്മാര്‍ക്കല്ലാതെ ഈ നാട്ടിലെ ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ കഴിയുകയില്ലെന്നും അതുകൊണ്ടുതന്നെ നാട്ടുരാജ്യങ്ങള്‍‌ക്കെതിരെ യാതൊരു തരത്തിലുള്ള പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചുകൂടാ എന്നുമായിരുന്നു ഹിന്ദുത്വ സംഘടനകളുടെ നിലപാട്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്നും തിരിച്ചു പോകുകയാണെങ്കില്‍ ഇന്ത്യയെ നാട്ടുരാജ്യങ്ങളായി നിലനിറുത്തണമെന്നും രാജാക്കന്മാരെ അധികാരം ഏല്‍പ്പിക്കണമെന്നും സവര്‍ക്കറും മറ്റു ഹിന്ദുത്വവാദികളും നിരന്തരം വാദിച്ചു പോന്നിട്ടുണ്ട്.

 

            എന്നാല്‍ ഹിന്ദുത്വ വാദികളല്ലാത്ത , ആര്‍ എസ് എസിന്റെ പാരമ്പര്യം പിന്തുടരാത്ത യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരപോരാളികളുടെ നിലപാടു എന്തായിരുന്നു ? അവര്‍ ഇന്ത്യാ പാക്ക് വിഭജനത്തെ തങ്ങള്‍ക്ക് കഴിയാവുന്ന തരത്തില്‍ എതിര്‍ത്തു. ഒരു കാരണവശാലും ഈ രാജ്യം വിഭജിക്കപ്പെടരുത് എന്ന് അവര്‍ ആഗ്രഹിച്ചു.  എന്നാല്‍ ആര്‍ എസ് എസ് നേതാവായ ഗോള്‍വള്‍ക്കര്‍ വിഭജന വിരുദ്ധ നിലപാട് സ്വീകരിച്ചത്, ദേശീയ നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യബോധത്തില്‍ നിന്നുകൊണ്ടായിരുന്നില്ല , മറിച്ച് ഹിന്ദുക്കള്‍ക്ക് പൂര്‍ണ അധികാരം ലഭിക്കുന്ന ഒരു ഹിന്ദുരാജ്യമായി ഇന്ത്യയെ മാറ്റുക എന്നതായിരുന്നു അയാളുടെ ആവശ്യം. ഇന്ത്യ ഹിന്ദുരാജ്യമാകുമെങ്കില്‍ ഈ രാജ്യത്തെ മുസ്ലിംങ്ങള്‍ രണ്ടാംതരം പൌരന്മാരായി മാറും എന്ന കാര്യം സുവ്യക്തമാണല്ലോ ! അങ്ങനെ ഹിന്ദുക്കള്‍ക്ക് സര്‍വ്വ അധികാരവും ലഭിക്കുന്ന ഒരു രാജ്യമായി ഈ നാടിനെ മാറ്റുക എന്ന ആവശ്യത്തിന് അന്നത്തെ ദേശീയ നേതാക്കന്മാര്‍ ചെവി കൊടുത്തിരുന്നുവെങ്കില്‍ ഈ നാടിന്റെ അവസ്ഥ എന്താകുമായിരുന്നു എന്നൊന്ന് ആലോചിച്ചു നോക്കുക !

 

            രാജ്യം പ്രതിസന്ധിയിലായ ഒരു ഘട്ടത്തിലും സഹായകമായ ഒരു നിലപാട് ആര്‍ എസ് എസ് ഒരുകാലത്തും സ്വീകരിച്ചിട്ടില്ല. നാട്ടുരാജ്യങ്ങളെ നിലനിറുത്തുവാനും ഇന്ത്യയെന്ന ഏകീകൃത ആശയത്തെ എതിര്‍ക്കുവാനും മതരാഷ്ടം സ്ഥാപിക്കുവാനും ബ്രിട്ടീഷുഭരണത്തിന് ജയ് വിളിക്കുവാനുമല്ലാതെ രാജ്യത്തെ സൃഷ്ടിപരമായി സഹായിച്ച ഒരു നിമിഷം പോലും ആര്‍ എസ് എസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ജനതയെ പരസ്പരം  വിഭജിക്കുക എന്നല്ലാതെ തുല്യ അവകാശമുള്ള പൌരന്മാരായി അവര്‍ അംഗീകരിച്ചിട്ടേയില്ല !  അവരാണ് ഇന്ന് രാജ്യത്തിന്റെ രക്ഷകരും യഥാര്‍ത്ഥ ദേശീയതയുടെ വക്താക്കളുമായി വേഷം കെട്ടി രംഗം നിറഞ്ഞാടുന്നത് , വിഭജന വിരുദ്ധ സമ്മേളനം നടത്തുന്നത് !

 

 

ആര്‍. എസ് . എസുകാര്‍‌ ഇന്ത്യയിലുള്ള ഈ കാലത്ത് ജീവിക്കാനിട വന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഗതികേട് !

 

|| #ദിനസരികള് – 129 - 2025 ആഗസ്റ്റ് 15 മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്