രാവിലെ മകള്‍ വക ചോദ്യം :-  "അച്ഛാ .. അച്ഛന്‍ കഴിച്ചിട്ടുള്ള ഏറ്റവും രുചിയുള്ള ഫൂഡ് ഏതാണ് ?" ഞാന്‍ തിരിച്ചു ചോദിച്ചു.. : "ആദ്യം മോളു പറ.. മോള്‍ക്ക് ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ട ഫൂഡ് ?" "എനിക്ക് അല്‍ഫാം..."  അവള്‍ സംശയലേശമെന്യേ പറഞ്ഞു. അച്ഛന്‍ പറ... അച്ഛനോ ?" അവള്‍ ചോദ്യം ആവര്‍ത്തിച്ചു. അവളുടെ ചോദ്യം ,  ഒരു വറുതിക്കാലത്തിന്റെ ദയരഹിതമായ സ്മരണകളിലേക്ക് വലിച്ചെറിഞ്ഞു

 

            കൊല്ലങ്ങള്‍ക്കു മുമ്പാണ്. എനിക്കന്ന് പത്തോ പതിനൊന്നോ  വയസ്സാണ് പ്രായം. പൊതുവേ ഒരു പട്ടിണിക്കാലമായിരുന്നു അത്.  എന്റെ വീട്ടിലേയും അവസ്ഥ വേറിട്ടതായിരുന്നില്ല. ദിവസത്തില്‍ ഒരു നേരമെങ്കിലും വയറു നിറയെ കഴിക്കാനുള്ള സാധ്യത വളരെ വിരളമായിരുന്നു എന്നു തന്നെ പറയാം. വിശപ്പ് എന്താണെന്ന് ശരിക്കും അനുഭവിച്ചറിഞ്ഞ നാളുകളായിരുന്നു അത്. പല ദിവസങ്ങളിലും രാവിലെ ഒന്നും കഴിക്കാതെയാണ് ഏകദേശം  മൂന്നുകിലോമീറ്ററോളം നടന്ന് സ്ക്കൂളിലേക്ക് പോകുന്നത്. അപൂര്‍വ്വം ദിവസങ്ങളില്‍ തലേ ദിവസം വെള്ളിത്തിലിട്ട് കുതിര്‍ത്ത കുറച്ച് വാട്ടുകപ്പ ചൂടാക്കിയതോ , അല്ലെങ്കില്‍ കഞ്ഞി ബാക്കി വന്നതോ ഒക്കെയുണ്ടാകും. ഒന്നുമില്ലാത്ത ദിവസങ്ങളില്‍ വല്ല പച്ചച്ചക്കയോ മറ്റോ വെട്ടിമുറിച്ച് തിന്നിട്ടായിരിക്കും സ്കൂളിലേക്ക് യാത്ര ! എന്തായാലും സ്കൂള്‍ കഴിയുന്നത്ര മുടക്കാറില്ല. കാരണം സ്കൂളില്‍ ഉച്ചക്കഞ്ഞി എന്നൊരു വലിയ പ്രലോഭനമുണ്ടായിരുന്നു. ഒരു സ്റ്റീല്‍ പ്ലേറ്റ് നിറയെ നല്ല ചൂടു കഞ്ഞിയും പയറും കിട്ടുക എന്നു പറഞ്ഞാല്‍ അക്കാലത്തൊരു സദ്യ തന്നെയാണ്.  - സന്ദര്‍ഭവശാല്‍ ഒരു കാര്യം പറയട്ടെ :- അക്കാലത്ത് അനുഭവിച്ച ദാരിദ്ര്യത്തിന്റെ കണ്ണു നനയ്ക്കുന്ന നിരവധിയോര്‍മ്മകള്‍ ഞാന്‍ ഇതിനുമുമ്പും എഴുതിയിട്ടുണ്ട്. അതു വായിച്ച ചിലര്‍ പഴയ ദാരിദ്ര്യകഥകള്‍ പറഞ്ഞ് ശ്രദ്ധ നേടാന്‍ ശ്രമിക്കുകയാണല്ലേ എന്നു ചോദിച്ചിട്ടുമുണ്ട്. മറ്റു ചിലരാകട്ടെ , അതൊക്കെ കഴിഞ്ഞതല്ലേ നമ്മള്‍ ഇങ്ങനെയാണ് ജീവിച്ചതെന്ന് ഇനിയുമെന്തിനാണ് നാട്ടുകാരെ അറിയിക്കുന്നത് എന്നാണ് ചോദിച്ചത് . രണ്ടു ചോദ്യങ്ങളും എന്നെ സംബന്ധിച്ച് അര്‍ത്ഥശൂന്യമാണ്. ഒരിക്കല്‍ നിറഞ്ഞനുഭവിച്ച ദാരിദ്ര്യത്തെക്കുറിച്ച് ഓര്‍ക്കുകയും പറയുകയും ചെയ്യുന്നത് എന്നെ സംബന്ധിച്ചിടത്തോളം മറ്റൊന്നിനും വേണ്ടിയല്ല, എന്നെ ഞാനായി നിലനിറുത്തുവാന്‍ മാത്രമാണ്.

 

            അന്നൊരു ദിവസം സ്കൂളില്‍ എന്തോ കാരണത്താല്‍ കഞ്ഞി വിതരണം നടന്നില്ല. എന്താണ് കാരണം എന്ന് ഓര്‍മ്മയില്ല. പക്ഷേ വിശന്നു വലഞ്ഞ ആ ദിവസം നല്ല ഓര്‍മ്മയുണ്ട്. വീട്ടിലെത്തുമ്പോള്‍ അമ്മയില്ല. കുഞ്ഞോത്തെ റേഷന്‍ കടയില്‍ പോകുമെന്ന് രാവിലെ പറഞ്ഞതുകൊണ്ട് അന്വേഷിക്കാന്‍ നിന്നില്ല. ഏഴോ എട്ടോ കിലോമീറ്റര്‍ ദൂരമുണ്ട് കുഞ്ഞോം എന്ന സ്ഥലത്തേക്ക്. അന്ന് ഞങ്ങളുടെ റേഷന്‍ ഷാപ്പ് അവിടെയായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും നടന്നുപോയാണ് റേഷന്‍ വാങ്ങിക്കുന്നത് എന്ന കാര്യം കൂടി സൂചിപ്പിക്കട്ടെ ! അതുകൊണ്ടു തന്നെ അമ്മയുടെ തിരിച്ചു വരവ് വൈകും ! വിശപ്പ് സഹിക്കാവുന്നതിന്റെ പരിധിയിലേക്ക് എത്തിയിരിക്കുന്നു.  അടുക്കളയില്‍ കയറിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നറിയാം. എന്നാലും അകത്തു കയറി. വെറുതെയൊന്ന് തപ്പി രണ്ടു ക്ലാസ് വെള്ളമെടുത്ത് കുടിച്ച് പുറത്തിറങ്ങി. പറമ്പിലൂടെ വെറുതെ ഓരോന്നിലും കണ്ണുവെട്ടു നടന്നു. ആ നടപ്പ്  വാഴച്ചുണ്ട് , പേരയ്ക്ക ഇത്യാദി സാധനങ്ങളൊക്കെയാണ് ലക്ഷ്യം വെയ്ക്കുക.

 

            അന്ന് ഞങ്ങള്‍‌ക്കൊരു വാറ്റുപുരയുണ്ട്. വയലിന് അടുത്താണ്. രണ്ടു പറമ്പിനപ്പുറത്താണ് വാറ്റുപുര. ആ ഭാഗത്തുള്ളവര്‍  തെരുവപ്പുല്ലു മുറിച്ചുകൊണ്ടു വന്ന് വാറ്റിയെടുക്കാന്‍ ഈ വാറ്റുപുരയാണ് ഉപയോഗിക്കുക. സീസണായാല്‍ എല്ലാ ദിവസവും വാറ്റാന്‍ ആളുണ്ടാകും. ചെമ്പിന് അമ്പതു പൈസയോ  ഒരു രൂപയോ മറ്റോ ആണ് വാടക തരുന്നത്. രാത്രിയിലാണ് കൂടുതലും വാറ്റു നടക്കുക എന്നതിനാല്‍ ഓരോരുത്തരും എത്ര ചെമ്പ് വാറ്റി എന്നതിന് കൃത്യമായ കണക്കൊന്നും കിട്ടാറില്ലെങ്കിലും ചെറുതെങ്കിലും ഒരു തുക ലഭിക്കുന്നുവെന്നതുതന്നെ ആശ്വാസമാണ്. എന്റെ നടപ്പ് ഞാനറിയാതെ തന്നെ വാറ്റുപുരയിലേക്കായി.

 

            വാറ്റുപുരയില്‍ നിന്നും പുക പൊന്തുന്നതു ദുരെ നിന്നു തന്നെ കണ്ടു. ആളുണ്ട് എന്ന കാര്യം ഉറപ്പായി.   ഞാന്‍ ചെല്ലുമ്പോള്‍ .............ച്ചേട്ടന്‍ ചെമ്പിലേക്ക് പുല്ലു തള്ളിക്കൊണ്ടിരിക്കുകയാണ്. എന്നെ കണ്ടപ്പോള്‍ ഒന്നു നിറുത്തി മാനേ... എന്ന് വിളിച്ചു. ഞാന്‍ ഒന്നു ചിരിച്ചു. ഇന്ന് സ്കൂളിപ്പോയില്ലേ എന്ന് ലോഹ്യം ചോദിച്ചു... പോയി വന്നതാണ് എന്ന് ഞാന്‍ മറുപടിയും പറഞ്ഞു. ചേട്ടന്‍ നന്നായി മദ്യപിക്കുന്നയാളാണ്. ഇപ്പോഴും കഴിച്ചിട്ടുണ്ട്. കാരണം നാടന്‍ ചാരായത്തിന്റെ രൂക്ഷമായ ഗന്ധം അവിടെയുണ്ടായിരുന്നു. എന്നാലും നമ്മളോടൊക്കെ എപ്പോഴും സ്നേഹത്തോടെയേ ഇടപെടാറുള്ളു. തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത് അഴിച്ച് കുടഞ്ഞുകൊണ്ട് ചേട്ടന്‍ ചോദിച്ചു.. "നിനക്ക് കപ്പ ചുട്ടതുവേണോ ?" ഞാന്‍ വേണമെന്നോ വേണ്ട എന്നോ പറഞ്ഞില്ല. വിശന്നു വലഞ്ഞിരിക്കുന്ന എന്റെ കാര്യം എനിക്കല്ലേ അറിയൂ.. ചേട്ടനാകട്ടെ ചെമ്പിന്റെ ഒരു വശത്തെ അടുപ്പിന്റെ വിടവില്‍ നിന്നും സാമാന്യം വലിയൊരു കപ്പ വലിച്ചെടുത്തു. വാറ്റുന്നവര്‍ ഇങ്ങനെ കപ്പ ചുട്ട് എടുക്കാറുണ്ട്.  നല്ല ചൂടുണ്ട് ... കൈ പൊള്ളിക്കണ്ട കേട്ടോ എന്ന ഉപദേശത്തോടെ എന്റെ നേരെ നീട്ടി. ഞാന്‍ അടുത്തുകണ്ട പുല്ലിന്റെ ഒരു കെട്ടിലേക്ക് ഇരിക്കുമ്പോള്‍ എന്റെ നിറഞ്ഞ കണ്ണുകള്‍ അയാള്‍ കാണാതിരിക്കുവാന്‍ ഞാന്‍ ശ്രദ്ധിച്ചു. ഇനി അഥവാ കണ്ടാല്‍ കപ്പയുടെ ചൂടില്‍ കൈ പൊള്ളിയതുകൊണ്ട് കണ്ണു നിറഞ്ഞതാണെന്ന് പറയണമെന്നും നിശ്ചയിച്ചു

 

             മകള്‍ വിളിക്കുന്നു. അച്ഛാ.. അച്ഛനെന്താ ഒന്നും മിണ്ടാത്തത് ? അവള്‍ ചോദിക്കുന്നു. മകളേ, അന്നു തിന്ന ആ കപ്പയുടെ രുചിയുണ്ടല്ലോ അതിന്നും എന്നിലുണ്ട്. അതിനുശേഷം ഇതുവരെ അത്രയും രുചിയുള്ള ഒന്നും തന്നെ ഞാന്‍ തിന്നിട്ടില്ല എന്ന് അവളോട് പറയണമെന്ന് കരുതി. എനിക്കും വേണം എന്ന് അവള്‍ പറഞ്ഞാല്‍ എന്തു ചെയ്യും ?  കപ്പ വാങ്ങി ചുട്ടുകൊടുക്കാം. എന്നാലും വിശപ്പു കൂട്ടി തിന്ന ആ കപ്പയുടെ രുചിയെ ഞാന്‍ എങ്ങനെയാണ് അവള്‍ക്ക് അനുഭവിപ്പിക്കുക ? അതുകൊണ്ട് ഇത്ര മാത്രം പറഞ്ഞു. അച്ഛയ്ക്കും മോളെപ്പോലെ തന്നെ അല്‍ ഫാമാണ് ഏറ്റവും ഇഷ്ടം !

 

 

|| #ദിനസരികള് – 125 - 2025 ആഗസ്റ്റ് 11 മനോജ് പട്ടേട്ട് ||

           

 

           

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്